
കൊച്ചി: 30 കോടി രൂപയുടെ സ്വർണത്തട്ടിപ്പ് കേസിൽ മൂന്നാഴ്ച മുമ്പ് കർണാടക പൊലീസ് അറസ്റ്റ് ചെയ്ത കാക്കനാട്ടെ ജുവലറി ഉടമയ്ക്കെതിര 1.67 കോടിയുടെ ആഭരണത്തട്ടിപ്പിന് കൊച്ചി സിറ്റി പൊലീസും കേസെടുത്തു. കാക്കനാട് വള്ളത്തോൾപടിയിലെ ആനീസ് ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പാർട്ണർമാരും ഉടമകളുമായ മത്തായി തോമസ്, ബീന തോമസ്, മാനേജർ ജിപ്സൺ എന്നിവർക്കെതിരെയാണ് തൃക്കാക്കര പൊലീസ് അന്വേഷണം തുടങ്ങിയത്. തൃശൂരിലെ പ്രമുഖ സ്വർണാഭരണ ശാലയുടെ പരാതിയിലാണ് കേസ്. മത്തായി തോമസിനെയാണ് കേരളത്തിൽ നിന്ന് കർണാടക പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തത്.
പുതുതായി തുടങ്ങുന്ന ജുവലറിയിലേക്കെന്ന വ്യാജേനയാണ് 1.16 കോടി വിലമതിക്കുന്ന 981.260 ഗ്രാം സ്വർണാഭരണങ്ങളും 33 ലക്ഷം രൂപ വിലമതിക്കുന്ന 68.88 കാരറ്റ് ഡയമണ്ട് ആഭരണങ്ങളും ആഭരണ നിർമ്മാണശാലയിൽ നിന്ന് വാങ്ങിയത്. ആഭരണ നിർമ്മാണശാലയുടെ സെയിൽസ് മാനേജരെ വള്ളത്തോൾ പടിയിലെ ജുവലറി ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ഇടപാട്.
10 ദിവസത്തിനകം പണം നൽകുമെന്ന ഉറപ്പിൽ മേയ് 22നാണ് ആഭരണങ്ങൾക്ക് കൈമാറിയത്. ഒരു മാസം കഴിഞ്ഞിട്ടും പണം നൽകുകയോ ആഭരണങ്ങൾ തിരികെ നൽകുകയോ ചെയ്തില്ല. ഇന്നലെ ആഭരണ നിർമ്മാണശാലയുടെ സെയിൽസ് മാനേജരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പ്രതികൾ മൂന്നുപേരും സംഭവദിവസം വള്ളത്തോൾപടിയിലെ ഓഫീസിലുണ്ടായിരുന്നതായി മൊഴിയിലുണ്ട്. ഈ മാസം ആദ്യം കാക്കനാട്ട് നിന്നാണ് ബംഗളൂരു പൊലീസ് മത്തായി തോമസിനെ അറസ്റ്റ് ചെയ്തത്. തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം കർണാടകയിലേക്ക് കൊണ്ടുപോയി. പണം ഉടൻ തരാമെന്ന ഉറപ്പിൽ ബംഗളൂരു സ്വദേശിയായ ആഭരണ നിർമ്മാതാവിൽ നിന്ന് 30 കോടിയുടെ ആഭരണങ്ങൾ വാങ്ങിയിരുന്നു. പണം കിട്ടാതിരുന്നതിനെ തുടർന്ന് നൽകിയ പരാതിയിലാണ് ബംഗളൂരു ക്രൈംബ്രാഞ്ച് പൊലീസ് കേസെടുത്തത്. ഈ കേസിൽ ഇയാൾ റിമാൻഡിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |