SignIn
Kerala Kaumudi Online
Sunday, 01 November 2026 5.58 AM IST

മാതൃഭാഷയ്ക്കായി മാങ്കുളം കുടുംബത്തിന്റെ 'മലയാള മാധുരി'

pgm

ആലപ്പുഴ: മുപ്പത് വർഷമായി മലയാള ഭാഷയുടെയും കവിതകളുടെയും മാധുര്യവും മഹത്വവും ജനങ്ങളിലേക്ക് എത്തിക്കുകയാണ് കായംകുളം കണ്ടല്ലൂർ മാങ്കുളത്ത് ജി.കേശവൻ നമ്പൂതിരിയും കുടുംബവും. , മലയാളികളുടെ മനസിൽ നിന്ന് മാതൃഭാഷ കുടിയിറങ്ങിപ്പോകരുതെന്ന ചിന്തയിലാണ് റിട്ട മലയാളം അദ്ധ്യാപകനായ കേശവൻ നമ്പൂതിരി 'മലയാള മാധുരി'യെന്ന ഭാഷാപ്രചാരണത്തിന് തുടക്കമിട്ടത്.

ആദ്യം സ്കൂൾ കേന്ദ്രീകരിച്ചായിരുന്നു ശില്പശാലകൾ. വിവാഹശേഷം സംഗീതാദ്ധ്യാപികയായ ഭാര്യ എ.കെ.ശ്രീകുമാരിയെയും, പിന്നീട് മകൻ ഹരിഗോവിന്ദിനെയും ഒപ്പം കൂട്ടിയതോടെ വിദ്യാലയങ്ങൾക്ക് പുറമേ പൊതുവേദികളിലും സംഗീത,സാഹിത്യ,വിജ്ഞാന നർമ്മങ്ങൾ കോർത്തിണക്കി മൂന്ന് മണിക്കൂർ നീളുന്ന ശിൽപ്പശാലയായി 'മലയാള മാധുരി'യെ വളർത്തി. കേരളം ഇന്ന് എഴുപതിലെത്തുമ്പോൾ 'മലയാള മാധുരി' 1016ാം വേദിയിൽ അവതരിപ്പിക്കപ്പെടും. കായംകുളം പുല്ലുകുളങ്ങര ജനത വായനശാലയിലാണ് പരിപാടി.

ചേപ്പാട് രാമപുരം ഗവ.സ്കൂളിൽ നിന്ന് വിരമിച്ച കേശവൻ നമ്പൂതിരിക്ക് 2014ൽ മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന സർക്കാർ പുരസ്ക്കാരം, 2015ൽ ഗ്ലോബൽ ടീച്ചർ പുരസ്ക്കാരം, 2016ൽ ശിഷകരത്ന ബഹുമതി എന്നിവ ലഭിച്ചിട്ടുണ്ട്. കവിതയും ഉപന്യാസങ്ങളുമായി ഏഴ് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഭാര്യ ശ്രീകുമാരി 'ഹരിമുരളി' എന്ന സംഗീതവിദ്യാലയം നടത്തുന്നുണ്ട്. മകൻ ഹരിഗോവിന്ദ് ചെട്ടികുളങ്ങര ഗവ ഹൈസ്കൂൾ അദ്ധ്യാപകനാണ്.

മലയാള മാധുരി

മലയാള സാഹിത്യത്തിലെ ആദ്യകാല കാവ്യപ്രസ്ഥാനങ്ങളിലൊന്നായ പാട്ടുപ്രസ്ഥാനത്തിന്റെ ചരിത്രം, സവിശേഷതകൾ, പ്രധാന കവികൾ, കൃതികൾ എന്നിവയിൽ തുടങ്ങി ആധുനിക കവിത്രയങ്ങളിൽ എത്തിനിൽക്കുന്നതാണ് അവതരണം. കൃഷ്ണഗാഥയും, മലയാള സിനിമകളിലെ താരാട്ടുപാട്ടുകളും, നാടൻപാട്ടുകളും, മാപ്പിളപ്പാട്ടുകളും, ഭക്തിഗാനങ്ങളുമെല്ലാം അരങ്ങിൽ അവതരിപ്പിക്കപ്പെടും. പാട്ടും സംഭാഷണങ്ങളും ഇടകലർത്തി ഈരടി, പാരഡി, കോമഡി എന്നീ തലത്തിലാണ് അവതരണശൈലി. തബല, കീബോർഡ്, പുല്ലാങ്കുഴൽ, ഹാർമോണിയം എന്നിവയുമുണ്ടാകും. കേശവൻ നമ്പൂതിരി പഠിച്ച പുതിയവിള ഗവ എൽ.പി.എസിൽ മുപ്പത് വർഷം മുമ്പ് കേരളപ്പിറവി ദിനത്തിലാണ് കുടുംബം മലയാള മാധുരിക്ക് തുടക്കം കുറിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL