SignIn
Kerala Kaumudi Online
Thursday, 29 October 2026 5.44 AM IST

ക്വാറി ഉത്പന്ന വിലക്കിൽ കാലിടറി നിർമ്മാണമേഖല

ആലപ്പുഴ: അയൽസംസ്ഥാനങ്ങളിലേക്ക് ക്വാറി ഉത്പന്നങ്ങൾ കൊണ്ടുപോകുന്നതിനുള്ള നിയന്ത്റണം തമിഴ്‌നാട് സർക്കാർ മൂന്ന് മാസത്തേക്ക് കൂടി നീട്ടിയത് കേരളത്തിലെ നിർമ്മാണമേഖലയ്ക്ക് കനത്ത തിരിച്ചടിയായി. പാറയും മെറ്റലും എം.സാൻഡുമുൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ അതിർത്തി കടന്നെത്താത്ത സാഹചര്യം ദേശീയ പാതയുൾപ്പെടെ റോഡ് നിർമ്മാണത്തെയും കെട്ടിട നിർമ്മാണത്തെയും ബാധിക്കും.

2026 ജൂലായിൽ ഏർപ്പെടുത്തിയ മൂന്നുമാസത്തെ താൽക്കാലിക നിരോധനത്തിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം 2027 ജനുവരി 26 വരെ വിലക്ക് നീട്ടിയത്. കരിങ്കല്ല് മെറ്റൽ ജല്ലി, എം-സാൻഡ്, പി-സാൻഡ്, ഗ്രാവൽ തുടങ്ങിയ നിർമാണ സാമഗ്രികൾ അയൽ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിനാണ് വിലക്ക്. കേരളത്തിൽ പാറമടകൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെ ക്വാറി, ക്രഷർ ഉത്പന്നങ്ങൾക്കായി തമിഴ്‌നാടിനെയാണ് ആശ്രയിച്ചിരുന്നത്.

മാസങ്ങൾക്ക് മുമ്പ് നിശ്ചയിച്ച റേറ്റ് പ്രകാരം എഗ്രിമെന്റ് വച്ച് നിർമ്മാണം ആരംഭിച്ച കരാറുകാരാണ് ഇപ്പോൾ പ്രതിസന്ധിയിലായത്. കരാർ ഉറപ്പിച്ചപ്പോഴുള്ളതിൽനിന്നും ക്വാറി ഉൽപ്പന്നങ്ങളുടെ വില കുതിച്ചുയരുകയും സാധനം കിട്ടാതെ വരികയും ചെയ്തതോടെ പണി പൂർത്തീകരിക്കാനാകാതെ വിഷമിക്കുകയാണ് അവർ. സാധന വിലവർദ്ധനയ്ക്ക് അനുസരിച്ച് റേറ്റ് പരിഷ്കരിച്ചാലേ പിടിച്ചുനിൽക്കാനാകൂവെന്നാണ് കരാറുകാർ പറയുന്നത്. ക്വാറിയ്ക്ക് പുറമേ സിമന്റിന്റെ വിലയിലുണ്ടായ വർദ്ധനയും കരാറുകാരെ ദുരിതത്തിലാക്കി. 330രൂപയായിരുന്ന സിമന്റിന് ഒറ്റയടിക്കാണ് 370 രൂപയായി വില വർദ്ധിപ്പിച്ചത്.

ക്ഷാമവും വിലവർദ്ധനയും

 നിരോധനം കാരണം ക്വാറി ഉൽപന്നങ്ങളുടെ വിലയും ഇരട്ടിയായി. ഒരു ലോഡ് പാറയ്ക്ക് (ടോറസ് )​ 43,​000 രൂപയാണ് ഇപ്പോഴത്തെ നിരക്ക്

 തമിഴ്നാട്ടിൽ നിന്നുൾപ്പെടെ ലോഡെത്താത്തതിനാൽ ഇത്രയും പണം നൽകാൻ തയ്യാറായാൽപ്പോലും സാധനം ലഭിക്കാത്ത സ്ഥിതിയാണ്

 എം.സാൻഡ്,​ പി.സാൻഡ്,​ മെറ്രൽ എന്നിവയ്ക്ക് ക്യുബിക് അടിയ്ക്ക് 10- 20 രൂപവരെ കഴിഞ്ഞ മാസത്തേക്കാൾ വില കൂടിയിട്ടുണ്ട്

 200 ഘനയടിയുടെ ഒരു ലോഡ് ക്വാറി ഉത്പന്നത്തിന് ഒന്നരമാസത്തിനിടെ 2,500 രൂപയാണ് വർദ്ധിച്ചത്

ഇപ്പോഴത്തെ വില

(ക്യുബിക് അടിയ്ക്ക് രൂപയിൽ)

 എം.സാൻഡ്...........85

 പി.സാൻഡ് ...........90-95

 മെറ്റൽ....................70-75

ക്വാറി ഉൽപ്പന്നങ്ങളുടെ ക്ഷാമം നിർമ്മാണമേഖലയെ നിശ്ചലമാക്കി. തുടർച്ചയായ മഴയ്ക്കൊപ്പം പാറ,​ മെറ്റൽ,​ എം സാൻഡ് എന്നിവയുടെ ക്ഷാമവും കാരണം കെട്ടിട നിർമ്മാണം നിലച്ചിരിക്കുകയാണ്. ഗ്രാമീണമേഖലകളിൽ തൊഴിലില്ലായ്മ രൂക്ഷമാക്കാനും സാമ്പത്തിക പ്രതിസന്ധിയ്ക്കും ഇത് കാരണമാകും

- രതീഷ്,​ നിർമ്മാണ തൊഴിലാളി

നിർമ്മാണ തൊഴിലാളികൾക്കൊപ്പം ലോറി ഉടമകളും കുടുംബങ്ങളും പട്ടിണിയിലാണ്. സി.സി അടയ്ക്കാൻ കഴിയാതെ വന്നതോടെ ടിപ്പറുകൾ ഉൾപ്പെടെ ജപ്തി ഭീഷണിയിലാണ്.സർക്കാർ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണം

-രഞ്ജിത്ത് ,​ ടിപ്പർ ലോറി ഉടമ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL