SignIn
Kerala Kaumudi Online
Friday, 18 September 2026 5.51 AM IST

കെ.എസ്.ഇ.ബിയ്ക്ക് പാരയായി ഡിജിറ്റൽ ടൈമർ സ്വിച്ച്

light

ആലപ്പുഴ:വൈദ്യുതി ക്ഷാമത്തിൽ നട്ടംതിരിയവേ ഓപ്പറേറ്ററുടെ സഹായം കൂടാതെ വഴിവിളക്കുകൾ പ്രകാശിപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ഇലക്ട്രിക്ക് പോസ്റ്റുകളിൽ സ്ഥാപിച്ച ഡിജിറ്റൽ ടൈമർ സ്വിച്ച് കെ.എസ്.ഇ.ബിയ്ക്ക് പാരയായി.

സ്വിച്ചിൽ ടൈം സെറ്റ് ചെയ്യുന്നതിലുണ്ടാകുന്ന അപാകതകളും സാങ്കേതിക പ്രശ്നങ്ങളും കാരണം വിളക്കുകൾ പകലും പ്രകാശിക്കുന്നതാണ് പ്രശ്നം. ആലപ്പുഴ നഗരത്തിലും വിവിധ പഞ്ചായത്ത് പ്രദേശങ്ങളിലുമുൾപ്പെടെ നേരം പുലർന്നാലും തെരുവ് വിളക്കുകൾ പകൽ സമയത്ത് മണിക്കൂറുകളോളം കത്തി നിൽക്കുന്നത് വൻതോതിൽ വൈദ്യുതി പാഴാകാൻ കാരണമാകുന്നു. നാട്ടുകാരോ പഞ്ചായത്തംഗങ്ങളോ അറിയിക്കുമ്പോൾ കെ.എസ്.ഇ.ബി ലൈൻമാൻമാരെത്തിയാണ് പലയിടത്തും ലൈറ്റുകൾ ഓഫ് ചെയ്യുന്നത്.

തെരുവുവിളക്കുകൾ സ്ഥാപിക്കലും പരിപാലനവും തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണെന്നതിനാൽ തകരാർ പരിഹരിക്കാൻ കെ.എസ്.ഇ.ബിയും തെരുവുവിളക്കുപരിപാലനത്തിന് നൽകാനുള്ള കുടിശ്ശിക കാരണം കരാറുകാരും പ്രശ്നത്തിൽ ഇടപെടാൻ കൂട്ടാക്കാത്തതും പ്രശ്നം പരിഹരിക്കുന്നതിന് തടസമായി തുടരുകയാണ്. പല സ്ഥലങ്ങളിലും ഇക്കാര്യത്തിൽ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് ജീവനക്കാരും ജനപ്രതിനിധികളും തമ്മിൽ വാക്കേറ്റവും തർക്കവും രൂക്ഷമാണ്. ആലപ്പുഴ നഗരത്തിൽ എസ്.ഡി.വി സ്കൂളിന് സമീപം കയർ മെഷീൻ ടൂൾ ഫാക്ടറി പരിസരത്തും ദേശീയ പാതയോരത്ത് പറവൂർ, വണ്ടാനം മെഡിക്കൽ കോളേജ് കാമ്പസ്, പുന്നപ്ര, പള്ളിക്കൽ, കറ്റാനം ഭരണിക്കാവ്, വള്ളികുന്നം തുടങ്ങിയ സ്ഥലങ്ങളിലും വഴിവിളക്കുകൾ പകൽ കത്തികിടക്കുന്ന സ്ഥിതി വിശേഷമുണ്ട്.

പകൽ പ്രകാശിക്കും, രാത്രിയിൽ മിഴിപൂട്ടും

 വഴിവിളക്കുകൾ വൈകുന്നേരം 6 മുതൽ രാവിലെ 6 വരെ പ്രകാശിക്കത്തക്ക വിധത്തിലാണ് ടൈം സെറ്റ് ചെയ്യേണ്ടത്

 24 മണിക്കൂർ സമയക്രമമുള്ള ടൈമറിൽ ടൈം സെറ്റ് ചെയ്തതിലുള്ള വ്യത്യാസമാണ് തിരിച്ചടിയാകുന്നത്

 ചിലയിടങ്ങളിൽ രാത്രി 12മണി കഴിഞ്ഞാലുടൻ ഓഫാകുന്ന വിളക്കുകൾ നേരം പുലരുന്നതിന് പിന്നാലെ ഉച്ചയ്ക്ക് 12 വരെ വീണ്ടും പ്രകാശിക്കും

 വൈദ്യുതി ചാർജ് ഇനത്തിൽ വലിയ തുകയാകും തദ്ദേശ സ്ഥാപനങ്ങൾ കെ.എസ്.ഇ.ബിയ്ക്ക് നൽകേണ്ടിവരിക.

പലസ്ഥലങ്ങളിൽ നിന്നായി ഇത്തരം പരാതികളെത്തുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങൾക്കാണ് വഴിവിളക്കുകളുടെ പരിപാലനച്ചുമതല. അറിയിപ്പ് ലഭിച്ചാലുടൻ ഇടപെടാൻ കെ.എസ്.ഇ.ബി ജീവനക്കാർക്കും നിർദേശം നൽകിയിട്ടുണ്ട്. ടൈം സെറ്റ് ചെയ്തതിലെ അപാകത പരിഹരിക്കുകയാണ് പോംവഴി

-ഡെപ്യൂട്ടി ചീഫ് എൻജിനീയർ, കെ.എസ്.ഇ.ബി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL