SignIn
Kerala Kaumudi Online
Saturday, 01 August 2026 2.39 AM IST

കരിങ്കല്ല് പൊട്ടിച്ചൊരുക്കിയത് അടിപൊളി മഴസംഭരണി

mazhavellamfinal
നരിയംപാറ മന്നംമെമ്മോറിയൽ സ്‌കൂളിൽ വേറിട്ട രീതിയിൽ നിർമ്മാണം നടത്തിയ മഴവെള്ള സംഭരണി.

കട്ടപ്പന: സ്‌കൂളിലെ വിവിധ നിർമാണങ്ങൾക്ക് കരിങ്കല്ല് പൊട്ടിച്ചുമാറ്റിയ പ്രദേശം വരൾച്ചയെ ചെറുക്കാൻ ഫലപ്രദമായി ഉപയോഗിച്ച കാഴ്ചയാണ് കാഞ്ചിയാർ നരിയംപാറ മന്നം മെമ്മോറിയൽ ഹൈസ്‌കൂളിന് പറയാനുള്ളത്. 2016ലാണ് സ്‌കൂൾ പരിസരത്തെ ചെറിയ പാറയിടുക്ക് മഴവെള്ള സംഭരണിയാക്കാം എന്ന ആശയം ലഭിക്കുന്നത്. എന്നാൽ ഇതിനായി വരുന്ന ചെലവ് വെല്ലുവിളിയായിരുന്നു. തുടർന്ന് തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ലഭ്യമാക്കാൻ കഴിയുമോയെന്ന് സ്‌കൂൾ അധികൃതർ അന്വേഷിച്ചു. ലഭിക്കില്ലെന്ന് കണ്ടതോടെ സ്വന്തം നിലയ്ക്ക് ഫണ്ട് കണ്ടെത്തി പദ്ധതി നടപ്പാക്കാനായി ശ്രമം. സ്‌കൂളിനും അദ്ധ്യാപകർക്കും ലഭിച്ച ചില അവാർഡുകളുടെ തുക ഉപയോഗിച്ച് നിർമാണം ആരംഭിച്ചു. ഘട്ടം ഘട്ടമായി പാറയിടുക്ക് കോൺക്രീറ്റ് ചെയ്ത് തിരിച്ചെടുത്തു. കോൺക്രീറ്റ് ഭിത്തിയ്ക്ക് മുകളിൽ ബലമേറിയ ഇരുമ്പ് കമ്പികൾ ഉപയോഗിച്ച് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി. സ്‌കൂൾ പരിസരത്ത് പെയ്യുന്ന മുഴുവൻ മഴവെള്ളവും സംഭരിക്കുക എന്നതായി പിന്നത്തെ ലക്ഷ്യം. ഇതിനായി സ്‌കൂൾ കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ പാത്തികൾ ഘടിപ്പിച്ചു. മണ്ണിനടിയിലൂടെ പൈപ്പുകളിട്ട് മുഴുവൻ വെള്ളവും സംഭരണിയ്ക്ക് സമീപത്തെ ടാങ്കിൽ ആദ്യം എത്തിക്കും. ഇവിടെ നിന്ന് മൂന്നു ഘട്ടമായി ഫിൽട്ടർ ചെയ്ത് സംഭരണിയിലേക്ക് ഇറക്കും. എട്ടുലക്ഷം രൂപയിലധികമാണ് സംഭരണി നിർമാണത്തിനായി ചെലവഴിച്ചതെന്ന് സ്‌കൂൾ മാനേജർ ബി. ഉണ്ണികൃഷ്ണൻ നായരും പ്രഥമാദ്ധ്യാപിക എൻ. ബിന്ദുവും പറഞ്ഞു. മഴ കുറഞ്ഞതിനാൽ സംഭരണ ശേഷി മുഴുവനായും ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. സംഭരണിയുടെ പുറംഭാഗം സ്‌കൂളിലെ വിവിധ ക്ലബ്ബുകൾക്ക് അവരുടെ പഠന- പാഠ്യേതര പ്രവർത്തനങ്ങൾക്കായി നൽകാനും അധികൃതർ ആലോചിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL