SignIn
Kerala Kaumudi Online
Sunday, 11 October 2026 4.26 AM IST

ഫ്രം കൊച്ചി ടു മൊറെൽഗഞ്ച്; പൊലീസിനെ വെട്ടിച്ച് കടന്ന ബംഗ്ളാദേശുകാരൻ വീട്ടിൽ

hadui
ഹദിയുള്ള ഖാനെ സെപ്റ്റംബർ 9ന് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ

കൊച്ചി: പാലാരിവട്ടം സ്റ്റേഷനിൽ നിന്ന് പൊലീസുകാരെ കബളിപ്പിച്ച് കടന്ന ബംഗ്ളാദേശ് പൗരനായ കസ്റ്റഡി പ്രതി ഹദിയുള്ള ഖാൻ സ്വന്തം നാട്ടിൽ ‘ലാൻഡ്’ ചെയ്തു. തെക്കൻ ബംഗ്ളാദേശിലെ ബാഗർഹട്ട് ജില്ലയിലെ തുറമുഖ നഗരിയായ മൊറെൽഗഞ്ചിലെ കുടുംബ വീട്ടിൽ നിന്ന് ഹദിയുള്ള ഖാൻ കൊച്ചിയിലെ അന്യസംസ്ഥാനക്കാരനോട് സംസാരിക്കുന്ന ശബ്ദസന്ദേശം കഴിഞ്ഞദിവസം പാലാരിവട്ടം പൊലീസിന് ലഭിച്ചു.

സെപ്തംബർ 9ന് പുലർച്ചെ 3.30നാണ് ഹദിയുള്ള ഖാൻ ഉൾപ്പെടെ ആറ് ബംഗ്ളാദേശ് പൗരൻമാരെയും രണ്ട് കുട്ടികളെയും വെണ്ണല സവിതറോഡിലെ വാടക വീടായ കാവനാട്ട് നിന്ന് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. വിസയും പാസ്‌പോർട്ടും മതിയായ മറ്റ് രേഖകളും ഇല്ലാതെ അനധികൃതമായി താമസിച്ചതിന് ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്റ്റ് പ്രകാരമായിരുന്നു നടപടി. രാത്രി 8.35ന് വിരലടയാളം ശേഖരിക്കുന്നതിനിടെ ഹദിയുള്ള ഖാന് മൂത്ര’ശങ്ക’യുണ്ടായി. സ്റ്റേഷന്റെ ഒന്നാംനിലയിലെ ശൗചാലയത്തിൽ പോകാൻ അനുവദിച്ചത് സ്റ്റേഷനിൽ കസ്റ്റഡി പ്രതികളുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന എ.ആർ ക്യാമ്പ് പൊലീസുകാരായിരുന്നു. ശൗചാലയത്തിന്റെ ഇരുമ്പഴികളില്ലാത്ത ചെറിയ ജനാലയുടെ ചില്ല് ഇളക്കിമാറ്റി സ്റ്റേഷന്റെ പിൻഭാഗത്ത് കൂടി കസ്റ്റഡി പ്രതി രക്ഷപ്പെട്ട വിവരം ശ്രദ്ധയിൽപ്പെടുമ്പോഴേക്കും ഇരുട്ടിന്റെ മറപറ്റി ഇയാൾ മുങ്ങിയിരുന്നു.

പാലാരിവട്ടം ചളിക്കവട്ടം മസ്ജിദ് റോഡിൽ ജബ്ബാറിന്റെ കെട്ടിടത്തിൽ വാടകയ്ക്ക് താമസിക്കുന്ന ന്യൂഡൽഹി സീമാപുരി സ്വദേശി ഷാ ആലത്തിന്റെ വീട്ടിലേക്കാണ് ഹദിയുള്ള പോയത്. ഷായും ഭാര്യയും ചേർന്ന് ഒളിവിൽ താമസിക്കാൻ സൗകര്യമൊരുക്കി. ഒളിസ്ഥലം തിരിച്ചറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും ഹദിയുള്ള രക്ഷപ്പെട്ടിരുന്നു. ഏറ്റവുമൊടുവിൽ പാലാരിവട്ടം മേൽപ്പാലത്തിന് സമീപം ഇയാളെ ബസിൽ നിന്ന് കണ്ടക്ടർ ഇറക്കിവിടുന്ന ദൃശ്യവും പൊലീസിന് ലഭിച്ചു.

മൊറെൽഗഞ്ചിലുള്ള ഹദിയുള്ള ഖാന്റെ ഭാര്യയെയും ബന്ധുക്കളെയും സെപ്തംബറിൽ കൊച്ചി പൊലീസ് ബന്ധപ്പെട്ടിരുന്നു. ദിവസവും ഫോണിൽ വിളിക്കാറുള്ള ഭർത്താവിനെ കുറിച്ച് ഏതാനും ദിവസമായി വിവരം ഇല്ലെന്നായിരുന്നു ഭാര്യയുടെ മറുപടി. ഭർത്താവ് വിളിച്ചാൽ അക്കാര്യം അറിയിക്കാമ‌െന്നും പറഞ്ഞു. കഴിഞ്ഞയാഴ്ച ഹദിയുള്ള ഖാനുമായി പരിചയമുള്ള കൊച്ചിയിലെ അന്യസംസ്ഥാനക്കാരനെ ഉപയോഗിച്ച് നടത്തിയ ‘ഓപ്പറേഷനിലാണ്’ നാട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചത്. താൻ മൊറെൽഗഞ്ചിലെ വീട്ടിൽ സുരക്ഷിതനായി തിരിച്ചെത്തിയതായി ഇയാൾ ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. രക്ഷപ്പെട്ട കസ്റ്റഡിപ്രതി നാട്ടിൽ സസുഖം വാഴുന്ന കാര്യം പൊലീസ് ഇതേവരെ പരസ്യപ്പെടുത്തിയിട്ടില്ല. അനധികൃതമായി കേരളത്തിൽ പാ‌ർത്തതിനും പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതിനും രണ്ട് കേസുകളാണ് പാലാരിവട്ടത്ത് ഉള്ളത്. ബാഗർഹട്ട് പൊലീസിന്റെ സഹായത്തോടെ ഇയാളെ തിരിച്ചെത്തിക്കാൻ സാദ്ധ്യതയില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ERNAKULAM, LATESTNEWS, CASEDAIRY, KOCHI NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY