SignIn
Kerala Kaumudi Online
Sunday, 16 August 2026 3.43 AM IST

വിലയുള്ളപ്പോൾ വിളവില്ല, വിളവുള്ളപ്പോൾ വിലയില്ല. ഞാലിപ്പൂവൻ സെഞ്ച്വറിയിലേക്ക് നേന്ത്രന്റെ വില പിടിവിട്ടു

pazham

കോലഞ്ചേരി: ഓണം അടുത്തെത്തിയതോടെ നേന്ത്രപ്പഴത്തിനും ഞാലിപ്പൂവനും വില കുതിച്ചുയരുമ്പോഴും ആവശ്യത്തിന് വിളവെടുക്കാനാകാത്തതിന്റെ സങ്കടത്തിൽ വാഴ കർഷകർ. വിലയുള്ളപ്പോൾ വിളവില്ലെന്ന പതിവ് ദുരവസ്ഥയാണ് ഇത്തവണയും. വിപണിയിൽ ഞാലിപ്പൂവൻ കിലോയ്ക്ക് 100 രൂപയെന്ന ലക്ഷ്യമിട്ട് കുതിക്കുമ്പോൾ നേന്ത്രപ്പഴത്തിനും മികച്ച വിലയാണ് ലഭിക്കുന്നത്.

ശക്തമായ മഴയും കാലാവസ്ഥാ വ്യതിയാനവും വാഴക്കൃഷിയെ സാരമായി ബാധിച്ചതാണ് ഉത്പാദനം കുറയാൻ പ്രധാന കാരണം. മഴയെ തുടർന്ന് പല പ്രദേശങ്ങളിലും വാഴകൾ നശിക്കുകയും കൃഷിയിടങ്ങളിൽ വെള്ളക്കെട്ടുണ്ടാകുകയും ചെയ്തു. തമിഴ്നാട് അടക്കമുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്ന് വാഴപ്പഴത്തിന്റെ വരവ് കുറഞ്ഞതോടെ വിപണിയിൽ ലഭ്യതയും കുറഞ്ഞു.

വി.എഫ്.പി.സി.കെ വിപണി കണക്കുകൾ പ്രകാരം നാടൻ ഞാലിപ്പൂവന് നിലവിൽ വലിയ ക്ഷാമമാണ് അനുഭവപ്പെടുന്നത്. വിപണികളിൽ ഞാലിപ്പൂവന് കിലോയ്ക്ക് 80 മുതൽ 90 രൂപ വരെയാണ് ലേലവില. എറണാകുളത്ത് മൊത്തവില 80 രൂപയും ചില്ലറവില 87 രൂപയും ആലുവയിൽ മൊത്തവില 80 രൂപയും ചില്ലറവില 82 രൂപയുമാണ്. നാട്ടിൻപുറങ്ങളിൽ ചില്ലറ വില നൂറിലെത്തി. നാടൻ ഞാലിപ്പൂവന് ഇതിലും ഉയർന്ന വില ലഭിക്കുന്നുണ്ട്. ഓണവിപണി സജീവമാകുന്നതോടെ വില വീണ്ടും ഉയരുമെന്നാണ് വിലയിരുത്തൽ.

നേന്ത്രപ്പഴവും വിലക്കയറ്റത്തിൽ

നേന്ത്രപ്പച്ചക്കായയുടെ വില കിലോയ്ക്ക് 70 മുതൽ 75 രൂപ വരെയെത്തി. പത്ത് ദിവസത്തിനിടെ കിലോയ്ക്ക് 20 രൂപ വരെ വർദ്ധിച്ചു. നേന്ത്രപ്പഴത്തിന് 70 മുതൽ 85 രൂപ വരെയായാണ് നിലവിലെ വില.

വില ഉയർന്നത് കർഷകർക്ക് ആശ്വാസമാണെങ്കിലും ആവശ്യത്തിന് വിളവെടുക്കാനാകാത്തതിനാൽ ഗുണം പൂർണമായി ലഭിക്കുന്നില്ല. നല്ല രീതിയിൽ പരിപാലിച്ച ഒരു നേന്ത്രവാഴയിൽ നിന്ന് ശരാശരി 20 കിലോയോളം തൂക്കമുള്ള കുല ലഭിക്കും. ഒരു കുലയ്ക്ക് ഏകദേശം 1,200 രൂപ വരെ ലഭിക്കാം. എന്നാൽ കാലാവസ്ഥ പ്രതികൂലമായതോടെ ഉത്പാദനം കുറഞ്ഞിരിക്കുന്നതിനാൽ വിലക്കയറ്റത്തിന്റെ നേട്ടം കർഷകരിൽ എത്തുന്നില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL