SignIn
Kerala Kaumudi Online
Friday, 23 October 2026 2.35 AM IST

നടന വിസ്മയമൊരുക്കാൻ ട്രാൻസ്ജെൻഡേഴ്സ് സംഘം

p

കൊച്ചി: കലാസ്വാദകർക്കായി നടന വിസ്മയമൊരുക്കാൻ ഇനി ട്രാൻസ്ജെൻഡേഴ്സിന്റെ പ്രൊഫഷണൽ നൃത്ത സംഘവും. ട്രാൻസ്ജെൻഡേഴ്സ് മാത്രമുള്ള നാട്യസംഘം സംസ്ഥാനത്ത് ആദ്യമായാണ്. 30നുമേൽ പ്രായമുള്ള ആറുപേരാണ് നിലവിൽ സംഘത്തിലുള്ളത്. പുതുതായി 13പേർ ഭരതനാട്യത്തിലും ആറുപേർ കുച്ചിപ്പുടിയിലും പരിശീലനം നടത്തുന്നുണ്ട്. തോന്നയ്ക്കൽ സത്യസായി ഓർഫനേജ് ട്രസ്റ്റാണ് ട്രാൻസ്ജെൻഡേഴ്സിന് മാന്യമായ ഉപജീവനമാർഗം ഒരുക്കാൻ നൃത്തപരിശീലനം ആരംഭിച്ചത്. 2023ൽ കേരളനടനത്തിലും 2024ൽ ഭരതനാട്യത്തിലും അരങ്ങേറ്റം നടത്തി.

കഴിഞ്ഞവർഷം എറണാകുളം ശിവക്ഷേത്രത്തിൽ സംഘടിപ്പിച്ച അരങ്ങേറ്റത്തിന് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദും സാക്ഷിയായിരുന്നു. രണ്ടു വർഷത്തെ ശാസ്ത്രീയ പരിശീലനം പൂർത്തിയാക്കിയ സംഘം ഇത്തവണ എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിന് ആദ്യമായി ‌ന‌ൃത്തം അവതരിപ്പിക്കുകയും ചെയ്തു. അരങ്ങേറ്റം കുറിച്ച വേദിയിൽ തന്നെ ആദ്യ പ്രോഗ്രാം അവതരിപ്പിക്കാനായത് ഈശ്വരാനുഗ്രഹമാണെന്ന് സംഘാംഗങ്ങൾ പറഞ്ഞു. ഉത്സവ സീസൺ തുടങ്ങുന്നതിനാൽ കൂടുതൽ പരിപാടികൾ കിട്ടുമെന്ന പ്രതീക്ഷയിലാണ് സംഘം.

സംഘാംഗം കൂടിയായ സെന്റ് തെരേസാസ് കോളേജ് ബി.എ വിദ്യാർത്ഥിയും ട്രാൻസ്ജെൻഡറുമായ സജനയാണ് പരിശീലക. പാലക്കാട് സ്വദേശികളായ മൈഥിലി, സന്ധ്യ, തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് വിദ്യാർത്ഥികളായ റെന, കാർത്തിക എന്നിവരും ശ്രീയയുമാണ് മറ്റുള്ളവർ.

പരീശീലനം കലൂരിൽ

എറണാകുളം കലൂർ ആസാദ് റോഡിൽ ശ്രീരാമകൃഷ്ണ ഫൗണ്ടേഷൻ ആസ്ഥാനത്താണ് പരിശീലനം. ചെലവ് കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ സഹായത്തോടെ സത്യസായി ഓർഫനേജ് ട്രസ്റ്റാണ് വഹിക്കുന്നത്. ആദ്യം അരങ്ങേറിയവർക്ക് 25,000 രൂപ വീതം സ്കോളർഷിപ്പും നൽകിയിരുന്നു. ഇവിടത്തെ പരിശീലനത്തിനു ശേഷമാണ് ഭരതനാട്യത്തിൽ തുടർപഠനത്തിനായി റെനയും കാർത്തികയും ആർ.എൽ.വി കോളേജിലെത്തിയത്. ഈ വർഷം ഷിപ്പ്‌യാ‌ർഡിൽ നിന്നുള്ള സാമ്പത്തികസഹായം നിലച്ചതോടെ നൃത്തപരിശീലനം അവസാനിപ്പിക്കേണ്ട അവസ്ഥയിലാണെന്ന് ഓർഫനേജ് ട്രസ്റ്റ് അധികൃതർ പറയുന്നു.

ഉത്സവസീസൺ ആരംഭിക്കുകയാണ്. എല്ലാവരുടെയും പിന്തുണ ലഭിച്ചാൽ ട്രാൻസ് ജെൻഡർ സമൂഹത്തിന് വലിയ പ്രോത്സാഹനമാകും

വീണ സതീഷ്,

സോഷ്യൽ വർക്കർ ആന്റ് കോ-ഓർഡിനേറ്റർ,

ട്രാൻസ്ജെൻഡേഴ്സ് ഡാൻസ് ട്രൂപ്പ്

ഫോൺ: 9495385128

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL