ആലപ്പുഴ: ബസ് ഉടമകളുടെ സംസ്ഥാന കോ ഓർഡിനേഷൻ കമ്മറ്റി തീരുമാനപ്രകാരം നവംബർ 3മുതൽ പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിതകാല സ്വകാര്യബസ് പണിമുടക്കിൽ പങ്കെടുക്കാൻ കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ (കെ.ബി.ടി.എ) ജില്ലാ കമ്മറ്റിയുടെ അടിയന്തരയോഗം തീരുമാനിച്ചു. പ്രിയദർശിനി യാത്ര ആരംഭിച്ചതുമുതൽ സ്വകാര്യ ബസുകൾ നഷ്ടത്തിലാണെന്നും ഇക്കാര്യം സർക്കാരിന് അറിയാമെങ്കിലും വകുപ്പ് മന്ത്രി അജ്ഞത നടിച്ച് ചർച്ചയ്ക്കും പ്രശ്ന പരിഹാരത്തിനും തയാറാകാതെ ഒഴിഞ്ഞുമാറുകയാണെന്നും യോഗം കുറ്റപ്പെടുത്തി. വിദ്യാർത്ഥികളുടെ സൗജന്യ യാത്രാനിരക്ക് കാലോചിതമായി പരിഷ്ക്കരിക്കുക, ഡീസലിന് നികുതി കുറവോ സബ്സിഡിയോ അനുവദിക്കുക, പ്രിയദർശിനി യാത്ര സ്വകാര്യ ബസുകളിലും പ്രാവർത്തികമാക്കുന്നതിന് സർക്കാർ തയാറാകുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി.ജെ.കുര്യൻ അദ്ധ്യക്ഷനായി. സെക്രട്ടറി എസ്.എം.നാസർ, എൻ.സലിം, ടി.പി.ഷാജിലാൽ, സനീർ ഫിർദോസ്, ബിജു ദേവിക, റിനു സഞ്ചാരി, സനൽ സലിം, മുഹമ്മദ് ഷെരീഫ്, ശ്യാം കുമാർ, സിയാദ് കല്പക എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |