SignIn
Kerala Kaumudi Online
Monday, 13 July 2026 3.04 AM IST

'കൊച്ചി കുതിച്ചോളൂ, സർക്കാർ ഒപ്പമുണ്ട് '

padam

കൊച്ചി: കൊച്ചിയിലെ വികസന-ക്ഷേമ പ്രവർത്തനങ്ങൾക്ക് സർക്കാർ പൂർണ പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കൊച്ചി നഗരസഭയുടെ മൂന്നാമത്തെ റോ-റോ വെസ്സലായ 'സേതു സാഗർ-3' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കൊച്ചിയിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി ആലുവയിൽ 190 എം.എൽ.ഡി ശേഷിയുള്ള പുതിയ ശുദ്ധീകരണ പ്ലാന്റ് നിർമ്മാണത്തിന് 523 കോടി രൂപയുടെ ഭരണാനുമതി നൽകി.

പാവപ്പെട്ടവരുടെ വിശപ്പകറ്റാൻ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഇന്ദിര ക്യാന്റീൻ പദ്ധതി നഗരസഭയിൽ അധികാരമേറ്റ് രണ്ട് മാസത്തിനുള്ളിൽ നടപ്പിലാക്കി. പശ്ചിമ കൊച്ചിയിലെ യാത്രാക്ലേശം പരിഹരിക്കാൻ അത്യാധുനിക സൗകര്യങ്ങളുള്ള മൂന്നാമത്തെ റോ-റോ നിർമ്മാണം അതിവേഗം പൂർത്തിയാക്കി. ഇതിൽ വനിതകൾക്ക് സൗജന്യ യാത്ര അനുവദിച്ച നഗരസഭയുടെ തീരുമാനം മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോ-റോയിലെ 'ഇന്ദിര യാത്ര' പദ്ധതിയുടെ ഉദ്ഘാടനം ആദ്യ ടിക്കറ്റ് മേയർ വി.കെ. മിനിമോൾക്ക് നൽകി മുഖ്യമന്ത്രി നിർവ്വഹിച്ചു.

മേയർ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ മുഹമ്മദ് ഷിയാസ്, ടോണി ചമ്മണി, ടി.ജെ. വിനോദ്, ദീപക് ജോയ്, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷറഫ്, സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ, കെ.എസ്.ഐ.എൻ.സി മാനേജിംഗ് ഡയറക്ടർ ആർ. ഗിരിജ, സി.എസ്.എം.എൽ സി.ഇ.ഒ അരുൺ എൻ. നായർ, കൊച്ചിൻ ഷിപ്പ്‌യാർഡ് സി.എം.ഡി വി.ജെ. ജോസ്, റവ. ഡോ. ആന്റണി കാട്ടിപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.

 എല്ലാവർക്കും സൗജന്യ യാത്ര

റോ-റോയിൽ സ്ത്രീ-പുരുഷ ഭേദമന്യേ എല്ലാവർക്കും യാത്ര സൗജന്യമാക്കുമെന്ന് മേയർ വി.കെ. മിനിമോൾ പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ സ്ത്രീകൾക്കാണ് സൗജന്യ യാത്ര അനുവദിച്ചത്. വൈകാതെ ഇത് പുരുഷന്മാർക്കും ലഭ്യമാക്കുമെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ മേയർ പറഞ്ഞു.

 സൗകര്യങ്ങൾ

കൊച്ചിൻ ഷിപ്പ്‌യാർഡ് നിർമ്മിച്ച പുതിയ റോ-റോയിൽ ഒരേസമയം 14 ട്രക്കുകൾക്കും 12 കാറുകൾക്കും 50 യാത്രക്കാർക്കും സഞ്ചരിക്കാം. മൂന്നാം റോ-റോ യാഥാർത്ഥ്യമാകുന്നതോടെ ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി മേഖലയിലുള്ളവർക്ക് എറണാകുളത്തേക്കും വൈപ്പിനിലേക്കുമുള്ള യാത്ര കൂടുതൽ സുഗമമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, RO RO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL