കട്ടപ്പന :ലോക ജനസംഖ്യാ ദിന വാരാചരണത്തിന്റെ ജില്ലാതല സമാപന സമ്മേളനവും ബോധവൽക്കരണ ക്ലാസും കോവിൽമലയിൽ നടന്നു. അഡ്വ. ഡീൻ കുര്യാക്കോസ് എം. പി സമ്മേളനം ഉദ്ഘാടനംചെയ്തു. 'പ്രസവങ്ങൾ തമ്മിൽ മതിയായ ഇടവേള, അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും ക്ഷേമത്തിനും' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയായിരുന്നു ദിനാചരണം. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ബോധവൽക്കരണ റാലി കട്ടപ്പന നഗരസഭാ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഫ്ളാഗ് ഓഫ് ചെയ്തു. കോവിൽമല രാജാവ് രാമൻ രാജമന്നാൻ മുഖ്യാതിഥിയായി. കാഞ്ചിയാർ പഞ്ചായത്തിന്റെയും കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സെലിൻ തോമസ് അദ്ധ്യക്ഷയായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഐപ്പ് ജോസഫ് വിഷയ അവതരണവും ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സിബി ജോർജ് ദിനാചരണ സന്ദേശവും നൽകി. ത്രിതല പഞ്ചായത്തംഗങ്ങളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സംസാരിച്ചു. സ്‌കൂളുകൾ, നഴ്സിങ് കോളേജ്, കുടുംബശ്രീ, ഹരിതകർമ സേന, ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ റാലിയിലും സമ്മേളനത്തിലും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |