കോലഞ്ചേരി: കുന്നത്തുനാട്ടിൽ താലൂക്ക് ആശുപത്രിയായി ഉയർത്താൻ ആവശ്യമായ മുഴുവൻ അടിസ്ഥാന സൗകര്യങ്ങളുമുണ്ടായിട്ടും ഡോക്ടർമാരുടെയും ജീവനക്കാരുടെയും അഭാവത്തിൽ വടവുകോട് സർക്കാർ ആശുപത്രിയുടെ പ്രവർത്തനം താറുമാറായി. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള പ്രധാന സേവനങ്ങൾ നിലച്ചിട്ട് വർഷങ്ങളായിട്ടും ആശുപത്രിയെ പുനരുജ്ജീവിപ്പിക്കാൻ ഇതുവരെ കാര്യമായ ഇടപെടലുകൾ ഉണ്ടാകാത്തത് പ്രദേശവാസികളുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
പുത്തൻകുരിശ്, തിരുവാണിയൂർ, പൂതൃക്ക, ഐക്കരനാട്, കുന്നത്തുനാട് തുടങ്ങിയ മേഖലയിലെ ജനങ്ങളുടെ ആശ്രയകേന്ദ്രമായ ഈ ആശുപത്രി ഒരുകാലത്ത് 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന ആരോഗ്യ സ്ഥാപനമായിരുന്നു. 50 കിടക്കകളുള്ള കിടത്തി ചികിത്സാ സൗകര്യം, അത്യാഹിത വിഭാഗം, മോർച്ചറി, പുരുഷ, സ്ത്രീ വാർഡുകൾ, എക്സ്-റേ യൂണിറ്റ്, ശിശു വിഭാഗം, ഫാർമസി തുടങ്ങി താലൂക്ക് ആശുപത്രിക്ക് സമാനമായ സൗകര്യങ്ങൾ ഇവിടെയുണ്ട്.
ജീവനക്കാരുടെ കുറവ് മൂലം ഒ.പി പ്രവർത്തനവും പലപ്പോഴും തടസപ്പെടുന്നുണ്ട്. ഫാർമസിസ്റ്റുമാർ അവധിയിലായതിനെ തുടർന്ന് ഉച്ചയ്ക്കുശേഷം ഒ.പി സേവനം തന്നെ മുടങ്ങിയ സംഭവം ആശുപത്രിയുടെ ദയനീയാവസ്ഥ വ്യക്തമാക്കുന്നു.
ഡോക്ടർമാർക്കായി നിർമ്മിച്ച ക്വാർട്ടേഴ്സുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കപ്പെടാതെ കിടക്കുന്നതും ആശങ്ക വർദ്ധിപ്പിക്കു. ജില്ലയിലെ മദ്ധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയർത്തുകയും ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കുകയും ചെയ്താൽ ആയിരക്കണക്കിന് ആളുകൾക്ക് വലിയ ആശ്വാസമാകും.
കുന്നത്തുനാട്ടിലെ ആരോഗ്യരംഗത്തിന് നിർണായകമായ വടവുകോട് സർക്കാർ ആശുപത്രിയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാൻ അടിയന്തര ഇടപെടൽ വേണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഈ വിഷയത്തിൽ എം.എൽ.എയുടെ ഇടപെടൽ എപ്പോൾ ഉണ്ടാകുമെന്നാണ് നാട്ടുകാർ ഉറ്റുനോക്കുന്നത്.
ദുരിതപരമ്പര
ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ രാത്രികാല സേവനവും കിടത്തി ചികിത്സയും പൂർണമായും നിലച്ചിരിക്കുകയാണ്
മുമ്പ് റൂറൽ സർവീസിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ഭാഗമായി ഡോക്ടർമാരെ നിയമിച്ചിരുന്നതിനാൽ പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള സേവനങ്ങൾ ഇവിടെ ലഭ്യമായിരുന്നു
നിലവിൽ പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജിനെയോ എറണാകുളം ജനറൽ ആശുപത്രിയെയോ ആശ്രയിക്കേണ്ട സ്ഥിതിയാണ്
അത്യാഹിത സാഹചര്യങ്ങളിൽ പോലും വൈകിട്ട് ആറുമണിക്ക് ശേഷം ആശുപത്രിയിൽ ചികിത്സാ സേവനം ലഭിക്കാത്തത് രോഗികളെയും കുടുംബങ്ങളെയും ദുരിതത്തിലാക്കുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |