ഇടുക്കി: ജില്ലയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ മലേറിയ പരക്കുന്നു. ഈ വർഷം ഇതുവരെ 303 പേർക്കാണ് മലേറിയ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ അടിയന്തര ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അന്യ സംസ്ഥാനങ്ങളിൽ നിന്ന് ജോലിക്കായെത്തുന്ന തൊഴിലാളികളിൽ രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതിനാൽ ജില്ലയിൽ പുതുതായി എത്തുന്ന എല്ലാ അന്യസംസ്ഥാന തൊഴിലാളികളെയും ജില്ലയിലെത്തി മൂന്ന് ദിവസത്തിനുള്ളിൽ സ്‌ക്രീനിംഗ് ചെയ്തുവെന്ന് ഏജന്റുമാരും തൊഴിലുടമകളും ഉറപ്പുവരുത്തണം. തൊഴിലാളികളുടെ വിവരങ്ങൾ ബന്ധപ്പെട്ട ആരോഗ്യ പ്രവർത്തകരുമായി പങ്കുവയണം. പനി, വിറയൽ, തലവേദന, ശരീരവേദന, അമിത ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്ന തൊഴിലാളികൾ ചികിത്സിക്കാൻ വൈകരുത്. ഇത്തരക്കാർ ഉടൻ സമീപത്തെ സർക്കാർ ആരോഗ്യ സ്ഥാപനത്തിലെത്തി പരിശോധന നടത്തണം. രോഗം സ്ഥിരീകരിക്കപ്പെട്ടാൽ നിർദേശിക്കുന്ന ചികിത്സ പൂർണമായി സ്വീകരിക്കണം. മലേറിയ പരിശോധനയും ചികിത്സയും ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമാണ്. 3- 14 ദിവസം വരെ നീണ്ടുനിൽക്കുന്ന ചികിത്സകൊണ്ട് മലേറിയ പൂർണ്ണമായും ഭേദമാക്കാം. പനിയുള്ളവർ സ്വയം ചികിത്സ ഒഴിവാക്കണം. രോഗബാധ സ്ഥിരീകരിച്ചാൽ കൊതുകുവല നിർബന്ധമായും ഉപയോഗിക്കണം. അന്യസംസ്ഥാന തൊഴിലാളികളെ ജില്ലയിലേക്ക് കൊണ്ടുവരുന്ന വാഹന ഉടമകൾ തൊഴിലാളികളുടെ വിശദാംശങ്ങൾ ആരോഗ്യവകുപ്പിന് നിർബന്ധമായും കൈമാറണമെന്നും അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |