SignIn
Kerala Kaumudi Online
Thursday, 17 September 2026 2.30 PM IST

അങ്കണവാടി ചുമരുകൾ നിറയെ ഉത്സവചിത്രങ്ങൾ

abhijith-1

മാന്നാർ : ആനയും സിംഹവും ജിറാഫുമൊക്കെ കീഴടക്കിയ ചുവരുകളിൽ നിന്ന് വ്യത്യസ്തമാവുകയാണ് ചെന്നിത്തല - തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് 17-ാംവാർഡിൽ പുതുതായി നിർമ്മിച്ച 79-ാംനമ്പർ അങ്കണവാടിയുടെ ചുവരുകൾ. ഓണാട്ടുകരയുടെ ഉതസവങ്ങളും കെട്ടുകാഴ്ചകളും ഓണം, റംസാൻ, ക്രിസ്മസ് ആഘോഷങ്ങളും സ്വാതന്ത്ര്യദിനവും ഗാന്ധിജയന്തിയുമെല്ലാം ഇവിടെ ചുവരുകളിൽ നിറഞ്ഞു. ചെന്നിത്തല കാരാഴ്മ സ്വദേശി വിശ്വജിത്ത് കെ.ആർ എന്ന കലാകാരനാണ് ഈ ചിത്രങ്ങൾക്ക് പിന്നിൽ.

അങ്കണവാടിയുടെ ചുവരുകളെ മനോഹരമാക്കിയ ചിത്രങ്ങൾ നേരിൽ കാണാനും കാമറയിൽ പകർത്താനും നിത്യവും നിരവധിയാളുകളാണ് ഇവിടെ എത്തുന്നത്. വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടിക്ക് വേണ്ടി കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി നിർമ്മിച്ച കെട്ടിടം 2020 നവംബറിൽ ഉദ്ഘാടനം ചെയ്തെങ്കിലും വൈദ്യുതി,ജലം,ശൗചാലയം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ പ്രവർത്തനം തുടങ്ങിയിരുന്നില്ല.

പുതിയ പഞ്ചായത്ത് ഭരണസമിതി വന്നതോടെ വാർഡ് മെമ്പർ അഭിലാഷ് തൂമ്പിനാത്തിന്റെ ശ്രമഫലമായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ടൈൽപാകി കെട്ടിടം മോടിപിടിപ്പിച്ചു. കുട്ടികളെ ആകർഷിക്കുന്നതിനായി അങ്കണവാടിയുടെ ചുമരുകൾ മനോഹരമാക്കുവാൻ ചിത്രകാരനെ തേടിയുള്ള അന്വേഷണമാണ് രാജാരവിവർമ്മ കോളേജ് ഒഫ് ഫൈൻ ആർട്ട്സിൽ നിന്ന് ചിത്രകലയിൽ ബിരുദവും, രാജാരവിവർമ്മ സെന്റർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സിൽ ബിരുദാനന്തര ബിരുദവും നേടിയ ചെന്നിത്തല കാരാഴ്മ സ്വദേശി വിശ്വജിത്തിൽ എത്തിച്ചേർന്നത്.

കേരളീയ ചുവർചിത്ര ശൈലി

കാരാഴ്മപടിഞ്ഞാറു കൊച്ചുകുഴിവേലിൽ രവികുമാറിന്റെയും വിജയലക്ഷ്മിയുടെയും രണ്ടുആണ്മക്കളിൽ മൂത്തമകനായ വിശ്വജിത്ത് കേരളത്തിനകത്തും പുറത്തുമായി നിരവധി ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പും വിശ്വജിത്തിന്‌ ലഭിച്ചിട്ടുണ്ട്. അക്രിലിക് കളർ ഉപയോഗിച്ചാണ് ചുവർചിത്രങ്ങൾ വരച്ചിരിക്കുന്നത്. പരമ്പരാഗതമായ കേരളീയ ചുവർചിത്ര ശൈലി പുതതലമുറയ്ക്ക് പകർന്നുനൽകുന്നതിന്റെഭാഗമായാണ് അങ്കണവാടികളുടെ ചുവരുകളിൽ സാധാരണ കണ്ടുവരാറുള്ള കാർട്ടൂൺ ശൈലിയിൽനിന്ന് വിഭിന്നമായി കേരളീയ കലാപാരമ്പര്യം വിളിച്ചോതുന്ന ചുവർചിത്രകലാശൈലി തിരഞ്ഞെടുത്തതെന്ന് വിശ്വജിത്ത് പറയുന്നു.

അടുത്ത സാമ്പത്തികവർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികളുടെ മാനസിക ഉല്ലാസത്തിനും വിനോദത്തിനുമായി അങ്കണവാടിയോട് ചേർന്ന് കുട്ടികളുടെപാർക്ക് ഒരുക്കാനുള്ള പദ്ധതിയും ആലോചനയിലുണ്ട്

- അഭിലാഷ് തൂമ്പിനാത്ത്, ഗ്രാമപഞ്ചായത്തംഗം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL