ആലപ്പുഴ : കേരളം രൂപീകൃതമായി 70വർഷം പിന്നിടുമ്പോൾ സംസ്ഥാനത്തിന്റെ ചരിത്രത്തിലും സാമൂഹ്യ മുന്നേറ്റങ്ങളിലും നിർണായകമായ പങ്ക് വഹിച്ചതിന്റെ അഭിമാനത്തിലാണ് ആലപ്പുഴ. കേരളം പിറന്ന് ഒൻപതര മാസങ്ങൾക്ക് ശേഷമായിരുന്നു ആലപ്പുഴ ജില്ല രൂപീകരിച്ചത്. തൊഴിലാളിസമരങ്ങൾക്കും കർഷക മുന്നേറ്റങ്ങൾക്കും സാമൂഹ്യപരിഷ്കരണങ്ങൾക്കും രാഷ്ട്രീയ പോരാട്ടങ്ങൾക്കും സാക്ഷിയായ ആലപ്പുഴ, കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടെ വലിയ മാറ്റങ്ങൾക്കാണ് വിധേയമായത്. ഈ ചരിത്രം നേട്ടങ്ങളുടെ മാത്രം കണക്കെടുപ്പല്ല. ഒരുകാലത്ത് കേരളത്തിന്റെ വ്യവസായ ഭൂപടത്തിൽ തലയുയർത്തിനിന്ന കയർമേഖലയുടെ തളർച്ചയും തുറമുഖത്തിന്റെ പ്രതാപം നഷ്ടപ്പെട്ടതും കുട്ടനാടിന്റെ കാർഷിക പ്രതിസന്ധികളും തീരദേശത്തിന്റെ പാരിസ്ഥിതികപ്രശ്നങ്ങളും വികസനത്തിന്റെ അസന്തുലിതാവസ്ഥയും ഈ യാത്രയിലെ നൊമ്പരങ്ങളാണ്. ഒരുകാലത്ത് കേരളത്തിന്റെ വ്യവസായ തലസ്ഥാനങ്ങളിലൊന്നായി അറിയപ്പെട്ട ആലപ്പുഴ ഇന്ന് പുതിയ വികസനമാതൃകകൾ തേടുകയാണ്. കേരളപ്പിറവിക്കുശേഷം അധികം വൈകാതെ, 1957 ആഗസ്റ്റ് 17നാണ് കോട്ടയം, കൊല്ലം ജില്ലകളുടെ ഭാഗങ്ങൾ കൂട്ടിച്ചേർത്ത് ആലപ്പുഴ ജില്ല രൂപീകൃതമായത്.
തിരുവിതാംകൂറിന്റെ വ്യാപാരചരിത്രത്തിൽ നേരത്തേ തന്നെ ശ്രദ്ധേയമായ സ്ഥാനമുണ്ടായിരുന്ന ആലപ്പുഴ നഗരത്തിന് ആധുനികരൂപം നൽകിയത് ദിവാൻ രാജാ കേശവദാസാണ്. റോഡുകളും കനാലുകളും പാലങ്ങളും ഗോഡൗണുകളും തുറമുഖ സൗകര്യങ്ങളും വികസിപ്പിച്ച് അദ്ദേഹം ആലപ്പുഴയെ പ വ്യാപാരകേന്ദ്രമാക്കി മാറ്റി. കിഴക്കിന്റെ വെനീസ് എന്ന വിശേഷണം ലഭിച്ച നഗരം ജലഗതാഗതത്തിന്റെയും കയർവ്യാപാരത്തിന്റെയും പ്രധാന കേന്ദ്രമായി വളർന്നു. 1859ൽ ആലപ്പുഴയിൽ സ്ഥാപിതമായ ആധുനിക കയർ ഫാക്ടറി തിരുവിതാംകൂറിന്റെ വ്യവസായ ചരിത്രത്തിലെ സുപ്രധാന അദ്ധ്യായമായിരുന്നു.
കയറിന്റെ പ്രതാപവും തകർച്ചയും
ഒരു കാലത്ത് ആലപ്പുഴയിൽ ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനമാർഗമായിരുന്നു കയർ മേഖല. തൊണ്ടിൽനിന്ന് ചകിരി വേർതിരിക്കുന്ന ജോലിമുതൽ കയർ പിരിക്കലും നെയ്ത്തും മാറ്റ്, മാറ്റിംഗ്, കയർ ഉൽപ്പന്നങ്ങളുടെ നിർമാണവും വരെ വലിയൊരു തൊഴിൽശൃംഖല വ്യവസായത്തെ ആശ്രയിച്ചു നിലനിന്നു. ആലപ്പുഴയിൽനിന്നുള്ള കയർ ഉൽപ്പന്നങ്ങൾക്ക് വിദേശവിപണിയിലടക്കം വലിയ ആവശ്യക്കാരുമുണ്ടായിരുന്നു. യൂറോപ്യൻ വ്യാപാരികളും വിദേശ കമ്പനികളും ആലപ്പുഴയിൽ ഫാക്ടറികൾ സ്ഥാപിച്ചു. കയർ ഫാക്ടറികളുടെ വളർച്ചയോടെ തൊഴിലാളികളുടെ എണ്ണം വർദ്ധിച്ചു. സ്ത്രീകൾക്ക് വലിയ തോതിൽ തൊഴിൽ ലഭിച്ചു.
സ്വാതന്ത്ര്യാനന്തരം വിദേശ സംരംഭകർ പിന്മാറിയതും വലിയ ഫാക്ടറികൾ അടച്ചുപൂട്ടിയതും വ്യവസായത്തിന്റെ ഘടനയിൽ മാറ്റമുണ്ടാക്കി. പിന്നീട് സഹകരണ സംഘങ്ങളും ചെറുകിട യൂണിറ്റുകളും രംഗത്തെത്തി. വലിയ ഫാക്ടറികൾക്കു പകരം ചെറുകിട ഉൽപ്പാദന യൂണിറ്റുകൾ വ്യാപകമായി. കയർ മേഖലയെ കേവലം ഒരു പരമ്പരാഗത തൊഴിൽ എന്ന നിലയിലല്ല, ആലപ്പുഴയുടെ പൈതൃകവും സാമ്പത്തിക അടിത്തറയുമായി കണ്ട് സംരക്ഷിക്കേണ്ടതുണ്ട്.
തൊഴിലാളി പ്രസ്ഥാനങ്ങളും രാഷ്ട്രീയ മുന്നേറ്റങ്ങളും
സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ ശക്തമായ തൊഴിലാളി സംഘടനാ പ്രവർത്തനങ്ങൾക്കു വേദിയായ നാടാണിത്. കയർ തൊഴിലാളികളും കർഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും നടത്തിയ പോരാട്ടങ്ങൾക്ക് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽതന്നെ നിർണായക സ്ഥാനമുണ്ട്. 1946ലെ പുന്നപ്ര–വയലാർ സമരം കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട അദ്ധ്യായങ്ങളിലൊന്നാണ്. 1938ൽ ആലപ്പുഴയിൽ നടന്ന കേരളത്തിലെ ആദ്യ രാഷ്ട്രീയ പണിമുടക്കും ചരിത്രത്തിൽ ശ്രദ്ധേയമാണ്. 1922ൽ രൂപംകൊണ്ട തിരുവിതാംകൂർ ലേബർ അസോസിയേഷനും കയർ തൊഴിലാളികളുടെ സംഘടിത മുന്നേറ്റവും തൊഴിലാളികളുടെ അവകാശബോധം വളർത്തുന്നതിൽ നിർണായകമായി.
തുറമുഖനഗരം
ദിവാൻ രാജാ കേശവദാസിന്റെ കാലത്ത് വികസിപ്പിച്ച തുറമുഖം തിരുവിതാംകൂറിന്റെ പ്രധാന വ്യാപാരകേന്ദ്രങ്ങളിലൊന്നായി മാറി. കയർ ഉൽപ്പന്നങ്ങൾ, കുരുമുളക്, ഇഞ്ചി, മഞ്ഞൾ, നാളികേരം തുടങ്ങിയവയുടെ വ്യാപാരം ഇവിടെ സജീവമായിരുന്നു. കടൽപ്പാലവും ഗോഡൗണുകളും കനാലുകളുമെല്ലാം വ്യാപാരത്തിന്റെ വളർച്ചയ്ക്ക് സഹായകമായി. എന്നാൽ കൊച്ചി തുറമുഖത്തിന്റെ വളർച്ചയും റോഡ്-റെയിൽ ഗതാഗതത്തിന്റെ വ്യാപനവും ആലപ്പുഴ തുറമുഖത്തിന്റെ പ്രാധാന്യം കുറച്ചു. ചരക്കുനീക്കത്തിന്റെ സ്വഭാവം മാറിയതോടെ പഴയ വ്യാപാരകേന്ദ്രത്തിന്റെ സജീവത നഷ്ടപ്പെട്ടു. തുറമുഖത്തെ ആശ്രയിച്ചിരുന്ന വ്യാപാര സ്ഥാപനങ്ങൾക്കും അനുബന്ധ തൊഴിലുകൾക്കും തിരിച്ചടിയുണ്ടായി. പഴയ കടൽപ്പാലവും തുറമുഖ പരിസരവും നഗരത്തിന്റെ ചരിത്രസ്മാരകങ്ങളായി സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
കുട്ടനാടെന്ന നെല്ലറ
സമുദ്രനിരപ്പിനേക്കാൾ താഴെ നെൽകൃഷി ചെയ്യുന്ന ലോകത്തിലെ അപൂർവ പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. പമ്പ,അച്ചൻകോവിൽ, മണിമല, മീനച്ചിൽ തുടങ്ങിയ നദികളുടെ നീരൊഴുക്കും വേമ്പനാട്ടുകായലിന്റെ സാന്നിദ്ധ്യവും ചേർന്നാണ് പ്രദേശത്തിന്റെ കാർഷികജീവിതം രൂപപ്പെട്ടത്. വെള്ളപ്പൊക്കത്തെ അതിജീവിച്ച് കൃഷി ചെയ്യുന്നതിനായി തലമുറകളുടെ അധ്വാനത്തിലൂടെ ബണ്ടുകളും പുറംബണ്ടുകളും പാടശേഖരങ്ങളും രൂപപ്പെടുത്തി. കാർഷിക മേഖലയിൽ യന്ത്രവൽക്കരണം വന്നതോടെ കൃഷിരീതികളിലും മാറ്റമുണ്ടായി. കുട്ടനാടിന്റെ ഏറ്റവും വലിയ വെല്ലുവിളി വെള്ളപ്പൊക്കവും ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റവുമാണ്. പ്രളയങ്ങൾ കുട്ടനാടിന്റെ കാർഷിക-സാമൂഹിക ജീവിതത്തിന് കനത്ത ആഘാതമേൽപ്പിച്ചു. കുട്ടനാട് പാക്കേജ് ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ പ്രതിസന്ധി പരിഹരിക്കാൻ ശ്രമങ്ങളുണ്ടായെങ്കിലും ദീർഘകാലാടിസ്ഥാനത്തിലുള്ള ശാസ്ത്രീയ പരിഹാരങ്ങൾ ഇനിയും ആവശ്യമാണ്.
തീരദേശ ജീവിതം
82 കിലോമീറ്റർ നീളമുള്ള കടൽത്തീരവും വേമ്പനാട്ടുകായൽ, കായംകുളം കായൽ തുടങ്ങിയ ജലസമ്പത്തുകളും ആലപ്പുഴയുടെ മത്സ്യബന്ധനമേഖലയ്ക്ക് വലിയ സാധ്യതകളാണ് നൽകുന്നത്. കടൽമത്സ്യബന്ധനവും ഉൾനാടൻ മത്സ്യബന്ധനവും മത്സ്യകൃഷിയും അനുബന്ധ വ്യാപാരങ്ങളും ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനമാർഗമാണ്.
ടൂറിസം മുന്നേറ്റം
കയർ വ്യവസായത്തിന്റെയും തുറമുഖത്തിന്റെയും പ്രതാപം കുറഞ്ഞപ്പോൾ ആലപ്പുഴയുടെ സാമ്പത്തിക ഭൂപടത്തിൽ പുതിയ സാദ്ധ്യതയായി ഉയർന്നുവന്നത് വിനോദസഞ്ചാര മേഖലയാണ്. കായലുകളും കനാലുകളും നെൽപ്പാടങ്ങളും കടൽത്തീരങ്ങളും പൈതൃകകെട്ടിടങ്ങളും ആലപ്പുഴയെ ലോക വിനോദസഞ്ചാര ഭൂപടത്തിൽ ശ്രദ്ധേയമാക്കി. വേമ്പനാട്ടുകായലിലെ ഹൗസ്ബോട്ട് യാത്രകൾ പ്രധാന ആകർഷണമായി . കൈനകരി, കുമരകം ഭാഗങ്ങളിലേക്കുള്ള കായൽ യാത്രകളും കുട്ടനാടൻ ഗ്രാമീണ ജീവിതവും വിദേശവിനോദസഞ്ചാരികളെ ഉൾപ്പെടെ ആകർഷിച്ചു. ഹോംസ്റ്റേകൾ, റിസോർട്ടുകൾ, ഹോട്ടലുകൾ, ബോട്ട് സർവീസുകൾ, ടൂറിസ്റ്റ് ഗൈഡുകൾ, ചെറുകിട വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവയിലൂടെ നിരവധി പേർക്ക് തൊഴിൽ ലഭിച്ചു. ആലപ്പുഴ ബീച്ച്, മാരാരി ബീച്ച്, പാതിരാമണൽ, പുന്നമടക്കായൽ, വേമ്പനാട്ടുകായൽ, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കൃഷ്ണപുരം കൊട്ടാരം തുടങ്ങിയവ വിനോദസഞ്ചാര ഭൂപടത്തിലെ പ്രധാന കേന്ദ്രങ്ങളാണ്. നെഹ്റു ട്രോഫി വള്ളംകളി ആലപ്പുഴയുടെ സാംസ്കാരിക അടയാളം മാത്രമല്ല, അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന വിനോദസഞ്ചാര ആകർഷണം കൂടിയാണ്.
സാംസ്ക്കാരിക പെരുമ
ആലപ്പുഴയുടെ സാംസ്കാരിക ചരിത്രം അതിന്റെ ഭൂപ്രകൃതിയെയും തൊഴിൽജീവിതത്തെയും വിശ്വാസങ്ങളെയും ഉത്സവങ്ങളെയും ചേർത്തുവച്ചതാണ്. അമ്പലപ്പുഴ പാൽപ്പായസം, അമ്പലപ്പുഴ ക്ഷേത്രത്തിലെ ഉത്സവങ്ങൾ, ചെട്ടികുളങ്ങര ഭരണി, മണ്ണാറശാല ആയില്യം, ചേർത്തല-അർത്തുങ്കൽ തീരദേശങ്ങളിലെ പെരുന്നാളുകൾ, വിവിധ ക്ഷേത്രങ്ങളിലെയും പള്ളികളിലെയും ആഘോഷങ്ങൾ എന്നിവ നാടിന്റെ സാംസ്കാരിക വൈവിദ്ധ്യത്തിന്റെ ഭാഗമാണ്. വള്ളംകളി ആലപ്പുഴയുടെ ഏറ്റവും വലിയ പ്രതീകങ്ങളിലൊന്നാണ്.
കനാലുകളിൽനിന്ന് ദേശീയപാതകളിലേക്ക്
ആലപ്പുഴയുടെ ആദ്യകാല വളർച്ചയ്ക്ക് ജലഗതാഗതമായിരുന്നു പ്രധാന അടിത്തറ. ചരക്കുനീക്കത്തിനും യാത്രയ്ക്കും കനാലുകളും കായലുകളും ഉപയോഗിച്ചിരുന്നു. കനാലുകളെ കേന്ദ്രീകരിച്ചായിരുന്നു പഴയ ആലപ്പുഴ നഗരത്തിന്റെ വ്യാപാരവും ജീവിതവും.
പിന്നീട് റോഡ് ഗതാഗതം വികസിച്ചു. ദേശീയപാത 66, എം.സി. റോഡ്, തീരദേശ റോഡുകൾ, ഗ്രാമീണ റോഡുകൾ എന്നിവയിലൂടെ ജില്ലയുടെ വിവിധ ഭാഗങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടു. ആലപ്പുഴ-കായംകുളം-കൊല്ലം, ആലപ്പുഴ-എറണാകുളം റെയിൽ ബന്ധങ്ങളും യാത്രാസൗകര്യങ്ങളിൽ മാറ്റമുണ്ടാക്കി. റെയിൽവേയുടെ വ്യാപനം തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകൾക്ക് സഹായകമായി. എന്നാൽ വികസനത്തിന്റെ ഈ ഘട്ടത്തിലും ആലപ്പുഴ നഗരം ഉൾപ്പെടെ പല പ്രദേശങ്ങളും ഗതാഗതക്കുരുക്കും പാർക്കിംഗ് പ്രശ്നങ്ങളും നേരിടുന്നു. പഴയ കനാലുകൾ പലതും മാലിന്യം നിറഞ്ഞ് നീരൊഴുക്ക് നഷ്ടപ്പെട്ട നിലയിലാണ്. മഴക്കാലത്ത് വെള്ളക്കെട്ട് നഗരജീവിതത്തെ ബാധിക്കുന്നു. റോഡുകളുടെ വികസനത്തോടൊപ്പം കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും സുരക്ഷിതമായ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്.
ജില്ലയുടെ ഏകദേശം 13 ശതമാനം പ്രദേശവും ജലാശയങ്ങളാൽ സമ്പന്നമാണ്
ഉയർന്ന പ്രദേശങ്ങളോ വനമേഖലയോ ഇല്ലാത്ത കേരളത്തിലെ ഏക ജില്ലയെന്ന പ്രത്യേകതയും ആലപ്പുഴയ്ക്കുണ്ട്
1957ൽ ആലപ്പി എന്ന പേരിൽ രൂപീകരിച്ച ജില്ല 1990ലാണ് ആലപ്പുഴ ആയത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |