SignIn
Kerala Kaumudi Online
Thursday, 29 October 2026 5.42 AM IST

ദേവശില്പങ്ങളിൽ കാണാം ശിവാനന്ദന്റെ കരവിരുത്

d

എരമല്ലൂർ : ദേവശില്പങ്ങൾ നിർമ്മിച്ച് ശ്രദ്ധേയനാവുകയാണ് എരമല്ലൂർ ശിവാനന്ദൻ. പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്റെ കീഴിൽ ശില്പകലപഠിച്ചിട്ടുള്ള ശിവാനന്ദന്റെ കരവിരുതിൽ തീർക്കപ്പെട്ടിട്ടുള്ള ശില്പങ്ങൾ ആരുടെയും മനംകവരുന്നതാണ്.

കോടംതുരുത്ത് കിഴക്കെ ചമ്മനാട് ദേവീ ക്ഷേത്രത്തിൽ 51അടി ഉയരത്തിൽ നിർമ്മിച്ച മഹിഷാസുരമർദ്ദിനി ശില്പമാണ് അവസാനം പൂർത്തിയാക്കിയത്. ദേശീയപാത 66 ൽ തുറവൂർ- അരൂർ ഉയരപ്പാതയ്ക്കരി​കിൽ ചമ്മനാട് ബസ് സ്റ്റോപ്പിനു സമീപമാണ് വലിയ കാണിക്ക മണ്ഡപത്തോടുകൂടിയുള്ള മഹിഷാസുരമർദ്ദിനീ ശില്പം നിർമ്മിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ ഗണപതി ശില്പവും നവഭാവ ദേവീരൂപശില്പങ്ങളും നിർമ്മിച്ചിട്ടുണ്ട്.

കേരളത്തിലും വിവിധ സംസ്ഥാനങ്ങളിലുമായി നിരവധി ക്ഷേത്രങ്ങളിലെ ശില്പങ്ങളും ഗുരുദേവപ്രതിമകളും ക്രിസ്തീയ ദേവാലയങ്ങളിലെ രൂപങ്ങളും അൾത്താരയും എരമല്ലൂർ ശിവാനന്ദൻ നിർമ്മിച്ചിട്ടുണ്ട്. 45വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട് 66കാരനായ ശിവാനന്ദൻ. നിലയ്ക്കൽ ക്ഷേത്ര കവാടത്തിലെ ശിവരൂപവും നിർമ്മിച്ചത് ഇദ്ദേഹമാണ്. 2011ൽ പടിഞ്ഞാറേ ചമ്മനാട് ഭഗവതി ക്ഷേത്രം മൈതാനത്തോട് ചേർന്ന് പാതയോരത്ത് നിർമ്മിച്ച, രൗദ്രഭാവത്തിൽ വാളും ദാരുകന്റെ ശിരസ്സുമായി നിൽക്കുന്ന ഭദ്രകാളി രൂപവും ശിവാനന്ദന്റെ കഴിവ് വിളിച്ചറിയിക്കുന്നതാണ്. എരമല്ലൂർ തട്ടാംവെളി നികർത്ത് പരേതനായ ദാമോദരൻ ആചാരിയുടെയും, ലക്ഷ്മിക്കുട്ടിയമ്മയുടയും മകനാണ് ശിവാനന്ദൻ. ഭാര്യ:അശ്വനി. മക്കൾ: അഞ്ജന, അജയ്. തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിലെ അദ്ധ്യാപകനായും ശി​വാനന്ദൻ സേവനമനുഷ്ഠി​ച്ചിട്ടുണ്ട്.

അഭിമാനമാണ് ഈ ശില്പങ്ങൾ

ഇടുക്കി വണ്ടൻമേട് ഗണപതി ക്ഷേത്രത്തിനായി നിർമ്മിച്ച കുമളി - പൂഞ്ഞാർ റൂട്ടിൽ ആമയാർ ജംഗ്ഷനിലെ 35അടി ഉയരമുള്ള ഗണപതിശില്പം, മുൻ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ടി. എൻ. ശേഷന്റെ ആഗ്രഹസാഫല്യത്താൽ ചന്തിരൂർ ശ്രീകൃഷ്ണൻ കോവിലിൽ നിർമ്മിച്ചുനൽകിയ ഗരുഢരൂപം, പാണാവള്ളി നാല്പത്തെണ്ണീശ്വരം ക്ഷേത്രത്തിലെ മുഖമണ്ഡപം, തിരുവനന്തപുരം തൊഴുവൻകോട് ദേവീക്ഷേത്രത്തിലെ ചാമുണ്ഡിദേവി ശില്പങ്ങൾ, പമ്പയിലെ പുലിവാഹന അയ്യപ്പശില്പം, ബംഗളൂരുവി​ൽ ശ്രീശ്രീ രവിശങ്കറി​ന്റെ ആസ്ഥാനത്തെ ശ്രീബുദ്ധൻ, ശങ്കരാചാര്യർ, തിരുവനന്തപുരം ബാലരാമപുരം ബി. എഡ് കോളേജിന്​ മുന്നിലെ മുൻ മുഖ്യമന്ത്രി പട്ടം താണുപിള്ളയുടെ ശില്പം എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL