വിപണി കിട്ടാതെ അരോളി കോട്ടം, കല്ലൂരി, ഇരിണാവ് കച്ചേരിത്തറ എന്നിവിടങ്ങളിലെ ചെണ്ടുമല്ലിപ്പൂക്കൾ
പാപ്പിനിശ്ശേരി: ഓണവിപണി ലക്ഷ്യമിട്ട് മാസങ്ങളോളം വിയർപ്പൊഴുക്കി നോക്കി നടത്തിയ ചെണ്ടുമല്ലി തോട്ടം സങ്കടക്കാഴ്ചയാകുന്നു. പാപ്പിനിശ്ശേരി അരോളി പറമ്പിലെ കോട്ടത്തിനടുത്തും കല്ലൂരിയിലും ഇരിണാവിലെ കച്ചേരി തറക്ക് സമീപത്തുമാണ് ഈ കാഴ്ച. ജില്ലാ പഞ്ചായത്തിന്റെ ഓണത്തിന് ഒരു കൊട്ടപ്പൂവ് പദ്ധതി പ്രകാരം കൃഷി ചെയ്ത കർഷകരുടെ അദ്ധ്വാനമാണ് വെറുതെയായത്.
കനത്ത മഴയെ തുടർന്നാണ് ഓണനാളുകളിൽ ഇവ പൂക്കാതിരുന്നത്. ഇപ്പോൾ നിറയെ പൂക്കളുണ്ടെങ്കിലും വാങ്ങാൻ ആളില്ല. ഓണക്കാലത്ത് വിപണിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ ജെ.എൽ.ജി ഗ്രൂപ്പുകൾ ചെടികളെ പരിപാലിച്ചു പോന്നത്. നല്ലൊരു തുക പ്രതീക്ഷിച്ചായിരുന്നു ഇവർ കൃഷിയിറക്കിയത്.ഇപ്പോൾ തോട്ടമൊന്നാകെ ഓറഞ്ചും മഞ്ഞയും നിറത്തിൽ പൂത്തുലഞ്ഞുനിൽക്കുമ്പോഴും കനത്ത സാമ്പത്തിക നഷ്ടത്തിന്റെ നടുവിലാണ് കൃഷിയിറക്കിയവർ. വൈകുന്നേരങ്ങളിൽ കുടുംബത്തോടൊപ്പം എത്തുന്നവർ ചെണ്ടുമല്ലി ചെടികൾക്കിടയിൽ നിന്ന് ചിത്രങ്ങൾ പകർത്തുന്ന കാഴ്ച മാത്രമാണ് ഇവർക്ക് സന്തോഷം പകരുന്നത്. തങ്ങൾക്ക് നേരിട്ട നഷ്ടം കൃഷി വകുപ്പോ സർക്കാരോ ഇടപെട്ട് നികത്തണമെന്നാണ് കൃഷിക്കാർ ആവശ്യപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |