SignIn
Kerala Kaumudi Online
Friday, 14 August 2026 12.21 AM IST

ആവണംകോട് പെരിന്തോടിന് സംരക്ഷണം അനിവാര്യം

cial
ആവണംകോട് പെരുന്തോട് സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് സിയാൽ അധികൃതർ സ്ഥലം സന്ദർശിക്കാനെത്തിയപ്പോൾ

നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ 11,12 വാർഡുകളുടെ അതിർത്തി പങ്കിടുന്ന ആവണംകോട് പെരുന്തോട് കെട്ടി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായി. തോടിന്റെ ഒരു ഭാഗത്ത് സംരക്ഷണ ഭിത്തിയില്ലാത്തതിനാൽ നാശത്തിന്റെ വക്കിലാണെന്നും വേനൽക്കാലത്ത് ഇത് കൃഷി നാശത്തിന് കാരണമാകുമെന്നും കർഷകർ പരാതിപ്പെട്ടു.

സിയാൽ അനുബന്ധ സ്ഥാപനമായ ഗോൾഫിലെയും ട്രേഡ് സെന്റർ പ്രദേശത്തെയും ആവണംകോട് ഭാഗത്തെയും വെള്ളം പെരിന്തോടിലൂടെയാണ് കൈതക്കാട്ടു ചിറയിലേക്ക് ഒഴുകുന്നത്. നേരത്തെ ഗ്രാമപഞ്ചായത്തിന്റെയും കർഷകരുടെയും ആവശ്യം പരിഗണിച്ച് സിയാൽ രണ്ട് ഘട്ടങ്ങളായി 150 മീറ്റർ നീളത്തിൽ തോടിന് സംരക്ഷണഭിത്തി കെട്ടിയിരുന്നു. കൂടാതെ ഒരു കൽവർട്ടും മണിയത്തറ കനാൽ റോഡിൽ നിന്ന് പെരുന്തോട് വരെ രണ്ട് പുതിയ റോഡുകളും നിർമ്മിച്ചിരുന്നു.

കൃഷിനാശ ഭീതിയിൽ

കർഷകർ

തോടിന്റെ അവശേഷിക്കുന്ന 200 മീറ്ററോളം കരിങ്കല്ല് കെട്ടി സംരക്ഷിക്കാത്തതിനാൽ കർഷകരുടെ 1000ത്തിലേറെ ഏക്കർ സ്ഥലത്തെ കൃഷി നാശത്തിന്റെ വക്കിലാണ്. തോട് നിറഞ്ഞുകവിഞ്ഞ് വരുന്ന വെള്ളം കൃഷി നശിക്കാൻ കാരണമാകുന്നു.

ഗോൾഫ് പ്രദേശത്തെ തോടിന്റെ വീതി മൂന്നിരട്ടിയാക്കിയതിനാൽ നേരത്തെ കെട്ടിയ സംരക്ഷണഭിത്തിക്ക് ഉയരം കൂട്ടേണ്ട അവസ്ഥ.

മണിയത്തറ കനാൽ റോഡിൽ നിന്ന് ഗോൾഫിന്റെ മതിലിന്റെ അരികിൽ കൂടി പെരുന്തോട് വരെ മുമ്പ് സിയാൽ നിർമ്മിച്ച 326 മീറ്റർ നീളമുള്ള റോഡ് ഉയർത്തി ടാറിംഗ് നടത്തണം.

 പെരുന്തോടിന് അരികിലൂടെ റോഡ് നിർമ്മിക്കാൻ സൗജന്യമായി ഭൂമി പഞ്ചായത്തിന് വിട്ടു നൽകാൻ തയ്യാറാണെന്ന് കർഷകർ.

മുഖ്യമന്ത്രി ഇടപെട്ടു; സിയാൽ

അധികൃതർ സ്ഥലം സന്ദർശിച്ചു

പെരിന്തോട് സംരക്ഷിക്കണമെന്നും തോടിന് സമീപത്ത് കൂടി റോഡ് നിർമ്മാണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് 11-ാം വാർഡ് കമ്മിറ്റി നൽകിയ നിവേദനത്തെ തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ അടിയന്തര ഇടപെടൽ. മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതനുസരിച്ച് അൻവർ സാദത്ത് എം.എൽ.എ സിയാൽ അധികൃതരുമായി ബന്ധപ്പെട്ടു. തുടർന്ന് സിയാൽ സിവിൽ വിഭാഗം ജനറൽ മാനേജർ ഉഷാദേവി, ഡെപ്യൂട്ടി ജനറൽ മാനേജർ ബിബിൻ സാബു എന്നിവർ സ്ഥലം സന്ദർശിച്ചു. വാർഡ് മെമ്പർ ജോളി റോയ്, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ബിജു കെ. മുണ്ടാടൻ എന്നിവരും ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, PERUMTHODU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL