SignIn
Kerala Kaumudi Online
Saturday, 26 September 2026 3.46 AM IST

കേരള ജാലകം തുറന്ന് കെ.ടി.എം പ്രദർശനം

ktm

കൊച്ചി: ലോകത്തിന് മുമ്പിൽ തുറന്നുവച്ച കേരളത്തിന്റെ ജാലകമാണ് കേരള ട്രാവൽ മാർട്ടിലെ (കെ.ടി.എം) പ്രദർശനകേന്ദ്രം. വിദേശികളും അന്യസംസ്ഥാനക്കാരും കേരളത്തിന്റെ സാംസ്‌കാരികവും സൗന്ദര്യപരവുമായ മികവുകൾക്കും ആതിഥ്യമര്യാദയ്ക്കും മുമ്പിൽ വിസ്‌മയം കൂറുന്നു.

വില്ലിംഗ്ഡൺ ഐലൻഡിലെ സാഗര, സാമുദ്രിക കൺവെൻഷൻ സെന്ററുകളിലാണ് പ്രദർശനവും ബിസിനസ് ടു ബിസിനസ് കൂടിക്കാഴ്‌ചകളും നടക്കുന്നത്. ടൂറിസം സംരംഭകരുടെ 383 വിപണന സ്റ്റാളുകളും കേരളം, തമിഴ്നാട്, ഇന്ത്യ ടൂറിസം തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളുടെ 25 സ്റ്റാളുകളും മേളയിലെ ആകർഷണമാണ്. ടൂറിസംമന്ത്രി പി.സി. വിഷ്‌ണുനാഥ് പ്രദർശനം ഉദ്ഘാടനം ചെയ്‌തു.

കേരളീയശൈലിയിൽ രൂപകല്പന ചെയ്‌തതാണ് സ്റ്റാൾ. നാലുകെട്ടിൽ പ്രവേശിക്കുന്ന രീതിയിൽ കേരളീയമാണ് രൂപകല്പന. കഥകളി, തെയ്യം തുടങ്ങിയ കേരളീയ കലാരൂപങ്ങൾ, അവതരണങ്ങൾ എന്നിവ വിദേശികളെ ഉൾപ്പെടെ ആകർഷിക്കുന്നു. കൈത്തറി കാണാൻ മാത്രമല്ല, വസ്ത്രങ്ങൾ നെയ്യാനും അവസരം ലഭിക്കും.

കഥകളി രൂപങ്ങൾ, ചുട്ടി എഴുതൽ, തെയ്യം, മൺപാത്രങ്ങളുടെ നിർമ്മാണം, പരമ്പരാഗത ശൈലിയിലെ സാരികൾ, മുണ്ടുകൾ തുടങ്ങിയവ പ്രദർശിപ്പിക്കുന്നുണ്ട്. ആറന്മുള കണ്ണാടി ഉൾപ്പെടെ തനത് ഉത്പന്നങ്ങളും കാണാം.

കേരളത്തിന്റെ മികവായ പ്രകൃതിസൗന്ദര്യമാണ് വിവിധ സ്റ്റാളുകളിലൂടെ അവതരിപ്പിക്കുന്നത്. അവയുടെ പശ്ചാലത്തിലെ താമസം, സ്ഥലം സന്ദർശനങ്ങൾ, സാഹസികകേന്ദ്രങ്ങൾ, വിനോദസൗകര്യങ്ങൾ, യാത്രാസൗകര്യം തുടങ്ങിയവ വിശദമാക്കുന്ന വീഡിയോ അവതരണം, ചിത്രങ്ങൾ, ലഘുലേഘകൾ, ഡിജിറ്റൽ അവതരണങ്ങൾ തുടങ്ങിയവ സ്റ്റാളുകളിൽ സുലഭമാണ്.

ഹോട്ടലുകൾ, റിസോർട്ടുകൾ, ട്രാവൽ ടൂറിസം ഏജൻസികൾ, ബുക്കിംഗ് ഏജൻസികൾ, പ്രചാരണ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സ്റ്റാളുകളിൽ വിപുലമായ വിപണനസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആയുർവേദ ചികിത്സ, സൗഖ്യചികിത്സ, ആരോഗ്യ ടൂറിസം തുടങ്ങിയവ ലഭ്യമാക്കുന്ന സ്റ്റാളുകളുണ്ട്.

പ്രദർശനത്തിൽ ക്ഷണിതാക്കൾക്ക് മാത്രമാണ് പ്രവേശനം. സമാപന ദിവസമായ നാളെ ഉച്ചയ്‌ക്കുശേഷം പൊതുജനങ്ങൾക്ക് പ്രവേശിക്കാമെന്ന് കെ.ടി.എം ഭാരവാഹികൾ പറഞ്ഞു.

കേരളത്തിന്റെ തനതു കലകളും സംസ്കാരവും സംരക്ഷിച്ചുകൊണ്ടുള്ള ടൂറിസം മാതൃകയോടാണ് സർക്കാരിനു താത്പര്യം.

പി.സി. വിഷ്ണുനാഥ്

ടൂറിസം - സാംസ്കാരിക മന്ത്രി

വാണിജ്യമേഖലയും പ്രാദേശിക സമൂഹവും പരസ്പരം സഹകരിച്ച് നേട്ടങ്ങൾ കൈവരിക്കുന്നതിന്റെ ഉദാഹരണമാണ് പ്രദർശനം.

ജോസ് പ്രദീപ്

കെ.ടി.എം പ്രസിഡന്റ്

ഉത്തരവാദിത്ത ടൂറിസത്തിന്റെ പവലിയനുകൾ വ്യത്യസ്തവും കേരളീയ കാഴ്ചകളുടെ തനിപ്പകർപ്പുമാണ്

ഇൻഗ്രിഡ് സാൽനേവ

ഓസ്ട്രേലിയ

കേരളത്തിന്റെ അളവറ്റ സാംസ്ക്കാരിക പൈതൃകത്തിന്റെ പ്രതിഫലനമാണ് പ്രദർശനം

അന്ന സ്റ്റെപോനോവ

റഷ്യ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, KTM EXHIBITION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL