ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ ഭൂരഹിത ഭവനരഹിതർക്ക് കമ്പനിപ്പടിയിലെ റവന്യു പുറമ്പോക്ക് ഭൂമിയായി സർക്കാർ കണ്ടെത്തിയ സർവേ 176/1 ലെ 42 സെന്റ് സ്ഥലത്ത് ലൈഫ് മിഷൻ പദ്ധതി പ്രകാരം മൂന്ന് നിലയുള്ള ഭവന സമുച്ചയം നിർമ്മിക്കാൻ നടപടി തുടങ്ങി.
പദ്ധതിയുടെ രൂപരേഖ തയാറാക്കി കലക്ടർക്ക് സമർപ്പിക്കുമെന്ന് സ്ഥലം സന്ദർശിച്ച ജില്ലാ ലൈഫ് മിഷൻ കോഓർഡിനേറ്റർ ഏണസ്റ്റ് തോമസ് ആക്ഷൻ കൗൺസിൽ ഭാരവാഹികളെ അറിയിച്ചു. ആക്ഷൻ കൗൺസിൽ ജില്ലാ കലക്ടർക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി. വെള്ളപ്പൊക്കം ബാധിക്കാത്ത സാങ്കേതിക വിദ്യയാണ് ഭവന നിർമാണത്തിന് ഉപയോഗിക്കുക. നിർദ്ദിഷ്ട റവന്യു പുറമ്പോക്ക് ഭൂമി കാടുകയറി കിടക്കുകയാണ്. പഞ്ചായത്തിനോട് കാട് വെട്ടിത്തെളിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ പുറമ്പോക്ക് ഭൂമി കണ്ടെത്തുന്നതിന് കാട് വെട്ടിത്തെളിച്ച് തരണമെന്ന് താലൂക്ക് സർവേയർമാർ പഞ്ചായത്തിനോട് പലവട്ടം ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
എൻജിനിയറിംഗ് വിഭാഗത്തിന്റെ പ്രാഥമിക റിപ്പോർട്ട് ലഭിച്ചാലുടൻ ലൈഫ് പാർപ്പിട പദ്ധതിയുടെ ഡി.പി.ആർ തയാറാക്കി കലക്ടറുടെ അംഗീകാരത്തിനു സമർപ്പിക്കും. ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിഷ, അസി. എൻജിനിയർ ലെനിൻ, വില്ലേജ് അധികാരികൾ, ആക്ഷൻ കൗൺസിൽ കൺവീനർ പി. നാരായണൻകുട്ടി, ഭാരവാഹികളായ കുഞ്ഞുമുഹമ്മദ്, ജസ്റ്റിൻ, ഗിരിജ, സുരേന്ദ്രൻ, ശിവൻ തുടങ്ങിയവരും ജില്ലാ ലൈഫ് മിഷൻ കോഓർഡിനേറ്റർക്കൊപ്പം സ്ഥലം സന്ദർശിച്ചു.
ചൂർണിക്കരയിൽ റവന്യു പുറമ്പോക്ക് ഭൂമിയായി കണ്ടെത്തിയ സ്ഥലത്ത് ഭവന രഹിതർക്കായി ക്ളസ്റ്റർ ഭവനം നിർമ്മിക്കുന്നത് സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കി കളക്ടർക്ക് സമർപ്പിക്കും.
ഏണസ്റ്റ് തോമസ്
കോഓർഡിനേറ്റർ
ജില്ലാ ലൈഫ് മിഷൻ
ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ജില്ലാ ലൈഫ് മിഷൻ കോഓർഡിനേറ്റർ ചൂർണിക്കരയിലെ പുറമ്പോക്ക് ഭൂമി സന്ദർശിച്ച് സ്വീകരിച്ച നടപടികൾ പ്രതീക്ഷ നൽകുന്നതാണ്. എത്രയും വേഗം തുടർ നടപടികൾ സ്വീകരിച്ച് ഭൂ- ഭവന രഹിതർക്ക് കിടപ്പാടം ഉറപ്പാക്കണം.
പി. നാരായണൻകുട്ടി
കൺവീനർ,
ആക്ഷൻ കൗൺസിൽ
ചൂർണിക്കര
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |