
കൊച്ചി: വിളിച്ചാൽ വിളിപ്പുറത്ത് മദ്യവുമായി എത്തുന്ന സംഘത്തിലെ കണ്ണിയെ സെൻട്രൽ പൊലീസ് പിടികൂടി. ആലപ്പുഴ വണ്ടാനം ചക്കിട്ടപ്പറമ്പ് വീട്ടിൽ ശുഹൈബ് (36) ആണ് അറസ്റ്റിലായത്. സംഘത്തിലെ പ്രധാനി മലപ്പുറം സ്വദേശി അൽക്കുവിനായി അന്വേഷണം ഊർജിതമാക്കി. ഡ്രൈഡേകളിൽ കാറിൽ സഞ്ചരിച്ചായിരുന്നു മദ്യവില്പന. കാറിൽ സൂക്ഷിച്ചിരുന്ന 40 ലിറ്റർ വിദേശമദ്യവും 48 ബോട്ടിൽ (38.2 ലിറ്റർ) ബിയറും പിടിച്ചെടുത്തു. വെള്ളിയാഴ്ച രാത്രി പത്തോടെ എറണാകുളം പി.ടി. ഉഷ റോഡിൽ ഇടപാടിനായി തമ്പടിച്ചിരിക്കെയായിരുന്നു പ്രതി പിടിയിലായത്.
കാറിൽ ചുറ്റിക്കറങ്ങി മദ്യവില്പന നടത്തുന്ന സംഘം കൊച്ചിയിൽ സജീവമാണെന്ന സൂചന പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് ഇൻസ്പെക്ടർ എം.ജെ ജിജോയുടെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കിയിരിക്കെയാണ് വെള്ളിയാഴ്ച രാത്രി പി.ടി. ഉഷ റോഡിൽ സംഘം എത്തിയ വിവരം ലഭിച്ചത്. എസ്.ഐ. രാംലാൽ, സർജു, രാജേഷ് ചെല്ലപ്പൻ എന്നിവർ സ്ഥലത്തെത്തി. ശുഹൈബിന്റെ പെരുമാറ്റത്തിൽ സംശയം തോന്നി കാറിന്റെ ഡിക്കി പരിശോധിച്ചപ്പോഴാണ് തുണിയിൽ പൊതിഞ്ഞ നിലയിൽ മദ്യശേഖരം കണ്ടത്.
ആലപ്പുഴയിലെ വിവിധ ബിവറേജുകളിൽ നിന്നാണ് പ്രതികൾ മദ്യം വാങ്ങിയത്. അൽക്കുവാണ് നേതൃത്വം നൽകുന്നത്. ആവശ്യക്കാരന് മദ്യം നൽകാൻ പോയിരുന്ന ഇയാൾ മിനിറ്റുകളുടെ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടത്. അൽക്കു ജില്ല വിട്ടിട്ടുണ്ടാകുമെന്നാണ് നിഗമനം. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ശുഹൈബിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.അന്വേഷണസംഘത്തിൽ എസ്.ഐ സി.കെ മനോജ്, കൃഷ്ണകുമാർ, സി.പി.ഒ വിനുക്കുട്ടൻ, ജോസഫ്, അവിനാഷ് എന്നിവരും ഉണ്ടായിരുന്നു.
പിടിച്ചെടുത്തത് 78 ലിറ്റർ
വിദേശമദ്യവും ബിയറുമായി 78 ലിറ്ററോളം മദ്യമാണ് ആകെ പിടിച്ചെടുത്തത്. ഡാഡി വിൽസൺ 1000 എം.എൽ - 2 കുപ്പി, ഡാഡി വിൽസൺ റം 500 എം.എൽ - 23 കുപ്പി, ഡാഡി വിൽസൺ ബ്രാൻഡി 500 എം.എൽ - 21 കുപ്പി, വോഡ്ക ലെമൺ 500 എം.എൽ - 18 കുപ്പി, ഓൾഡ് മങ്ക് 500 എം.എൽ - 4 കുപ്പി, റോയൽ ആംസ് 1000 എം.എൽ - 3 കുപ്പി, ഡി.എസ്.പി ബ്ലാക്ക് 1000 എം.എൽ - 1 കുപ്പി, 650 എം.എല്ലിന്റെ 48 ബിയർ എന്നിവയാണ് കാറിൽ സൂക്ഷിച്ചിരുന്നത്.
കഞ്ചാവ് ഇടപാടും
അറസ്റ്റിലായ ശുഹൈബ് സെൻട്രൽ സ്റ്റേഷനിലും ആലപ്പുഴയിലും കഞ്ചാവ് കേസുകളിൽ പ്രതിയാണ്. അൽക്കുവിനും ശുഹൈബിനും കഞ്ചാവ് കച്ചവടമുണ്ടെന്നാണ് വിവരം. വൻ ലാഭമുള്ളതിനാലാണ് ഡ്രൈഡേകളിൽ മദ്യവില്പന ആരംഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |