
ആമ്പല്ലൂർ: കോട്ടയം മെഡിക്കൽ കോളേജിൽനിന്ന് ഇലക്ട്രീഷ്യനായി വിരമിച്ച വിജയൻ പിള്ള (56) കൃഷിയിൽ നൂറുമേനി കൊയ്യുന്നു. സ്വന്തം പുരയിടത്തിലും പാട്ടത്തിനെടുത്ത ഭൂമിയിലുമായി നെല്ല്, പച്ചക്കറി, കിഴങ്ങുവർഗങ്ങൾ എന്നിവ കൃഷി ചെയ്യുന്നതിനൊപ്പം ആട്, പശു വളർത്തലിലും ഇദ്ദേഹം സജീവമാണ്.
സ്വന്തമായുള്ള 50 സെന്റ് പുരയിടത്തിനും 40 സെന്റ് വയലിനും പുറമെ ഒന്നേകാൽ ഏക്കർ പാട്ടത്തിനെടുത്താണ് നെൽക്കൃഷി. ചേന, കപ്പ, മത്തൻ, ഇഞ്ചി തുടങ്ങിയവ ജൈവരീതിയിൽ വിളയിക്കുന്നു. ഉത്പന്നങ്ങൾ നാട്ടുകാർക്ക് നേരിട്ടും കടകൾ വഴിയും വിൽക്കും. നെല്ല് സപ്ലൈകോയ്ക്കാണ് നൽകുന്നത്. മലബാറി ഇനത്തിൽപ്പെട്ട 15 ആടുകളും വെച്ചൂർ പശുവും ഇദ്ദേഹത്തിനുണ്ട്. പശുവിൽനിന്ന് ലഭിക്കുന്ന പാൽ സമീപവാസികൾക്കാണ് നൽകുന്നത്.
അമ്പലമേട് സ്വദേശിയായ വിജയൻ പിള്ള 1966ൽ ഫാക്ടറിക്കായി സ്ഥലം ഏറ്റെടുത്തപ്പോഴാണ് ആമ്പല്ലൂരിലെത്തിയത്. കൃഷ്ണൻ നായരുടെയും അമ്മാളുവമ്മയുടെയും മകനായ ഇദ്ദേഹം കർഷക കുടുംബത്തിലാണ് വളർന്നത്. ഐ.ടി.ഐ ഇലക്ട്രിക്കൽ പാസായ ശേഷം 1984 മുതൽ 1992 വരെ എറണാകുളം സ്കിൽടെക്കിൽ അദ്ധ്യാപകൻ ആയിരുന്നു. പിന്നീട് പി.എസ്.സി വഴി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ചേർന്നു. 2008ൽ മൂന്ന് ഏക്കറിൽ കൃഷി ചെയ്തിരുന്നെങ്കിലും തൊഴിലാളിക്ഷാമം മൂലം വിസ്തൃതി കുറച്ചു.
ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിന്റെ സമ്മിശ്ര കർഷക പുരസ്കാരം 2019ലും 2024ലും ഇദ്ദേഹത്തിന് ലഭിച്ചു. ഭാര്യ പ്രഭ കൃഷിയിൽ സഹായിയായി ഒപ്പമുണ്ട്. മക്കളായ അഖിലും അമലും ബി.ടെക് മെക്കാനിക്കൽ എൻജിനിയർമാർ ആണ്. ആരോഗ്യമുള്ളിടത്തോളം കാലം മണ്ണിനൊപ്പം തുടരാനാണ് വിജയൻ പിള്ളയുടെ തീരുമാനം.
കൃഷി ലാഭത്തിനുവേണ്ടി മാത്രമല്ല, അതൊരു സംസ്കാരമാണ്. ഇടനിലക്കാർ ലാഭം കൊയ്യുമ്പോൾ കർഷകന് കൃഷിച്ചെലവ് പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്. കർഷകർക്ക് നേരിട്ട് വിപണി ഒരുക്കണം
വിജയൻ പിള്ള
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |