കൊച്ചി: പൊന്നുരുന്നി റെയിൽവേ യാർഡിന് സമീപം ലഹരി ഇടപാട് നടക്കുന്നതായി വിവരം ലഭിച്ചെത്തിയ പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ലഹരി സംഘം കഞ്ചാവ് ചതുപ്പിലേക്ക് വലിച്ചെറിഞ്ഞു. ലഹരി മണത്തു പിടിക്കാൻ ശേഷിയുള്ള പൊലീസ് നായയെ കൊണ്ടുവന്നു പരിശോധന നടത്തിയെങ്കിലും കഞ്ചാവ് കണ്ടെത്താനായില്ല. സംഘത്തിലെ 17കാരനുൾപ്പെടെ നാലു പേരെ കസ്റ്റഡിയിലെടുത്തു.
കടവന്ത്ര ഗാന്ധിനഗർ കോളനിയിൽ താമസക്കാരായ നവീൻകുമാർ (22), ഒ.ആർ. അഭിജിത്ത് (24), മുല്ലശേരി കനാൽറോഡ് വലിയപറമ്പിൽ ശ്രീകാന്ത് (21) എന്നിവരും 17കാരനുമാണ് കടവന്ത്ര പൊലീസിന്റെ പിടിയിലായത്. അഭിജിത്ത് ഒരു യുവജന സംഘടനയുടെ സജീവപ്രവർത്തകനാണ്. യാർഡിന് സമീപം പാലാതുരുത്ത് ഭാഗത്ത് യുവാക്കൾ ചെറു പൊതികളിൽ കഞ്ചാവ് നിറച്ച് വിതരണത്തിന് തയ്യാറെടുക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് എസ്.ഐ കെ. ഷാഹിനയുടെ നേതൃത്വത്തിൽ നാലു ഭാഗത്ത് നിന്നും പൊലീസ് ഇവരെ വളഞ്ഞു. പൊലീസിനെ കണ്ടതോടെ കഞ്ചാവ് പൊതി സമീപത്തെ ചതുപ്പ് ഭാഗത്തേക്ക് വലിച്ചെറിഞ്ഞ് നാലു പേരും ചിതറിയോടി. ശ്രീകാന്ത് പഴയ കെട്ടിടത്തിന്റെ മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടെങ്കിലും മറ്റ് മൂന്നുപേരും പിടിയിലായി. ശ്രീകാന്തിനെ പിന്നീട് കസ്റ്റഡിയിലെടുത്തു. വലിച്ചെറിഞ്ഞ കഞ്ചാവിനായി വ്യാപക തിരച്ചിൽ നടത്തിയെങ്കിലും 80 ഗ്രാം മാത്രമാണ് പൊലീസിന് കിട്ടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |