SignIn
Kerala Kaumudi Online
Wednesday, 07 October 2026 1.43 AM IST

10 രൂപയില്ല, പബ്‌ളിക് ടോയ്‌‌ലറ്റിൽ യുവാവിന് മർദ്ദനം

idi

കൊച്ചി: മൂത്രമൊഴിക്കാൻ 10 രൂപ കൈവശമില്ലാത്തതിന്റെ പേരിൽ യുവാവിന് കൊച്ചിയിൽ മർദ്ദനമേറ്റു. നൂറ് കണക്കിന് സന്ദർശകർ നിത്യവുമെത്തുന്ന എറണാകുളം മറൈൻഡ്രൈവ് വോക്ക്‌വേയിലെ പബ്‌ളിക് ടോയ്‌‌ലറ്റിൽ കഴിഞ്ഞദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. യുവാവിനെ ആക്രമിച്ച ടോയ്‌‌ലറ്റ് ജീവനക്കാരൻ ഏലൂ‌ർ പാതാളം കൊടിയിൽ വീട്ടിൽ അജിത്ത് (45), വരാപ്പുഴ മഠത്തിൽപ്പറമ്പിൽ വീട്ടിൽ എം.എം. റോബിൻ (59) എന്നിവരെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു.

കുന്നത്തുനാട് എഴിപ്പുറം സ്വദേശിയായ യുവാവിനെയാണ് (38) നാലുപേരടങ്ങുന്ന സംഘം മ‌ർദ്ദിച്ചത്. മറൈൻഡ്രൈവിലെ കായൽകാഴ്ചകൾ കണ്ട് നീങ്ങുന്നതിനിടെയാണ് യുവാവിന് മൂത്രശങ്ക അനുഭവപ്പെട്ടത്. ആകെയുള്ള ആശ്രയം വോക്ക്‌വേയിൽ കൊച്ചി കോർപ്പറേഷന്റ അധീനതയിലുള്ള ടോയ്‌‌ലറ്റാണ്. മൂത്രമൊഴിക്കാൻ 10 രൂപയാണ് നിരക്ക്. കൈവശം 500 രൂപയുടെ നോട്ട് മാത്രമാണുണ്ടായിരുന്നത്. 10 രൂപ ജി പേ ചെയ്തു നൽകാമെന്ന് പറഞ്ഞിട്ടും ജീവനക്കാരൻ സമ്മതിച്ചില്ല. ചില്ലറയില്ലാതെ വലഞ്ഞ യുവാവ് രണ്ടും കൽപ്പിച്ച് ടോയ്‌‌ലറ്റിൽ കയറി.

ടോയ്‌‌ലറ്റിനകത്ത് യുവാവ് നിൽക്കുന്നതിനിടെ ജീവനക്കാരനും കൂട്ടാളികളും പുറത്ത് അസഭ്യവർ‌ഷവും ഭീഷണിയും തുടങ്ങി. നീ പുറത്ത് വാടാ..കാണിച്ചു തരാം എന്ന മട്ടിലായിരുന്നു ഭീഷണി. പുറത്തിറങ്ങിയ പാടെ യുവാവിന്റെ മുഖത്തടിച്ചത് അജിത്താണ്. റോബിന്റെ നേതൃത്വത്തിൽ യുവാവിനെ ബലമായി പിടിച്ചു വെച്ചു. തുടർന്ന് മറ്റ് പ്രതികൾ ചേർന്ന് കഴുത്തിന് കുത്തിപ്പിടിച്ച് തലയ്ക്കടിച്ചു.

സംഭവം കണ്ടുനിന്നവർ അറിയിച്ചതു പ്രകാരം സ്ഥലത്തെത്തിയ എറണാകുളം സെൻട്രൽ എസ്.ഐ അനസ് എസ്. തൗഫീക്കിന്റെ നേതൃത്വത്തിലാണ് അജിത്തിനെയും റോബിനെയും അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികൾ ഇതിനിടെ സ്ഥലം വിട്ടിരുന്നു. ഇവർക്കായി തെരച്ചിൽ തുടരും. അടിയേറ്റ യുവാവ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയത്.

കരാർ റദ്ദാക്കാൻ കത്ത് നൽകും

സംഭവം സംബന്ധിച്ച് കൊച്ചി കോർപ്പറേഷന് കത്ത് നൽകുമെന്ന് സെൻട്രൽ പൊലീസ് പറഞ്ഞു. ടോയ്‌‌ലറ്റിന്റെ നിലവിലുള്ള കരാർ റദ്ദാക്കാനും പുതിയ ആൾക്ക് കരാർ നൽകാനും ആവശ്യപ്പെടും. ടോയ്‌‌ലറ്റിൽ ജി പേ സംവിധാനം സജ്ജീകരിക്കണമെന്നും നിർദ്ദേശിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ERNAKULAM, CRIMENEWS, LATESTNEWS, ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY