* നടപടി സർക്കാരിന്റെ പുനരധിവാസ പാക്കേജ് പരിഗണിച്ച്
കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്തിലെ പര്യത്തുകാവ് ഉന്നതിയിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ മുനിസിഫ് കോടതി പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി ഒരുവർഷത്തേക്ക് മരവിപ്പിച്ചു. ഉന്നതിയിലെ ഏഴുകുടുംബങ്ങളെ പുനരധിവസിപ്പിക്കാനും ഒരു വർഷത്തിനകം ഇവർക്ക് സ്പോൺസർഷിപ്പിലൂടെ വീടുവച്ച് നൽകാനും സർക്കാർ മുൻകൈയെടുത്ത് കരാറുണ്ടാക്കിയ സാഹചര്യത്തിലാണിത്. പര്യത്തുകാവിലെ സ്വകാര്യഭൂമിയിൽ കാലങ്ങളായി താമസിക്കുന്ന ഏഴു പട്ടികജാതി കുടുംബങ്ങളാണ് സുപ്രീംകോടതി ഉത്തരവുപ്രകാരം കുടിയൊഴിപ്പിക്കൽ നേരിട്ടത്. ഇത് ക്രമസമാധാനപ്രശ്നങ്ങൾക്ക് ഇടയാക്കിയിരുന്നു. തുടർന്ന് നടപടികൾക്ക് സാവകാശംതേടി തിരഞ്ഞെടുപ്പുകാലത്ത് എറണാകുളം റൂറൽ എസ്.പിയും എസ്.എച്ച്.ഒയുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഒത്തുതീർപ്പു പരിഗണിച്ച് ഹർജിയിലെ തുടർനടപടികൾ കോടതി അവസാനിപ്പിച്ചു. കരാറിൽ ലംഘനമുണ്ടായാൽ സ്ഥലമുടമകൾക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് ടി.ആർ. രവി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |