പള്ളുരുത്തി: ലഹരിക്കടിമയായ യുവാക്കൾ പെരുമ്പടപ്പിൽ നിന്ന് മോഷ്ടിച്ച ബൈക്കിൽ കിലോമീറ്ററുകൾ സഞ്ചരിച്ച് ആലുവ റെയിൽവെ സ്റ്റേഷനിലെ ഉയരമുള്ള ട്രാക്കിൽ നിന്ന് ആറടി താഴ്ചയിലേക്ക് തള്ളിയിട്ടു. കഴിഞ്ഞ 30നാണ് കേസിനാസ്പദമായ സംഭവം. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് കേസിലെ രണ്ടാം പ്രതിയും പെരുമ്പടപ്പ് വെള്ളിയത്തറ നാരായണൻ റോഡിൽ ചക്കുതറ വീട്ടിൽ ആമോസിനെ (20) പൊലീസ് പിടികൂടി. കേസിലെ ഒന്നാം പ്രതി പെരുമ്പടപ്പ് വി.എൻ പുരുഷൻ റോഡിൽ വെളിഞ്ഞനാ പറമ്പിൽ ആഷിക്ക് (25) ഒളിവിലാണ്. പെരുമ്പടപ്പ് സ്വദേശി സംഗീത് കുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് ബൈക്ക്.
പെരുമ്പടപ്പ് സുബ്രഹ്മണ്യ ക്ഷേത്ര മൈതാനിയിൽ നിന്ന് ഹോണ്ട ഷൈൻ ബൈക്കാണ് ഇരുവരും ചേർന്ന് രാത്രി 12.30 ഓടെ മോഷ്ടിച്ചത്. ബൈക്കുമായി ദീർഘദൂര യാത്ര ചെയ്യാനായിരുന്നു പദ്ധതി. ആലുവ റെയിൽവെ സ്റ്റേഷനിലെത്തിയപ്പോൾ യാത്ര ട്രെയിനിലാക്കാൻ തീരുമാനിച്ചു. ബൈക്ക് ഉപേക്ഷിച്ചാൽ പിടികൂടാൻ സാദ്ധ്യതയുള്ളത് കൊണ്ടാണ് റെയിൽവേ ട്രാക്കിൽ നിന്ന് തള്ളി താഴെ ഇട്ടതെന്ന് ആമോസ് പൊലീസിനോട് സമ്മതിച്ചു.
ബൈക്ക് ഉപേക്ഷിച്ച പ്രതികൾ റെയിൽവെ സ്റ്റേഷനിൽ കിടന്നുറങ്ങിപ്പോയി. പിറ്റേന്ന് വീട്ടിലേക്ക് മടങ്ങിയ പ്രതികൾ ഒന്നും അറിയാത്ത പോലെ നാട്ടിൽ കറങ്ങി നടക്കുകയായിരുന്നു. സമീപത്തെ സി.സി ടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ലഹരി ഉപയോഗത്തിനു ശേഷമാണ് പ്രതികൾ ബൈക്ക് മോഷ്ടിച്ചതെന്ന് സമ്മതിച്ചു. ബൈക്ക് കസ്റ്റഡിയിലെടുത്തു.ആമോസിനെ കോടതിയിൽ ഹാജരാക്കി കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു. പള്ളുരുത്തി സി.ഐ പി.പി.ജസ്റ്റിൻ, സബ് ഇൻസ്പെക്ടർ ശ്രീജിത്ത്, എസ്.ഐമാരായ കെ.ജയകുമാർ, സനിൽ, സിവിൽ ഓഫീസർ റിയാസ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |