
19-ാം നൂറ്റാണ്ടുമുതൽ തുടങ്ങിയ നവോത്ഥാന പോരാട്ടങ്ങളിലും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലും രാജ്യത്തിന്റെ ഭരണഘടനാ നിർമ്മാണ സഭയിലും തുടങ്ങി തന്ത്രപ്രധാനമായ സ്ഥാനങ്ങളിലെല്ലാം വളരെ മുമ്പേ സ്ത്രീസാന്നിദ്ധ്യം ഉറപ്പാക്കിയ നാടാണ് കേരളം. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും സാമ്പത്തിക സാമൂഹ്യ ശാക്തീകരണത്തിനും കേരളം നൽകുന്ന പിന്തുണ ലോകത്തിനാകെ മാതൃകയാണ്. തദ്ദേശഭരണത്തിൽ അദ്ധ്യക്ഷപദവിയിലും അംഗത്വത്തിലും 50ശതമാനം ഭാഗധേയം ഉറുപ്പുനൽകുന്ന ഏക സംസ്ഥാനവും കേരളമാണ്.
മറ്റ് പല സംസ്ഥാനങ്ങളിലും പഞ്ചായത്ത് രാജ് നിയമം അനുശാസിക്കുന്നതുകൊണ്ട് പേരിനുമാത്രം വനിതാസംവരണം ഏർപ്പെടുത്തി നേർച്ചകഴിക്കുമ്പോഴാണ് ഭരണഘടനാപദവികളിലെ താക്കോൽ സ്ഥാനത്ത് സ്ത്രീകളെ അവരോധിച്ച് കേരളം ചരിത്രം തിരുത്തി മാതൃകയായത്.
കുടുംബങ്ങളിൽ ഗാർഹിക പീഡന നിരോധന നിയമം കർശനമായി നടപ്പിലാക്കിയും തൊഴിലിടങ്ങളിലും പൊതുസ്ഥലത്തും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ ശക്തിമായി നേരിട്ടും വനിതകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തി ലിംഗസമത്വമെന്ന ആശയത്തിന് കരുത്തുപകരുന്ന സാമൂഹ്യസാഹചര്യമാണ് കേരളത്തിലുള്ളത്.
പൊരുതി നേടിയ സ്വാതന്ത്ര്യം നിലനിറുത്തുന്നതിനൊപ്പം സമൂഹത്തിന്റെ നാനാതുറകളിൽ പാർശ്വവത്കരിക്കപ്പെട്ട മുഴുവൻ വനിതകളെയും മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്താനുള്ള കർമ്മപദ്ധതികൾക്ക് കരുത്തുപകരാൻ ഈ വനിതാദിനാചരണം നിമിത്തമാകട്ടെ!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |