ആലപ്പുഴ : വൈദ്യുതി ബോർഡിലെ കരാർ തൊഴിലാളിയായ യുവാവ് 11കെ.വി.ലൈനിലെ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ, വൈദ്യുതി പ്രവാഹത്തിന്റെ കാരണം കണ്ടെത്താൻ അങ്കമാലിയിൽ നിന്ന് ട്രാൻസ്ഫോർമർ മെയിന്റനൻസ് ആൻഡ് റിപ്പയർ വിഭാഗം ഉദ്യോഗസ്ഥരെത്തും. മീറ്റർ ഡേറ്റ ശേഖരിച്ചുകൊണ്ടാവും പരിശോധന ആരംഭിക്കുക.സമീപത്തെ ഏതെങ്കിലും സ്ഥാപനത്തിലെ ജനറേറ്ററിൽ നിന്നുള്ള വൈദ്യുതി ലൈനിൽ കയറിവന്നതാകാം അപകടത്തിന് ഇടയാക്കിയതെന്ന വാദം കെ.എസ്.ഇ.ബി ഉന്നയിച്ചിരുന്നെങ്കിലും കരാർ തൊഴിലാളികൾ അത് പൂർണമായി തള്ളി.
ഈ മാസം 14ന് വൈകിട്ട് അഞ്ച് മണിയോടെയാണ് ലീയോ തേർട്ടീന്ത് സ്കൂളിനു സമീപം വൈദ്യുതി തൂൺ മാറ്റി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് എച്ച്.ടി. ലൈനുകൾ കൂട്ടിച്ചേർക്കുന്ന ജോലിക്കിടെ വടക്കനാര്യാട് പറത്തറയിൽ വീട്ടിൽ അജയകുമാറിന്റെ മകൻ വിഷ്ണുകുമാർ (അഭി-35) ഷോക്കേറ്റ് മരിച്ചത്. അവസാന വൈദ്യുതി ലൈൻ കൂട്ടിച്ചേർക്കുന്നതിനിടെ പെട്ടെന്നു വൈദ്യുതി പ്രവഹിക്കുകയായിരുന്നു. വിഷ്ണുവിന് ഒപ്പമുണ്ടായിരുന്ന നൗഫൽ എന്ന ജീവനക്കാരനും ചെറിയ തോതിൽ വൈദ്യുതാഘാതമേറ്റിരുന്നു. കെ.എസ്.ഇ.ബി.ജീവനക്കാർ ബെൽറ്റിൽ കുഴഞ്ഞുകിടന്ന
വിഷ്ണുവിനെ താഴെയിറക്കി സി.പി.ആർ. നൽകി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. സമീപത്തെ ഏതെങ്കിലും സ്ഥാപനത്തിലെ ജനറേറ്ററിൽ നിന്നുള്ള വൈദ്യുതി ലൈനിൽ കയറിവരാൻ സാദ്ധ്യതയില്ലെന്ന് കരാർ തൊഴിലാളികൾ പറയുന്നു.
കളക്ടറേറ്റിന് സമീപമാണ് അപകടമുണ്ടായ ട്രാൻസ്ഫോർമർ. ഇത് ജാഗ്രത കൂടുതലുള്ള പ്രദേശമാണ്. അഞ്ച് മണി കഴിഞ്ഞുള്ള അപകടമായതിനാൽ ഓഫീസുകളിൽ ജനറേറ്റർ പ്രവർത്തിപ്പിക്കാനുള്ള സാദധ്യതയും തൊഴിലാളികൾ തള്ളിക്കളയുന്നു. അഥവാ എവിടെയെങ്കിലും ജനറേറ്റർ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ, വൈദ്യുതി പ്രവാഹമുണ്ടാകില്ലെന്നും ജനറേറ്റർ കേടാവുകമാത്രമാണ് സംഭവിക്കുകയെന്നും തൊഴിലാളികൾ പറയുന്നു. ഏത് തരത്തിലാണ് വൈദ്യുതി പ്രവഹിച്ചതെന്നതിൽ സമഗ്രമായ അന്വേഷണം കെ.എസ്.ഇ.ബി പെറ്റി കോൺട്രാക്ടേഴ്സ് ആൻഡ് കോൺട്രാക്ട് ലൈൻ വർക്കേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു. ഒരു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞുൾപ്പടെ രണ്ട് കുട്ടികളും വൃദ്ധമാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു വിഷ്ണുകുമാർ. കുടുംബത്തിന് മതിയായ നഷ്ടപരിഹാരവും, വിഷ്ണുവിന്റെ ഭാര്യക്ക് ആശ്രിതനിയമനവും നൽകുന്നതിന് സർക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടൽ വേണമെന്നാണ് ആവശ്യം ഉയരുന്നത്.
പരിശോധനയ്ക്ക് വിദഗ്ദ്ധ സംഘം ഉടനെത്തും
അപകടം നടന്ന് രണ്ടാഴ്ച്ച പിന്നിട്ടിട്ടും പ്രാഥമിക അന്വേഷണത്തിന് പുറമേ വിശദമായ അന്വേഷണം നടന്നിട്ടില്ലെന്ന് തൊഴിലാളികൾ
ആലപ്പുഴ ഡിവിഷൻ അധികൃതർ കത്ത് നൽകിയതിന്റെ മുറയ്ക്കാണ് ട്രാൻസ്ഫോർമർ മെയിന്റനൻസ് ആൻഡ് റിപ്പയർ വിഭാഗം പരിശോധനയ്ക്ക് എത്തുക
അന്വേഷണം മന്ദഗതിയിലെന്ന് ആരോപണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ ഇന്നോ നാളെയോ തന്നെ പ്രത്യേക പരിശോധനാ സംഘമെത്തുമെന്നാണ് പ്രതീക്ഷ
ഉദ്യോഗസ്ഥർ ഉത്തരം പറയേണ്ട ചോദ്യങ്ങൾ
ലൈൻ പൂർണമായി ഓഫ് ചെയ്തിട്ടും, എർത്തിംഗ് സംവിധാനങ്ങൾ ക്രമീകരിച്ചിട്ടും വൈദ്യുതി പ്രവഹിച്ചത് എങ്ങനെ
സ്വിച്ച് ഓഫ് ചെയ്തശേഷം തെറ്റിദ്ധാരണ മൂലമോ ആശയവിനിമയത്തിലെ പിഴവുമൂലമോ ലൈൻ ഓണാക്കിയിട്ടുണ്ടോ
അടുത്ത പ്രദേശങ്ങളിൽ എവിടെയെങ്കിലുളം ജനറേറ്റർ പ്രവർത്തിപ്പിച്ചതായി കണ്ടെത്തിയോ
ജനറേറ്റർ പ്രവർത്തിപ്പിച്ചാലും വൈദ്യുതി പ്രവഹിക്കാതിരിക്കാനുള്ള ക്രമീകരണങ്ങൾ ഉണ്ടായിരുന്നില്ലേ
സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചിട്ടും വിഷ്ണുവിന് വൈദ്യുതാഘാതമേറ്റത് എങ്ങനെ എന്നതിൽ വിശദമായ അന്വേഷണം വേണം. വിഷ്ണുവിന്റെ ഭാര്യക്ക് ആശ്രിതനിയമനമടക്കം നൽകി കുടുംബത്തെ സർക്കാർ സംരക്ഷിക്കണം
- എസ്.അനിൽപ്രസാദ്, ജില്ലാ സെക്രട്ടറി, കെ.എസ്.ഇ.ബി പെറ്റി കോൺട്രാക്ടേഴ്സ് ആൻഡ് കോൺട്രാക്ട് ലൈൻ വർക്കേഴ്സ് യൂണിയൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |