
കൊച്ചി: പെരുമ്പാവൂരിൽ കള്ളന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് പശ്ചിമബംഗാളിലെ മൂർഷിദാബാദിൽ 'പ്രിന്റ് ചെയ്ത്' കള്ളനോട്ട്. റാക്കറ്റിന് ബംഗ്ലാദേശ് ബന്ധമെന്ന് സംശയം. കേസിൽ പെരുമ്പാവൂർ പൊലീസ് സമഗ്രാന്വേഷണം തുടങ്ങി. പ്രതി മൂർഷിദാബാദ് സ്വദേശി സലീം മണ്ഡലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മോഷണക്കേസിൽ റിമാൻഡിലായ ഇയാളെ ഇന്നലെ പെരുമ്പാവൂർ പൊലീസിന് കസ്റ്റഡിയിൽ ലഭിച്ചു. ചോദ്യം ചെയ്യലിലാണ് കള്ളനോട്ട് വന്നവഴി വ്യക്തമായത്.
500 രൂപയുടെ 17 വ്യാജനോട്ടുകളാണ് കണ്ടെടുത്തത്. നോട്ടുകൾ ഹൈക്വാളിറ്റി അല്ലെന്നും പ്രാദേശികമായി അച്ചടിച്ചതാണെന്നും പൊലീസ് ഉറപ്പിച്ചിരുന്നു. ഇക്കാര്യം ഉറപ്പിക്കുന്നതായി സലീമിന്റെ മൊഴി. മൂർഷിദാബാദിൽ ആരിൽ നിന്ന് വാങ്ങി, കൂടുതൽ പണം എത്തിച്ചോ തുടങ്ങിയവ പ്രതി വെളിപ്പെടുത്തി. അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്ന് പൊലീസ് അറിയിച്ചു.
ഈമാസം 18ന് ബംഗ്ളാദേശിൽ നിർമ്മിച്ച 9,000 രൂപയുടെ കള്ളനോട്ട് സൂറത്ത് പൊലീസ് സ്‌പെഷ്യൽ ഓപ്പറേഷൻസ് വിഭാഗം പിടികൂടിയിരുന്നു. രണ്ടുപേരാണ് അവിടെ അറസ്റ്റിലായത്. രണ്ടുലക്ഷം രൂപ നൽകിയാണ് ആറുലക്ഷം രൂപയുടെ കള്ളനോട്ടുകൾ ഇവർ വാങ്ങിയത്. സമാനമായി തന്നെയാകും സലീമും കള്ളനോട്ട് വാങ്ങിയിട്ടുണ്ടാകുകയെന്നാണ് പൊലീസ് നിഗമനം. കേസിൽ സലീമിന്റെ ചോദ്യംചെയ്യൽ പുരോഗമിക്കുകയാണ്. ഇയാളുടെ മാതാവ് മുർജീനയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാവേലി എക്‌സ്പ്രസിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് ആലപ്പുഴ റെയിൽവേ പൊലീസ് പെരുമ്പാവൂരിലെത്തി വാടകവീട്ടിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.
വീട്ടിലെ പരിശോധനയിലാണ് കള്ളനോട്ടുകൾ കണ്ടെത്തിയത്. പെരുമ്പാവൂർ പൊലീസ് കേസെടുത്തു. റിമാൻഡിലായ സലീമിനെ ലഭിക്കാൻ കസ്റ്റഡി അപേക്ഷ സമർപ്പിക്കുകയായിരുന്നു.
10 വർഷം 270 കേസ്
10 വർഷത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 270 കള്ളനോട്ട് കേസുകൾ. 2016, 2018, 2023 വർഷങ്ങളിലാണ് ഏറ്റവും അധികം കേസുകൾ. 43 കേസുകൾ വീതം. ഈവർഷം ഇതുവരെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വർഷം - കേസ്
2016 - 43
2017- 25
2018- 43
2019- 33
2020- 23
2021- 25
2022- 35
2023-43
2024- 30
2025- 3
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |