കൊച്ചി: കണ്ടെയ്‌നർ കപ്പലിനെ കൊച്ചി അഴിമുഖം വഴി തീരക്കടലിൽ എത്തിച്ച് പൈലറ്റ് ബോട്ടിലേക്ക് തിരിച്ചിറങ്ങുന്നതിനിടെ ഏണി പൊട്ടി കൊച്ചി തുറമുഖ ട്രസ്റ്റിന്റെ ഷിപ്പ് പൈലറ്റായ യുവാവിന് ഗുരുതര പരിക്കേറ്റു. സംഭവത്തിൽ കപ്പലിന്റെ ക്യാപ്ടനെയും ഡ്യൂട്ടി ഓഫീസറെയും പ്രതികളാക്കി ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്തു.
രാമേശ്വരം മുണ്ടംവേലിയിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണൂർ സ്വദേശി എം.എസ്. അനീഷിനാണ് (33) പരിക്കേറ്റത്. കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രി 9.20ന് കൊച്ചി തുറമുഖത്ത് നിന്ന് 5 നോട്ടിക്കൽ മൈൽ അകലെ ഡിസ്എംബാർക്കേഷൻ പോയിന്റിൽവച്ചായിരുന്നു അപകടം. വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽ നിന്ന് ചരക്കുമായി പോയ എസ്.എസ്.എൽ ഭാരത് എന്ന കപ്പലിന് അകമ്പടി സേവിച്ച് മടങ്ങുന്നതിനിടെയാണ് സംഭവം.
കപ്പൽ സുരക്ഷിതമായി കപ്പൽച്ചാൽ പിന്നിട്ടതോടെ ഡിസ്എംബാർക്കേഷൻ പോയന്റിൽവച്ച് അനീഷ് പൈലറ്റ് ബോട്ടിലേക്ക് തിരിച്ചിറങ്ങുന്നതിനിടെയായിരുന്നു അപകടം. അനീഷിന് ഇറങ്ങാനായി തുറമുഖ ട്രസ്റ്റിന്റെ പൈലറ്റ് ബോട്ട് കപ്പലിന് മദ്ധ്യഭാഗത്ത് നിറുത്തിയിട്ടു. തുടർന്ന് കപ്പലിലെ പൈലറ്റ് ലാഡർ എന്നറിയപ്പെടുന്ന എണിയിലൂടെ അനീഷ് താഴേക്ക് ഇറങ്ങിത്തുടങ്ങി. 12 മീറ്റർ നീളമുള്ള ഏണിയുടെ മദ്ധ്യഭാഗത്ത് എത്തിയപ്പോഴാണ് തകർന്നത്. ഏണി സഹിതം പൈലറ്റ് ബോട്ടിലേക്ക് വീണ അനീഷിന്റെ കാലിനും നട്ടെല്ലിനും സാരമായി പരിക്കേറ്റു. അതേ ബോട്ടിൽ തീരത്ത് എത്തിച്ച അദ്ദേഹത്തെ എറണാകുളം സൗത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അപകടവിവരം അറിഞ്ഞയുടൻ കോസ്റ്റൽ പൊലീസ് തുറമുഖ ട്രസ്റ്റുമായി ബന്ധപ്പെട്ട് കപ്പലിന്റെ യാത്ര തടഞ്ഞു. പൊലീസിന്റെ സയന്റിഫിക്ക് സംഘം കപ്പലിൽ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. പൊട്ടി വീണ ഏണി പൊലീസ് കസ്റ്റഡിയിലെടുത്തു. ക്യാപ്ടന്റെയും ഡ്യൂട്ടി ഓഫീസറുടെയും അറസ്റ്റ് രേഖപ്പെടുത്തി നോട്ടീസ് നൽകി വിട്ടയച്ചു. നടപടിക്രമങ്ങൾക്ക് ശേഷം വെള്ളിയാഴ്ചയാണ് കപ്പൽ തീരം വിട്ടത്.
അനീഷിന്റെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തിയാണ് കേസെടുത്തത്. കയർ ദ്രവിച്ചാണ് ഏണി പൊട്ടിയതെന്നാണ് പ്രാഥമിക നിഗമനം. കപ്പൽ ഉടമകളുടെ ഭാഗത്ത് വീഴ്ചയുണ്ടെന്നാണ് അനുമാനം.
ഇത്തരത്തിൽ അപകടമുണ്ടാകുന്നത് അപൂർവമാണെന്ന് കപ്പൽമേഖലയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. കട്ടിയേറിയ തടിയും സോളിഡ് റബറും ഉപയോഗിച്ചാണ് പൈലറ്റ് ലാഡർ നിർമ്മിക്കുന്നത്. കപ്പലിൽ നിന്ന് ഇറങ്ങുമ്പോൾ ഏണി തകർന്ന് കടലിൽ വീണ് ജീവാപായം ഉണ്ടാകാൻ സാദ്ധ്യതയേറെയാണ്. അതിനാൽ അതീവ സുരക്ഷയോടെയാണ് ലാഡർ ഏണി നിർമ്മിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |