SignIn
Kerala Kaumudi Online
Friday, 23 October 2026 2.35 AM IST

ഒരു വർഷം: പെണ്ണില്ലം കൂട്ടായ്‌മ പ്രസിദ്ധീകരിച്ചത് 65 പുസ്തകങ്ങൾ

penraji

കൊച്ചി: ഒരുവർഷത്തിനിടെ 65 പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ച് 'പെണ്ണില്ലം എഴുത്തിടം" കൂട്ടായ്‌മ. വനിതാ എഴുത്തുകാരിൽ പ്രശസ്‌തരല്ലാത്തവർക്ക് പരിഗണനയും വേദിയും കിട്ടുന്നില്ലെന്ന സങ്കടം മാറ്റാൻ വീട്ടമ്മ ആരംഭിച്ച കൂട്ടായ്‌മയാണിത്.

കഴിഞ്ഞ നവംബർ 21ന് ഷാർജ പുസ്‌തകോത്സവത്തിൽ 62 പുസ്‌തകങ്ങൾ ഒരുമിച്ച് പ്രകാശനം ചെയ്‌തു. ചടങ്ങിൽ 27 എഴുത്തുകാരികൾ പങ്കെടുത്തു. വീട്ടമ്മമാർ, ക്ളാസ് ഫോർ ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, പ്രൊഫഷണലുകൾ തുടങ്ങി പ്രവാസികൾ ഉൾപ്പെടെ 97 അംഗങ്ങളുണ്ട്.

കണ്ണൂർ ഇരിട്ടി കീഴൂർ സ്വദേശി രാജി അരവിന്ദാണ് പെണ്ണില്ലത്തിന്റെ ശില്പി. വനിതാ എഴുത്തുകാർക്കായി രാജി 2023 ഒക്ടോബറിൽ 'താച്ചി" എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി രചനകൾ പങ്കുവച്ചു. 20 പേരായിരുന്നു അംഗങ്ങൾ.

തുടർന്ന് 40 പേരുടെ കവിതകളും അനുഭവങ്ങളും ചേർത്ത് 'പെണ്ണില്ലം" പുസ്‌തകം പ്രസിദ്ധീകരിച്ചു. കൂട്ടായ്‌മയിലേക്ക് കൂടുതൽപേർ എത്തിയതോടെ ഡിസംബർ 29ന് 'പെണ്ണില്ലം എഴുത്തിടം" എന്ന സംഘടന രൂപീകരിച്ചു. 2024 ഫെബ്രുവരി 14ന് പ്രണയദിനത്തിൽ 'ഇല്ലത്തെ പ്രണയിനികൾ" പ്രസിദ്ധീകരിച്ചു. 43 പേരുടെ കഥകൾ, കവിതകൾ, കുറിപ്പുകൾ എന്നിവയായിരുന്നു ഉള്ളടക്കം. വനിതാദിനത്തിൽ 'പെണ്ണില്ലത്തിന്റെ കാഴ്‌ചപ്പാടുകൾ" പ്രസിദ്ധീകരിച്ചു.

വരുന്ന പ്രണയദിനത്തിൽ 'മഷി പുരണ്ട പ്രണയം" പുറത്തിറങ്ങും. പ്രണയകൃതികളെ 51പേർ വിലയിരുത്തുന്ന സമാഹാരമാണിത്. പെണ്ണില്ലം എഴുത്തിടം പബ്ളിക്കേഷൻസ് എന്ന പ്രസാധന വിഭാഗവും രൂപീകരിച്ചിട്ടുണ്ട്.

ഇല്ലത്തമ്മയെന്ന് വിളിപ്പേരുള്ള രാജി അരവിന്ദാണ് സെക്രട്ടറി. അനിതാദേവി (പ്രസിഡന്റ് ), അജിത സജീവ് (ട്രഷറർ), സുധ കൈതാരം (വൈസ് പ്രസിഡന്റ് ), യമുന ഹരീഷ് (ജോയിന്റ് സെക്രട്ടറി ), ചന്ദ്രമതി എസ്. വൈദ്യർ, ജി. ലേഖ (അംഗങ്ങൾ) എന്നിവരാണ് ഭാരവാഹികൾ.

സ്ത്രീകൾ വിചാരിച്ചാൽ എന്തും സാധിക്കും. അതിനാവശ്യമായ താങ്ങാണ് പെണ്ണില്ലം നൽകുന്നത്.

കെ.പി. സുധീര

എഴുത്തുകാരി

ചെറിയ കൂട്ടായ്‌മ ഇത്രയും വളരുമെന്ന് പ്രതീക്ഷിച്ചില്ല. സ്ത്രീകൾക്കായി ടി.വി. ചാനൽ ഉൾപ്പെടെ മനസിലുണ്ട്.

രാജി അരവിന്ദ് (സെക്രട്ടറി )

ആത്മവിശ്വാസവും കരുത്തും നൽകി ചേർത്തുനിറുത്തി എന്നിലെ എഴുത്തിനെ വളർത്തിയത് പെണ്ണില്ലമാണ്.

സുധ കൈതാരം

എഴുത്തുകാരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, PENNILLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL