SignIn
Kerala Kaumudi Online
Sunday, 13 September 2026 8.06 AM IST

മുടിയിൽ പാറമട: നാട്ടുകാരും പഞ്ചായത്തും പ്രതിഷേധത്തിൽ

chain
പാറമട ആരംഭിക്കുന്നതിനെതിരെ നാട്ടുകാരുടെ മനുഷ്യചങ്ങല

കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ 611 മുടിയിൽ പാറമട അനുവദിക്കാനുള്ള നീക്കത്തിനെതിരെ ജനരോഷം ശക്തമാകുന്നു. മുമ്പ് പലവട്ടം ഈ മലയിൽ പാറമടയ്ക്കുള്ള ശ്രമം നടന്നിരുന്നു. കൊണ്ടിമറ്റം ഭാഗത്ത് പാലക്കാടൻ ബിജുവിന്റെ സ്ഥലത്ത് പാറമട തുടങ്ങുന്നതിനുള്ള അപേക്ഷ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ പരിഗണനയിലാണ്. ദൂരപരിധി ചട്ടം അനുകൂലമാണെന്നാണ് വാദം. ഒന്നിലേറെ തവണ ഉരുൾപൊട്ടൽ നടന്നിട്ടുള്ള മലയുടെ താഴ്ഭാഗത്താണ് പാറമടയ്ക്കായി കണ്ടെത്തിയിട്ടുള്ള സ്ഥലം. മലയുടെ പല ഭാഗങ്ങളിലുമുള്ള ഭീമൻ ഉരുളൻകല്ലുകൾ താഴേക്ക് പതിക്കാവുന്ന നിലയിലാണ്. കല്ലുകൾ ജനവാസ മേഖലയ്ക്ക് ഭീഷണിയാണെന്നാണ് ഇവിടെ പരിശോധന നടത്തിയ ഭൗമശാസ്‌ത്ര വിദഗ്ദ്ധ സംഘത്തിന്റെ റിപ്പോർട്ട്. പാറമടയിലെ സ്‌ഫോടനങ്ങൾ പ്രകൃതിദുരന്തങ്ങൾക്കുള്ള വഴി തുറക്കലാകും എന്ന അനുഭവ പാഠമാണ് നാട്ടുകാരുടെ ആശങ്കയ്ക്ക് അടിസ്ഥാനം. ഒരു പാറമടയ്ക്ക് അനുമതിയായാൽ തക്കം പാർത്തിരിക്കുന്ന മറ്റുള്ളവരും രംഗത്തുവരാനുള്ള സാദ്ധ്യത ഏറെയാണ്.

611 മുടി പഞ്ചായത്തിലെ ഉയർന്ന പ്രദേശമാണ്. ചുറ്റുപാടും ജനവാസ മേഖലയും. അങ്കണവാടി, സ്കൂൾ, ആരാധനാലയങ്ങൾ എന്നിവയുണ്ട്. പാറമട തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക.

പാറമടക്കുള്ള അപേക്ഷ മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് പരിഗണിക്കുന്നതിൽ ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്കും എതിർപ്പാണ്. അപേക്ഷ നിരാകരിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണസമിതി യോഗം പ്രമേയം പാസാക്കി. പാറമട മൂലം ഉണ്ടാകാനിടയുള്ള ദൂഷ്യവശങ്ങൾ ചർച്ച ചെയ്ത ശേഷമാണ് പ്രമേയം അംഗീകരിച്ചത്.

പാറമടയ്ക്ക് അനുമതി ഉറപ്പാക്കാൻ ചില വഴിവിട്ട നീക്കങ്ങൾ നടക്കുന്നുവെന്ന ആക്ഷേപവും ഉണ്ട്. പുറമെ എതിർപ്പ് പ്രകടിപ്പിക്കുന്ന ജനപ്രതിനിധികളിൽ ചിലർ ഒത്താശ ചെയ്യുന്നുവെന്നും സംശയിക്കുന്നു. പാറമട തുടങ്ങാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ കൊണ്ടിമറ്റത്ത് മനുഷ്യച്ചങ്ങല തീർത്തു. വായ് മൂടിക്കെട്ടിയാണ് സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള നാട്ടുകാർ ചങ്ങലയിലും പ്രകടനത്തിലും പങ്കെടുത്തത്. ഷിബു തെക്കുംപുറം എം.എൽ.എ മനുഷ്യച്ചങ്ങല ഉദ്ഘാടനം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL