
തൃപ്പൂണിത്തുറ: തകിൽ കലാകാരനായ അച്ഛനിൽനിന്ന് പകർന്നുകിട്ടിയ താളബോധം ജീവിതസാധനയാക്കി മാറ്റിയ ഗിരീഷ് കുമാറിനെ തേടി ദേശീയ അംഗീകാരം. ഭാരതീയ ദളിത് അക്കാഡമിയുടെ ഈ വർഷത്തെ അംബേദ്കർ എക്സലൻസ് അവാർഡിനാണ് വൈക്കത്തിനടുത്ത് കുലശേഖരമംഗലം പീടികത്തറയിൽ ഗിരീഷ് കുമാർ അർഹനായത്. ഡിസംബർ 12ന് ഡൽഹിയിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങും.
നാടൻപാട്ടിൽ ഉപയോഗിക്കുന്ന തുടിയിൽ രണ്ടു മണിക്കൂർ തുടർച്ചയായി നാലു താളങ്ങൾ അവതരിപ്പിച്ച് 2023ൽ ഗിന്നസ് റെക്കാഡ് നേടിയതും ഗിരീഷ് കുമാറിന്റെ നേട്ടങ്ങളുടെ പട്ടികയിലുണ്ട്. പീടികത്തറയിൽ കരുണാകരന്റെയും നളിനിയുടെയും നാലു മക്കളിൽ രണ്ടാമനാണ് അമ്പതുകാരനായ ഗിരീഷ് കുമാർ.
കലാപ്രവർത്തനങ്ങൾക്കൊപ്പം ചോറ്റാനിക്കര ദേവസ്വത്തിലെ ജീവനക്കാരനായും പ്രവർത്തിക്കുന്നു. ഭാര്യ ദീപ നേവൽ ബേസ് ജീവനക്കാരിയാണ്. മക്കളായ അഖിലേഷും അവന്തികയും വിദ്യാർത്ഥികളാണ്.
തകിലിൽ തുടക്കം
തകിൽ കലാകാരനായ അച്ഛന്റെ വാദനം കേട്ടാണ് ചെറുപ്പത്തിൽ സംഗീതത്തോടും താളവാദ്യങ്ങളോടും താത്പര്യം വളർന്നത്. കുലശേഖരമംഗലം സ്കൂളിൽ ഒമ്പതാം ക്ലാസ് വരെയായിരുന്നു പഠനം.
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ വൈക്കം ഹരിഹരന്റെ കീഴിൽ നാദസ്വരം അഭ്യസിച്ചു. പിന്നീട് വൈക്കം ഷാജിയുടെ കീഴിലും പരിശീലനം നേടി. ബന്ധുവായ സതീശനിൽ നിന്ന് തബല പഠിച്ചതോടെ താളവാദ്യങ്ങളിലെ പരിശീലനം വിപുലമായി. തകിലും നാദസ്വരവും തബലയും കൂടാതെ ട്രിപ്പിൾ, കിഞ്ചർ, ദോലക്ക്, തിമില, ഇടയ്ക്ക, ചെണ്ട തുടങ്ങി നിരവധി വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രാവീണ്യം നേടി. ഗാനമേളകളിൽ ഉപയോഗിക്കുന്ന ധർമത്ത് ഉൾപ്പെടെയുള്ള താളവാദ്യങ്ങളും വായിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |