കൊച്ചി: രാത്രി 10 മുതൽ രാവിലെ 6വരെ ട്രെയിനുകളിൽ മൊബൈൽഫോൺ ചാർജിംഗ് അനുവദിക്കരുതെന്ന് റെയിൽവേ പൊലീസ്. ട്രെയിനുകളിൽ മൊബൈൽഫോണുകളും ലാപ്ടോപ്പുകളും മോഷണം പോകുന്നത് സ്ഥിരമായതോടെയാണ് റെയിൽവേ മുമ്പാകെ ഇങ്ങനെയൊരു നിർദ്ദേശം കേരള റെയിൽവേ പൊലീസ് വച്ചത്. ഇക്കാര്യത്തിൽ റെയിൽവേ തീരുമാനം കൈക്കൊണ്ടിട്ടില്ല.
മൊബൈൽഫോണുകൾ കുത്തിയിടുന്ന ചാർജിംഗ്പോയിന്റിലേക്കുള്ള വൈദ്യുതിവിതരണം രാത്രി ഓഫാക്കിയിടാൻ സാധിക്കും. യാത്രക്കാരുടെ മൊബൈൽഫോണുകൾ ഏറ്റവും കൂടുതൽ മോഷണംപോകുന്നത് രാത്രിയാണ്. ജനറൽ, റിസർവ്ഡ് കോച്ചുകളിൽ ഫോൺ കുത്തിയിട്ട് യാത്രക്കാർ മയങ്ങുന്ന തക്കംനോക്കി ഫോണുകൾ അടിച്ചുമാറ്റുന്ന പ്രവണത പെരുകുന്നു. ഇരിപ്പിടത്തിലും സ്ലീപ്പറിലും യാത്രക്കാർ വയ്ക്കുന്ന ലാപ്ടോപ്പുകൾ മോഷണം പോകുന്നതും രാത്രിനേരത്താണ്.
പ്ലാറ്റ്ഫോമുകളിലും ട്രെയിനുകളിലും രാത്രിയിൽ ഫോണുകൾ ചാർജ് ചെയ്യാൻ കുത്തിയിടുന്നത് ഒഴിവാക്കണമെന്ന് റെയിൽവേ പൊലീസും ആർ.പി.എഫും നിർദ്ദേശിച്ചിട്ടും ഫലമില്ല. ഈ സാഹചര്യത്തിലാണ് രാത്രിനേരത്തെ മൊബൈൽഫോൺ ചാർജിംഗ് വിലക്കണമെന്ന നിർദ്ദേശവുമായി കേരള റെയിൽവേ പൊലീസ് അധികൃതരെ സമീപിച്ചത്.
* അന്വേഷണത്തിന് പ്രത്യേകസംഘം
ട്രെയിനുകളിലെയും പ്ലാറ്റ്ഫോമുകളിലെയും മൊബൈൽ, ലാപ്ടോപ്പ്, ലഗേജ് മോഷണങ്ങൾ തടയാനും കുറ്റവാളികളെ പിടികൂടാനും റെയിൽവേ എസ്.പി ബി. കൃഷ്ണകുമാർ, ആർ.പി.എഫ് തിരുവനന്തപുരം സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണർ മുഹമ്മദ് ഹനീഫ് എന്നിവരുടെ നേതൃത്വത്തിൽ 15 അംഗ സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. റെയിൽവേ ഡിവൈ.എസ്.പി ജോർജ് ജോസഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
* 90 ശതമാനം മോഷ്ടാക്കളും അന്യസംസ്ഥാനക്കാർ
ട്രെയിനുകളിലെ മൊബൈൽ, ലാപ്ടോപ്പ് മോഷ്ടാക്കളിൽ 90ശതമാനവും അന്യസംസ്ഥാനക്കാരാണ്. യാത്രക്കാരിൽനിന്ന് കവരുന്ന മൊബൈലുകളുൾപ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങൾ വിറ്റഴിക്കുന്നത് വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലാണ്. ആക്സസറി വില്പനയ്ക്കായി ഇവ പൊളിച്ചുവിൽക്കുന്നതും പതിവാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |