
നെടുമ്പാശേരി: പൊലീസ് ജീപ്പ് ബീക്കൺ ലൈറ്റ് തെളിച്ച് റോഡിൽ നിറുത്തിയിടുകയും വശത്തേക്ക് നീക്കിയിടാൻ ആവശ്യപ്പെട്ട ചെങ്ങമനാട് പൊലീസിനോട് മോശമായി പെരുമാറുകയും ചെയ്ത ഡ്രൈവർക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പിന് ഹാജരാകാൻ നിർദ്ദേശം. ചെങ്ങമനാട്, അങ്കമാലി, കളമശേരി ക്യാമ്പ് എന്നിവിടങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരോടാണ് നാളെ ജില്ലാ പൊലീസ് ആസ്ഥാനത്തെത്തി മൊഴി നൽകാൻ അന്വേഷണ ചുമതലയുള്ള ഡി.സി.ആർ.ബി ഡിവൈ.എസ്.പി അബ്ദുൾ റഹീം നിർദ്ദേശിച്ചിരിക്കുന്നത്.
കഴിഞ്ഞ 31ലെ സംഭവം ഒതുക്കി തീർക്കാൻ നീക്കം നടക്കുന്നതിനിടെ കഴിഞ്ഞ ബുധനാഴ്ച 'കേരളകൗമുദി"യിൽ വാർത്ത വന്നതോടെ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നിർദ്ദേശപ്രകാരം അബ്ദുൾ റഹീമിന് അന്വേഷണ ചുമതല കൈമാറുകയായിരുന്നു. കളമശേരി എ.ആർ ക്യാമ്പിലെ പൊലീസ് ഡ്രൈവർ സി.പി.ഒ അജ്മലിനെതിരെയാണ് അന്വേഷണം.
ജീപ്പ് റോഡ് സൈഡിലേക്ക് മാറ്റിയിടാൻ ഹൈവേയിൽ വി.ഐ.പി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ആവശ്യപ്പെട്ടെങ്കിലും മദ്യലഹരിയിലായിരുന്ന ഡ്രൈവർ അനുസരിച്ചില്ല. തങ്ങൾ നീക്കിയിടാമെന്ന് പറഞ്ഞിട്ടും വഴങ്ങിയില്ല. പിന്നീട് ദേഷ്യപ്പെട്ട് വാഹനവുമായി പോയി.
കളമശേരി എ.ആർ ക്യാമ്പിലെ എ.എസ്.ഐയായ മറ്റൊരു ഡ്രൈവറെ യാത്രഅയപ്പിന്റെ ഭാഗമായി ഏഴാറ്റുമുഖത്തെ വീട്ടിൽ ആക്കിയ ശേഷം മടങ്ങുമ്പോഴായിരുന്നു സംഭവം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |