
കൊച്ചി: ജോലി ആവശ്യങ്ങൾക്കും മറ്റുമായി എറണാകുളത്ത് എത്തുന്ന കിഴക്കൻ മേഖലയിലുള്ളവർക്കും ഹൈറേഞ്ചുകാർക്കും കെ.എസ്.ആർ.ടി.സിയുടെ അവഗണന. രാത്രി 7 കഴിഞ്ഞാൽ യാത്രക്കാർക്ക് ആശ്രയമായിരുന്ന പ്രധാന ബസ് സർവീസുകൾ വെട്ടിച്ചുരുക്കി. മണിക്കൂറോളം ബസ് കാത്തുനിന്ന് തിക്കിലും തിരക്കിലുംപെട്ട് വീട്ടിലെത്തുമ്പോൾ രാത്രി 11 കഴിയുമെന്ന് മലയോര നിവാസികളായ യാത്രക്കാർ പറയുന്നു.
എറണാകുളത്തുനിന്ന് ആലുവ, പെരുമ്പാവൂർ, കോതമംഗലം വഴി കട്ടപ്പനയ്ക്ക് സർവീസ് നടത്തിയിരുന്ന കുമളി ഡിപ്പോയുടെ രാത്രി 8.30ന്റെ ഫാസ്റ്റ് പാസഞ്ചർ ബസാണ് അടുത്തിടെ അധികൃതർ നിറുത്തലാക്കിയത്. നിലവിൽ രാത്രി 7ന് ശേഷം ഈ വഴിയിൽ കൃത്യമായി ലഭിക്കുന്നത് രാത്രി 8ന് പുറപ്പെടുന്ന മൂന്നാറിലേക്കുള്ള പ്രിയദർശിനി സർവീസ് മാത്രമാണ്. മുമ്പ് 7.15ന് പുറപ്പെട്ടിരുന്ന കുമളി ബസിന്റെ സമയം 7.40ലേക്ക് മാറ്റിയെങ്കിലും ഇത് യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ പര്യാപ്തമല്ല.
അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് ദിവസേന ഈ റൂട്ടുകളെ ആശ്രയിക്കുന്നത്. രാത്രി വൈകി കോതമംഗലം ഉൾപ്പെടെയുള്ള കിഴക്കൻ മേഖലകളിലേക്ക് പോകുന്നവർ മണിക്കൂറുകളോളം ബസ് സ്റ്റാൻഡുകളിൽ കാത്തുനിൽക്കേണ്ട ദുരവസ്ഥയിലാണ്. മലയോര മേഖലയോടുള്ള കെ.എസ്.ആർ.ടി.സിയുടെ ഈ അവഗണനയ്‌ക്കെതിരെ ശക്തമായ ജനരോഷം ഉയരുന്നുണ്ട്.
കാരണം സ്ഥലംമാറ്റം?
ലാഭകരമായി ഓടിയിരുന്ന 8.30ന്റെ സർവീസ്, ഇടുക്കിയിലെ വിവിധ ഡിപ്പോകളിൽനിന്നുള്ള ജീവനക്കാരുടെ കൂട്ടസ്ഥലം മാറ്റത്തെത്തുടർന്ന് ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും ക്ഷാമം ചൂണ്ടിക്കാട്ടിയാണ് റദ്ദാക്കിയതെന്നാണ് വിവരം. രാത്രി 10നുള്ള നെടുങ്കണ്ടം, 11നുള്ള കുമളി സർവീസുകൾ ജീവനക്കാരുടെ കുറവ് കാരണം ഒന്നിടവിട്ട ദിവസങ്ങളിൽ മുടക്കുന്നതും പതിവാണ്.
വരാൻ ചറപറ ബസ്
രാവിലെ 5:00 മുതൽ അരമണിക്കൂർ ഇടവിട്ട് ഹൈറേഞ്ചിൽ നിന്ന് കിഴക്കൻ മേഖലകളിൽ നിന്ന് കൊച്ചിയിലേക്ക് ആവശ്യത്തിന് ബസുകൾ ലഭ്യമാണ്. എന്നാൽ, ജോലിയും മറ്റ് ആവശ്യങ്ങളും കഴിഞ്ഞ് രാത്രി തിരികെ നാട്ടിലേക്ക് പോകാൻ ബസില്ലാത്ത അവസ്ഥയാണുള്ളത്. രാവിലെ വരാൻ സൗകര്യമൊരുക്കുന്ന അധികൃതർ, രാത്രികാലങ്ങളിൽ തിരികെ പോകുന്നവരെ അവഗണിക്കുകയാണ്.
കോതമംഗലം,പെരുമ്പാവൂർ മേഖലകളിലേക്ക് രാത്രി 8 മണി കഴിഞ്ഞാൽ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പതിവായി മുടങ്ങുകയാണ്. 2 മണിക്കൂർ കഴിഞ്ഞ് രാത്രി 10 മണിക്കാണ് കിഴക്കൻ മേഖലകളിലേക്ക് അടുത്ത ബസുള്ളത്. അടിയന്തരമായി കോതമംഗലം, പെരുമ്പാവൂർ ഭാഗങ്ങളിലേക്ക് രാത്രി കാലങ്ങളിൽ കൂടുതൽ സർവീസുകൾ വേണം
എവിൻ
കോതമംഗലം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |