SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.49 AM IST

തിരഞ്ഞെടുപ്പിൽ ശബരിപാത ചൂളംവിളിക്കും

g

ഏഴ് മണ്ഡലങ്ങളിൽ പ്രചാരണ വിഷയം

കൊച്ചി: 2032ൽ ട്രെയിൻ ഗതാഗതം ആരംഭിക്കാൻ ലക്ഷ്യമിടുന്ന അങ്കമാലി - എരുമേലി ശബരിപാതയുടെ നിർമ്മാണം 12 വർഷത്തിന് ശേഷം പുനരാരംഭിക്കുന്നത് നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് ജില്ലകളിലെ ഏഴു മണ്ഡലങ്ങളിൽ പ്രചാരണവിഷയം. മൂന്ന് മുന്നണികളും പാതയിൽ അവകാശവാദം ഉന്നയിക്കുന്നുണ്ട്.

എറണാകുളം, കോട്ടയം ജില്ലകളുടെ കിഴക്കൻ മേഖലകളിലൂടെയും റെയിൽപ്പാത ഇല്ലാത്ത ഇടുക്കി ജില്ലയിലൂടെയും കടന്നുപോകുന്ന പാതയെ ജനങ്ങൾ വലിയ പ്രതീക്ഷയോടെ കാണുന്നു. സ്ഥലം വിട്ടുകൊടുക്കാൻ ജനങ്ങൾ വർഷങ്ങൾക്ക് മുമ്പേ തയ്യാറായതാണ്. കല്ലിട്ട സ്ഥലങ്ങൾ മരവിപ്പിച്ചതുമൂലം വിഷമത്തിലായിരുന്ന ഉടമകൾ വീണ്ടും സ്ഥലമേറ്റെടുക്കൽ നടപടി ആരംഭിച്ച സന്തോഷത്തിലാണ്.

വഴിതെളിച്ചത് എൽ.ഡി.എഫ്

ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കാൻ പിണറായി വിജയൻ സർക്കാർ തയ്യാറായതാണ് പദ്ധതി സഫലമാകാൻ കാരണമെന്ന് എൽ.ഡി.എഫ് പറയുന്നു. രണ്ടാം പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയാണ് നിർമ്മാണം പുനരാരംഭിക്കാൻ വഴിതെളിച്ചത്. 1,900 കോടി രൂപ കിഫ്ബി മുഖേന വഹിക്കാൻ സർക്കാർ ഭരണാനുമതി നൽകിയിരുന്നു. ഏറ്റെടുക്കേണ്ട സ്ഥലം സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. പദ്ധതിയിൽ ഏറ്റവുമധികം അവകാശം തങ്ങൾക്കാണെന്ന് എൽ.ഡി.എഫ് നേതൃത്വം പറയുന്നു.

പ്രഖ്യാപനം, നടപ്പാക്കൽ ബി.ജെ.പി

1997-98ൽ എ.ബി.വാജ്പേയ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ശബരി റെയിൽപ്പാത പുനരാരംഭിക്കുന്നത് നരേന്ദ്രമോദി പ്രധാനമന്ത്രിയായ സർക്കാരാണെന്നതാണ് എൻ.ഡി.എയുടെ അവകാശവാദത്തിന്റെ അടിസ്ഥാനം. 12 വർഷത്തോളം മുടങ്ങിയ പദ്ധതി പുനരാരംഭിക്കാൻ റെയിൽവെ മന്ത്രി അശ്വിനി വൈഷ്‌ണവ് പ്രത്യേക താത്പര്യമെടുത്തതും ബി.ജെ.പി, എൻ.ഡി.എ നേതാക്കൾ സമ്മർദ്ദം ചെലുത്തിയതുമാണ് പദ്ധതിക്ക് പുതുജീവൻ നൽകിയതെന്ന വാദമാണ് എൻ.ഡി.എ നേതാക്കൾ ഉന്നയിക്കുന്നത്.

ശബ്‌ദമുയർത്തി യു.പി.എ

കോൺഗ്രസ് നേതൃത്വം നൽകിയ യു.പി.എ സർക്കാരിന്റെ കാലത്ത് 2009ലാണ് ശബരിപാതയുടെ നിർമ്മാണം ആരംഭിച്ചത്. അങ്കമാലി മുതൽ കാലടി വരെ പാതയും കാലടി സ്റ്റേഷന്റെയും പെരിയാറിന് കുറുകെ പാലത്തിന്റെ നിർമ്മാണവും 2013ൽ പൂർത്തിയായി. പിന്നീട് പാതയ്‌ക്ക് വേണ്ടി പാർലമെന്റിലുൾപ്പെടെ ശബ്‌ദമുയർത്തിയത് തങ്ങളുടെ എം.പിമാരും എം.എൽ.എമാരുമാണെന്ന് കോൺഗ്രസ്, യു.പി.എ നേതാക്കളും അവകാശപ്പെടുന്നു.

ശബരിപാത യാഥാർത്ഥ്യമാക്കാൻ നടപടി സ്വീകരിച്ച എൽ.ഡി.എഫ് സർക്കാർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്, ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ, എം.പിമാർ എന്നിവരോട് നന്ദിയുണ്ട്.

ബാബു പോൾ

ജനറൽ കൺവീനർ

ശബരിപാത ആക്ഷൻ കൗൺസിൽ ഫെഡറേഷൻ

പാതയിലെ മണ്ഡലങ്ങൾ

എറണാകുളം ജില്ല: അങ്കമാലി, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ

ഇടുക്കി: തൊടുപുഴ

കോട്ടയം: പാലാ, പൂഞ്ഞാർ

സ്‌റ്റേഷനുകൾ

അങ്കമാലി, കാലടി, പെരുമ്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, SABARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL