
കൊച്ചി: പുറങ്കടലിൽ നിന്ന് വെളുത്ത മണലും തീരത്തു നിന്ന് കരിമണലും ഖനനം ചെയ്യാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെ കേരള ഫിഷറീസ് കോ ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത 27ലെ മത്സ്യമേഖലാ പണിമുടക്കിലും ഹർത്താലിലും തീരദേശം സ്‌തംഭിക്കും.
ഇന്ന് അർദ്ധരാത്രി 12 മുതൽ നാളെ രാത്രി 12 വരെയാണ് കേരളത്തിലുടനീളം മത്സ്യത്തൊഴിലാളികൾ പണിമുടക്കും. മത്സ്യബന്ധന യാനങ്ങളും കച്ചവടവുമായി ബന്ധപ്പെട്ട വാഹനങ്ങളും പണിമുടക്കിൽ പങ്കെടുക്കും. ഫിഷറീസ് ഹാർബറുകളും ഫിഷ് ലാൻഡിംഗ് സെന്ററുകളും നിശ്ചലമാകും.
മീനാ കുമാരി റിപ്പോർട്ടിനെതിരായ പണിമുടക്കിനു ശേഷം 10 വർഷം കഴിഞ്ഞ് നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ സജീവമാണ്. പ്രചാരണജാഥകൾ നടന്നുവരുന്നു.
ഇന്ന് വൈകിട്ട് തീരദേശത്ത് പന്തംകൊളുത്തി പ്രകടനം നടത്തും. വ്യാഴാഴ്ച മത്സ്യബന്ധന കേന്ദ്രങ്ങളിൽ തൊഴിലാളികളുടെ പ്രകടനങ്ങളും പൊതുയോഗങ്ങളും നടക്കും. പണിമുടക്കും ഹർത്താലും വൻ വിജയമാക്കണമെന്ന് കോ ഓർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർമാരായ ടി.എൻ. പ്രതാപൻ, പി.പി. ചിത്തരഞ്ജൻ, കൺവീനർ ചാൾസ് ജോർജ് എന്നിവർ പറഞ്ഞു.
ലേല നടപടി തുടരുന്നു
കടലിൽ അടിഞ്ഞ മണൽ ഖനനം ചെയ്തെടുത്താൽ 50 വർഷത്തേയ്ക്ക് നിർമ്മാണ മേഖലയ്ക്ക് വിനിയോഗിക്കാൻ കഴിയുമെന്ന് കണ്ടെത്തിയാണ് കേന്ദ്ര ഖനന മന്ത്രാലയം ലേല നടപടികൾ ആരംഭിച്ചത്. കേരളത്തിൽ അഞ്ചു മേഖലകളിൽ 275 ദശലക്ഷം ടൺ കടൽ മണലുണ്ടെന്നാണ് വിലയിരുത്തൽ. 10 ബ്ലോക്കുകളാക്കി തിരിച്ചതിൽ കൊല്ലത്തെ മൂന്നിടങ്ങളാണ് ലേലം ചെയ്യുന്നത്. കൊല്ലം ഭാഗത്ത് 300 ദശലക്ഷം ടൺ നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തിയത്. മണലിന് പുറമെ, ലൈം മഡ്, പോളിമെറ്റാലിക് നോഡ്യൂളുകൾ തുടങ്ങിയ അന്താരാഷ്ട്ര ഖനനമേഖലയിൽ ഇന്ത്യയെ സഹായിക്കുമെന്നാണ് കേന്ദ്രനിഗമനം.
മത്സ്യസമ്പത്ത് തകർക്കും
പുറംകടൽ ധാതുഖനനവുമായി ബന്ധപ്പെട്ട 2002ലെ നിയമം 2023ൽ ഭേദഗതി ചെയ്താണ് കേന്ദ്രം മണൽ വില്പനയ്ക്കിറങ്ങിയത്. സംസ്ഥാനം എതിർപ്പ് അറിയിച്ചിട്ടുണ്ട്. മത്സ്യങ്ങളുടെ പ്രജനനമേഖലയെ തകർക്കുമെന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു. കയറ്റുമതി പ്രധാനവും ആഭ്യന്തര ഉപഭോഗത്തിൽ പ്രിയങ്കരവുമായ മത്സ്യങ്ങളുടെ നാശത്തിന് ഖനനം കാരണമാകുമെന്നാണ് ആശങ്ക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |