
കൊച്ചി: ഗോശ്രീ ഐലൻഡ്‌സ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (ജിഡ) ജനറൽ കൗൺസിൽ പുന:സംഘടിപ്പിച്ചതോടെ കൊച്ചിയിലും സമീപ ദ്വീപ് പ്രദേശങ്ങളിലുമുള്ള വികസന പദ്ധതികൾ വീണ്ടും പ്രതീക്ഷയുടെ ട്രാക്കിലേക്ക്. ഒരുവർഷത്തോളമായി കൗൺസിൽ യോഗം ചേരാത്തതിനെ തുടർന്ന് നിലച്ചിരുന്ന പദ്ധതികൾക്ക് ഇതോടെ ജീവൻ വയ്ക്കും. പുതുതായി നിലവിൽ വന്ന ജനറൽ കൗൺസിൽ വൈകാതെ യോഗം ചേരും.
മുഖ്യമന്ത്രി വി.ഡി. സതീശൻ ചെയർമാനായ ജനറൽ കൗൺസിലിൽ സർക്കാർ കഴിഞ്ഞ ദിവസമാണ് കൗൺസിൽ പുനഃസംഘടിപ്പിച്ചത്. ഹൈബി ഈഡൻ എം. പി, എം.എൽ.എമാരായ ടോണി ചമ്മിണി, ടി. ജെ. വിനോദ്, മുഹമ്മദ് ഷിയാസ്, കൊച്ചി മേയർ വി. കെ. മിനിമോൾ, മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് അക്വിലിൻ ലോപ്പസ്, കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് എം. എസ് ആന്റണി, പഞ്ചായത്ത് പ്രസിഡന്റുമാരായ ബെന്നി ബെർണാഡ് (എളങ്കുന്നപ്പുഴ), ആശ പൗലോസ്(ഞാറയ്ക്കൽ) , ജോബി വർഗീസ് (നായരമ്പലം), ജില്ലാ പഞ്ചായത്തംഗം വിവേക് ഹരിദാസ്, എം. ജെ ടോമി, സി. ജെ ജോർജ്, എ. പി ആന്റണി, ടി. കെ ഷഹീർ, അഡ്വ. കെ. ഐ അബ്ദുൾ റഷീദ് എന്നിവരാണ് കൗൺസിലിൽ.ജില്ലാ കളക്ടർ ജി. പ്രിയങ്ക, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി, ജില്ലാ ടൗൺ പ്ലാനർ, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ (നിരത്തുകളും പാലങ്ങളും) എന്നിവരും കൗൺസിൽ അംഗങ്ങളാണ്.
വിനോദസഞ്ചാര
കേന്ദ്രങ്ങളാക്കും
റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണം എന്നതിലുപരി, മേഖലയുടെ സമഗ്രമായ അടിസ്ഥാന സൗകര്യ വികസനത്തിനാണ് അതോറിറ്റി ഇപ്പോൾ മുൻഗണന നൽകുന്നത്. സാങ്കേതിക അനുമതിയും ഫണ്ടുമായി ബന്ധപ്പെട്ട തടസങ്ങൾ കാരണം ചെന്നൂർ കോത്താട് പാലത്തിനായുള്ള ടെൻഡർ നടന്നിട്ടില്ല. കടമക്കുടിയിലെ റോഡ് വികസനവും ഫണ്ട് അനുവദിച്ചിട്ടുള്ള മറ്റ് അടിസ്ഥാന സൗകര്യ വികസന പദ്ധതികളും നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
വൈപ്പിൻ, കടമക്കുടി ഉൾപ്പെടെയുള്ള ദ്വീപ് മേഖലകളെ അന്താരാഷ്ട്ര തലത്തിൽ വിനോദസഞ്ചാര സാദ്ധ്യതകളുള്ള പ്രധാന കേന്ദ്രങ്ങളായി വികസിപ്പിക്കാൻ അതോറിറ്റി പദ്ധതിയിടുന്നുണ്ട്.
കടമക്കുടി-പിഴല-മൂലമ്പിള്ളി പാലവും സമീപ റോഡുകളും വികസിപ്പിക്കുന്നത് ജിഡയുടെ സജീവ പരിഗണനയിലുണ്ട്.
വൈപ്പിൻ, കടമക്കുടി മേഖലകളിലെ കുടിവെള്ള പദ്ധതികൾ ശക്തിപ്പെടുത്താനും പദ്ധതിയുണ്ട്.
ജിഡ-1994
ജില്ലയിലെ ദ്വീപ് മേഖലകളുടെ സമഗ്ര വികസനത്തിനായി 1994ൽ രൂപീകരിച്ച സർക്കാർ സംവിധാനമാണ് ഗോശ്രീ ഐലൻഡ്‌സ് ഡെവലപ്‌മെന്റ് അതോറിറ്റി (ജിഡ). വൈപ്പിൻ, കടമക്കുടി അടക്കമുള്ള ദ്വീപുകളിൽ റോഡുകൾ, പാലങ്ങൾ, കുടിവെള്ള പദ്ധതികൾ, ടൂറിസം വികസനം എന്നിവ നടപ്പിലാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |