ആലപ്പുഴ: ഓട്ടോമേറ്റഡ് വെഹിക്കിൾ ഫിറ്റ്‌നസ് ടെസ്റ്റിനെതിരെ ഓട്ടോടാക്‌സി ടെമ്പോ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) കളക്ട്രേറ്റ് മാർച്ചിൽ സംഘർഷം. 25പേർക്കെതിരെ സൗത്ത് പൊലീസ് കേസെടുത്തു. ഇ.എം.എസ് സ്‌റ്റേഡിയത്തിൽ നിന്നാരംഭിച്ച പ്രകടനം കളക്ട്രേറ്റിലെ പ്രധാനകവാടത്തിന് മുന്നിൽ പൊലീസ് തടഞ്ഞു. ഇത് അവഗണിച്ച് സുരക്ഷാവലയം ഭേദിച്ച് മുദ്രാവാക്യം വിളികളുമായി കളക്‌ട്രേറ്റ് വളപ്പിലേക്ക് സമരക്കാർ അതിക്രമിച്ച് കടന്നു. ഈസമയം ഡ്യൂട്ടിയിലിരുണ്ടായിരുന്ന പൊലീസുകാർ മുൻ എം.എൽ.എ എച്ച്. സലാം അടക്കമുള്ള നേതാക്കളെ തടയാൻശ്രമിച്ചെങ്കിലും നടന്നില്ല. കളക്ടറുടെ കാർ പാർക്കുചെയ്യുന്ന പ്രധാനകെട്ടിടത്തിന് മുന്നിലെത്തിയതോടെ പൊലീസുമായി നേരിയ ഉന്തും തള്ളുമുണ്ടായി. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് എച്ച്. സലാം മാർച്ച് ഉദ്ഘാടനം ചെയ്തു. ഓട്ടോ ടാക്‌സി യൂണിയൻ ജില്ലവർക്കിംഗ് പ്രസിഡന്റ് ടി.എ. നിസാർ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി പി. ഗാനകുമാർ, യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.എം. ഷെരീഫ്, സി.ടി. വിനോദ് , ജില്ലാ ഭാരവാഹികളായ എസ്. വിനയചന്ദ്രൻ, റജീബ് അലി, ശ്രീകണ്ഠൻ നായർ. ടി എസ്. താഹ, വിശ്വനാഥപിള്ള, സുരേഷ് ബാബു, ശിവപ്രസാദ്, കെ.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |