
കൊച്ചി: മലയാളികളുടെ വയറും മനസും കീഴടക്കി 'ജെൻസി" രുചിക്കൂട്ടുകളുടെ മുന്നേറ്റം. പല വിദേശവിഭവങ്ങളും അതിവേഗം തനി നാടന്മാരായി. 'മറുനാടൻ രുചികൾ" ഇഷ്ടപ്പെടുന്നതിൽ പ്രായമായവരും പിന്നിലല്ല. മസാലയും എണ്ണയും കുറഞ്ഞ വിഭവങ്ങൾ രുചിയിലും കേമന്മാരായതാണ് കാരണം. ലോകത്തെ രുചിക്കൂട്ടുകളുടെ തലസ്ഥാനമെന്നു വിശേഷിപ്പിക്കാവുന്ന ദുബായിയുടെ ചെറുപതിപ്പാവുകയാണ് കൊച്ചി.
വിദേശത്ത് ജോലി ചെയ്ത ധാരാളം ഷെഫുമാർ നഗരത്തിലെ ഹോട്ടലുകളിലുണ്ട്. പ്രവാസികളും പഠനത്തിനായി വിദേശത്തു പോയവരും അതത് നാടുകളിലെ ഇഷ്ടവിഭവങ്ങൾ തയ്യാറാക്കി നൽകാമോയെന്ന് ഷെഫുമാരോട് ചോദിക്കാറുണ്ട്. ഭക്ഷണത്തിൽ എന്തും പരീക്ഷിക്കാൻ മലയാളികൾ തയ്യാറുമാണ്.
തീൻമേശയിൽ 'വരത്തൻമാരുടെ" ഘോഷയാത്രയാണെങ്കിലും ഇന്ത്യൻ വിഭവങ്ങൾക്ക് പഴയ പ്രതാപമുണ്ടെന്ന് 38 വർഷമായി എറണാകുളം ഗ്രാന്റ് ഹോട്ടലിലെ ഷെഫ് ആയ കെ.എ. ജോസഫ് പറയുന്നു. ഗ്രിൽഡ് ഫിഷിനോട് താത്പര്യം കൂടിവരുന്നു. കുടമ്പുളിയിട്ട മീൻ മുളകുകറി, മീൻ-മാങ്ങാക്കറി, വറുത്തരച്ച മീൻ-ഇറച്ചി കറി, ഉത്തരേന്ത്യൻ തന്തൂർ വിഭവങ്ങൾ എന്നിവയ്ക്ക് എപ്പോഴും ആവശ്യക്കാരുണ്ട്. ഫിഷ് കറി മീൽസ് എന്ന മലയാളികളുടെ പ്രിയപ്പെട്ട കോമ്പിനേഷനും വെല്ലുവിളിയില്ല
വിഭവങ്ങളിൽ
'ജെൻസി" മുന്നേറ്റം
മന്തി, മജ്ബൂസ്, ഷവർമ്മ തുടങ്ങിയ അറേബ്യൻ രുചികൾ പിടിമുറുക്കിയതുപോലെ ഫിലിപ്പീൻസ്, തായ്ലൻഡ്, യൂറോപ്യൻ രുചികളും ജനകീയമാവുകയാണ്. ചിക്കനും ബീഫും പച്ചക്കറിയും കൊത്തിയരിഞ്ഞിട്ട് മുട്ട ചേർത്തു തയ്യാറാക്കുന്ന സിസിഗ്, ചിക്കൻ വിഭവമായ അഡോബോ, ബീഫും പച്ചക്കറിയും ചേർന്ന സൂപ്പ് സിനിഗാംഗ്, ചിക്കൻ ആൽഫ്രെഡോ പാസ്ത, ബെന്നെ അറേബ്യറ്റ, സോംടാം പപ്പായ സാലഡ് തുടങ്ങിയവയാണ് വിഭവങ്ങളിലെ ചില സാമ്പിളുകൾ. പുഴുങ്ങി ഉണക്കിയ ചെമ്മീൻ, പച്ച പപ്പായ, ചുവന്ന മുളക്, ബീൻസ്, ഉപ്പ്, തേൻ, സോസ് തുടങ്ങിയവ ചേർന്ന സോംടാം പപ്പായയ്ക്ക് ചെമ്മീനും പപ്പായയും തേങ്ങയരച്ചതും ചേർന്ന മലയാളികളുടെ പ്രിയപ്പെട്ട കറിയുമായി രുചിയിൽ സാമ്യമുണ്ട്. പുതിയ വിഭവങ്ങൾ ആദ്യമായി രുചിച്ച പല 'ചേട്ടന്മാരും" ഷെഫുമാരോട് പ്രതികരിച്ചതിങ്ങനെ- പണ്ടേ കഴിക്കേണ്ടതായിരുന്നു.
ബുക്കോ പന്താൻ ഫിലിപ്പീൻസ്-തായ് ഫ്രൂട്ട് സാലഡ് തനി 'മലയാളി". കരിക്കാണ് മുഖ്യ ചേരുവ. ചക്കപ്പഴം, ഏത്തപ്പഴം, ചോക്കലേറ്റ് തുടങ്ങിയവ ചേർത്ത കോക്ടൈലുമുണ്ട്. 'ഹാലോ" സാലഡും മലയാളിക്കു സുപരിചിതം. ചക്കയും മാങ്ങയും കരിക്കും പേരയ്ക്കയുമെല്ലാം സുലഭമായ കേരളത്തിൽ ഈ രുചിക്കൂട്ടുകൾ പരിചയപ്പെടുത്താൻ വിദേശികൾ വേണ്ടിവന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |