SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.17 AM IST

പെട്ടി തുറക്കാൻ ഒരാഴ്‌ച്ച: വിജയ പാര‌ഡികൾ റെഡി

parady

കൊച്ചി: വോട്ടെണ്ണാൻ ഒരാഴ്ച ബാക്കിനിൽക്കെ ആഹ്‌ളാദപ്രകടനം കൊഴുപ്പിക്കാൻ എൽ.ഡി.എഫിനും യു.ഡി.എഫിനുമായി വിജയഗാനങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. വിജയം പ്രതീക്ഷിക്കുന്ന സ്ഥാനാർത്ഥികൾ സ്വന്തം നിലയിലും പാട്ടുകൾ തയ്യാറാക്കുന്നുണ്ട്.

തുടർഭരണം പ്രതീക്ഷിക്കുന്ന എൽ.ഡി.എഫിനും തിരിച്ചുവരവ് കൊതിക്കുന്ന യു.ഡി.എഫിനും ഓരോ ഗാനങ്ങൾ വീതം കാക്കനാട്ടെ സ്റ്റുഡിയോയിൽ റെക്കാർഡ് ചെയ്തു. പാരഡി രംഗത്ത് കാൽനൂറ്റാണ്ടായി പ്രവർത്തിക്കുന്ന അബ്ദുൾ ഖാദർ കാക്കനാടാണ് ഗാനങ്ങൾ രചിച്ചത്. ഫഹദ്, ലിജി ഫ്രാൻസിസ്, ഷബീർ എന്നിവർ ആലപിച്ചു. മുന്നണികൾക്ക് കൈമാറുന്ന ഗാനങ്ങൾ വിജയികൾ കേരളമാകെ കേൾപ്പിക്കും. വിജയം ഉറപ്പുള്ള സ്ഥാനാർത്ഥികൾ മണ്ഡലത്തിന്റെ പേരും ഉൾപ്പെടുത്തിയാണ് ഗാനങ്ങൾ തയ്യാറാക്കുന്നത്. വിജയം ഉറപ്പായശേഷം മാത്രമേ ഇവരുടെ പാട്ടുകൾ പുറത്തുവിടൂവെന്ന് നേതാക്കൾ പറഞ്ഞു.

വിവാദങ്ങൾ വരികളായി

നാടൻപാട്ടിന്റെ ഈണത്തിലാണ് എൽ.ഡി.എഫിന്റെ വിജയഗാനം. 'വോട്ടുപെട്ടി പൊട്ടിയപ്പോൾ യു.ഡി.എഫും ഞെട്ടി...' എന്നാരംഭിക്കുന്ന പാട്ടിൽ വനവാസത്തിന് പോകാൻ ഒരുങ്ങിക്കോ വി.ഡി സതീശാ, ശബരിമലപ്പാരഡി പൊട്ടിയേ തുടങ്ങിയ പരാമർശങ്ങളുണ്ട്.

'കടക്കണ്ണിൽ മുനകൊണ്ട്...' എന്ന മാപ്പിളപ്പാട്ടിന്റെ ഈണത്തിലാണ് യു.ഡി.എഫിനുള്ള പാട്ട്. 'കടക്ക് പുറത്ത് എന്ന് ഇടിവെട്ടി പറഞ്ഞോനെ പിരടിക്ക് പിടിച്ചിറക്കി ജനമോ സഹികെട്ട്....' എന്നാരംഭിക്കുന്നു. പി.ആർ തള്ളും പാഴായെന്നും ശാസ്താവിന്റെ സ്വർണം കട്ടെന്നും ഇടതുപക്ഷം പെരുവഴിയിലായെന്നും മറ്റുമുള്ള വരികളുമുണ്ട്.

ഏറ്റവുമധികം സ്റ്റുഡിയോകളുള്ള കൊച്ചിയിലാണ് കൂടുതൽ പാട്ടുകൾ റെക്കാർഡ് ചെയ്യുന്നത്. മറ്റു നഗരങ്ങളിലും പാരഡികൾ ഒരുക്കുന്ന ധാരാളം പേരുണ്ട്.

അബ്ദുൾ ഖാദർ കാക്കനാട്‌

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, PARADY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL