SignIn
Kerala Kaumudi Online
Saturday, 08 August 2026 9.52 AM IST

ഓപ്പറേഷൻ പ്രവാഹ് : തീവ്രമഴയെ ചെറുക്കാൻ സിയാൽ സജ്ജം

madathimoola
ചെങ്ങമനാട് മഠത്തിമൂല പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു

നെടുമ്പാശേരി: തീവ്രമഴയുടെ പശ്ചാത്തലത്തിൽ കൊച്ചി വിമാനത്താവളത്തിലേയും പരിസരപ്രദേശങ്ങളിലേയും വെള്ളപ്പൊക്കം ഒഴിവാക്കാൻ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കി സിയാൽ. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള 'ഓപ്പറേഷൻ പ്രവാഹ് " അതിവേഗം പുരോഗമിക്കുകയാണ്. പുതിയ നിരീക്ഷണ സംവിധാനങ്ങളും ഏർപ്പെടുത്തുന്നുണ്ട്.

ചെങ്ങൽത്തോട്, കൈതകാട്ടുചിറത്തോട്, ഡൈവേർഷൻ കനാൽ എന്നിവിടങ്ങളിൽ തോട് ശുചീകരണം നടപ്പിലാക്കി. 23.85 കിലോമീറ്റർ ദൈർഘ്യമുള്ള തോടുകളിലും കനാലുകളിലുമായാണ് ശുചീകരണം. 41 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. ഇതിൽ 17.90 കിലോമീറ്റർ ചെങ്ങൽത്തോടും, 3.15 കിലോമീറ്റർ ഡൈവേർഷൻ കനാലും, 2.80 കിലോമീറ്റർ കൈതകാട്ടുചിറത്തോടുമാണ്.

പദ്ധതി നാല് പാക്കേജുകളിൽ

നാല് പാക്കേജുകളായി തിരിച്ചാണ് പദ്ധതി. ഒന്നാം പാക്കേജിൽ 14.86 ലക്ഷം രൂപ ചിലവൽ കോസ്റ്റ് ഗാർഡ് എൻക്ലേവിൽ നിന്ന് പെരിയാർ വരെ ചെങ്ങൽത്തോടും ഡൈവേർഷൻ കനാലും ഉൾപ്പെടും. രണ്ടാം പാക്കേജിൽ 2.80 കിലോമീറ്റർ കൈതകാട്ടുചിറത്തോടും കല്ലയം മുതൽ ചൊവ്വര വരെ 3.20 കിലോമീറ്റർ ചെങ്ങൽത്തോടിനുമായി 11 ലക്ഷം രൂപയാണ് ചെലവ്. മൂന്നാം പാക്കേജിന്റെ ഭാഗമായി ചൊവ്വര മുതൽ മഠത്തിമൂല വരെ 4.70 കിലോമീറ്റർ ചെങ്ങൽത്തോടിൽ 7.88 ലക്ഷം രൂപയും നാലാം പാക്കേജ് മഠത്തിമൂല മുതൽ പനയക്കടവ് പാലം വരെ 4.50 കിലോമീറ്റർ ചെങ്ങൽത്തോടും ഉൾപ്പെടുന്നതാണ്.

മഴവെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാൻ എ.പി. വർക്കി, ചെത്തിക്കോട്, കുഴിപ്പള്ളം എന്നിവിടങ്ങളിലെ മൂന്ന് പാലങ്ങളും നിരവധി റോഡുകളുടെ പുനരുദ്ധാരണവും പൂർത്തിയാക്കി.

40 കോടി, മൂന്ന് പാലങ്ങൾ

ചൊവ്വര, മഠത്തിൽമൂല, പുളിയാമ്പിള്ളി എന്നിവിടങ്ങളിലായി 40 കോടി രൂപ ചെലവിൽ പാലങ്ങളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്. നിർമ്മാണ ചുമതല റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള റൈറ്റ്‌സ് ലിമിറ്റഡിനാണ്. ജലവിഭവവകുപ്പ്, കെ.എസ്.ഇ.ബി വകുപ്പുകളുടെ ഏകോപനത്തിലൂടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗതയേറി.

ഓപ്പറേഷൻ പ്രവാഹിന്റെ രണ്ടാംഘട്ടത്തിൽ റൺവേയുടെ തെക്ക് ഭാഗത്തുള്ള ഡൈവേർഷൻ കനാൽ വീതികൂട്ടുകയും 20 കിലോമീറ്റർ ചുറ്റളവിലുള്ള വിവിധ തോടുകൾ നവീകരിച്ചതോടെയും വെള്ളപ്പൊക്കം നിയന്ത്രിക്കാനായി.

പെരിയാറിലെ ജലനിരപ്പ് നിരീക്ഷണം

പെരിയാറിൽ നീലീശ്വരം മുതൽ വിവിധ ഭാഗങ്ങളിലെ ജലനിരപ്പ് തുടർച്ചയായി നിരീക്ഷിക്കും. വിവിധ ഭാഗങ്ങളിലുള്ള വെള്ളത്തിന്റെ അളവ്, വിമാനത്താവളത്തിലെ ഡ്രെയിനേജ് ശൃംഖലയിലെ അകത്തേക്കും പുറത്തേക്കുമുള്ള ജലപ്രവാഹം എന്നിവയും നിരീക്ഷിക്കും. ഡാറ്റ കേന്ദ്രീകൃത സംവിധാനത്തിലൂടെ ശേഖരിച്ച് വിശകലനം ചെയ്തശേഷം തുടർനടപടിയെടുക്കും. എൻജിനിയറിംഗ് വകുപ്പുകളെ സംയോജിപ്പിച്ചുള്ള സമഗ്രമായ നിരീക്ഷണം നടപ്പിലാക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL