SignIn
Kerala Kaumudi Online
Monday, 14 September 2026 2.23 AM IST

തുടർച്ചയായ ബാങ്ക് പണിമുടക്ക്, അവധി ആശങ്കയിൽ വ്യാപാരി, വ്യവസായികൾ

bank

കൊച്ചി: അവധികളും പണിമുടക്കും മൂലം ബാങ്കുകളുടെ പ്രവർത്തനം തുടർച്ചയായി തടസപ്പെടുന്നതിൽ ആശങ്കയുമായി വ്യാപാരി, വ്യവസായി സമൂഹം. പൊതുജനങ്ങൾക്കും വ്യാപാരികൾക്കും വ്യവസായികൾക്കും ചെറുകിട സംരംഭകർക്കും വലിയ ദുരിതവും സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിക്കുന്ന അവസ്ഥ ഒഴിവാക്കണമെന്ന് വ്യാപാരികളും വ്യവസായികളും ആവശ്യപ്പെട്ടു.

യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയൻസ് (യു.എഫ്.ബി.യു) പ്രഖ്യാപിച്ച പണിമുടക്കിന് പിന്നാലെ ശനി, ഞായർ ദിവസങ്ങളിലെ അവധിയും മൂലം ബാങ്കിംഗ് സേവനങ്ങൾ തുടർച്ചയായി മൂന്ന് ദിവസം തടസപ്പെട്ടു. വിനായക ചതുർത്ഥിക്ക് ചില സംസ്ഥാനങ്ങളിൽ ഇന്ന് അവധി വരുന്നതിനാൽ തുടർച്ചയായി നാല് ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജീവനക്കാരുടെ സംഘടനകളുമായി ചർച്ച നടത്തി തുടർച്ചയായ പണിമുടക്കുകൾ ഒഴിവാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു. തുടർച്ചയായ അവധി ദിവസങ്ങളോട് ചേർത്ത് ബാങ്കിംഗ് സേവനങ്ങൾ പൂർണമായി സ്തംഭിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനും അത്യാവശ്യ ബാങ്കിംഗ് സേവനങ്ങൾ തടസമില്ലാതെ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനും സർക്കാർ ശക്തമായ സംവിധാനം ഏർപ്പെടുത്തണം. ജനജീവിതത്തെയും വ്യാപാര മേഖലയെയും അനിശ്ചിതത്വത്തിലാക്കുന്ന സ്ഥിതി ഒഴിവാക്കാൻ സർക്കാർ ഇടപെടണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

ദൈനംദിന ഇടപാടുകൾ മുടങ്ങും

തൊഴിൽ സംഘടനകളുടെ ആവശ്യങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനുള്ള നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിക്കണം. പണിമുടക്ക് അവകാശം ബാങ്കിംഗ് സേവനങ്ങൾ ആശ്രയിക്കുന്ന ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന വിധത്തിലാകണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു.

വ്യാപാരികളുടെ ദിവസേനയുള്ള പണമിടപാടുകൾ, ശമ്പള വിതരണം, ചെക്ക് ക്ലിയറൻസ്, വായ്പാ തിരിച്ചടവ്, നികുതി അടയ്ക്കൽ, ഡിജിറ്റൽ ബാങ്കിംഗ് സംബന്ധമായ അടിയന്തര ഇടപാടുകൾ തുടങ്ങി നിരവധി ബാങ്കിംഗ് പ്രവർത്തനങ്ങൾ തടസപ്പെടും.

ചെറുകിട-ഇടത്തരം വ്യാപാര സ്ഥാപനങ്ങളുടെ പണമിടപാടുകളെയും ബിസിനസ് പ്രവർത്തനങ്ങളെയും ഗുരുതരമായി ബാധിക്കും.

വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാകാത്ത സാഹചര്യം സാമ്പത്തിക പ്രവർത്തനങ്ങളുടെ സ്വാഭാവിക ഒഴുക്കിന് തടസം സൃഷ്ടിക്കും.

അടച്ചിടൽ ഇങ്ങനെ

സെപ്തംബർ

12 പണിമുടക്ക്

13 രണ്ടാം ശനി

14 ഞായർ അവധി

28, 29, 30 പണിമുടക്ക്

ഒക്ടോബർ

26 അനിശ്ചിതകാല പണിമുടക്ക്

പൊതുജനങ്ങളുടെ നിത്യജീവിതത്തെയും വ്യാപാര-വാണിജ്യ പ്രവർത്തനങ്ങളെയും തടസപ്പെടുത്തുന്ന സമരരീതികൾക്ക് ശാശ്വതപരിഹാരം കാണേണ്ട സമയം അതിക്രമിച്ചു.

വി.ഇ. അൻവർ

ജനറൽ സെക്രട്ടറി

കെ.എം.സി.സി

പണിമുടക്ക് തൊഴിലാളികളുടെ നിയമപരമായ അവകാശമാണെങ്കിലും തുടർച്ചയായി ബാങ്കിംഗ് സേവനങ്ങൾ പൂർണമായി സ്തംഭിപ്പിക്കുന്ന സമരപരമ്പര ന്യായീകരിക്കാനാവില്ല

പി. നിസാർ

പ്രസിഡന്റ്

കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സ് (കെ.എം.സി.സി)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, BANK CLOSING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL