
കാസർകോട്: മാവേലി എക്സ് പ്രസിൽ യാത്ര ചെയ്യുന്നതിനിടയിൽ നഷ്ടപ്പെട്ട രണ്ടപവൻ തൂക്കമുള്ള സ്വർണമാല പന്ത്രണ്ട് മണിക്കൂറിനകം പൊലീസുകാരി കൂടിയായ യാത്രക്കാരിക്ക് തിരികെ എത്തിച്ച് നൽകി റെയിൽവേ പൊലീസ്.
കുമ്പള പൊലീസ് സ്റ്റേഷനിലെ സിവിൽപൊലീസ് ഓഫീസറായ ഷീജയ്ക്കാണ് നഷ്ടപ്പെട്ടുവെന്ന് ഉറപ്പിച്ച ആഭരണം ഒറ്റപ്പകലിന്റെ ഇടവേളയ്ക്കൊടുവിൽ തിരിച്ചുകിട്ടിയത്.
കൊല്ലത്ത് നിന്ന് മാവേലിയിലെ എസ് 2 കോച്ചിലായിരുന്നു ഷീജയുടെ യാത്ര. ട്രെയിൻ കുമ്പളയിലെത്തിയപ്പോഴാണ് മാല നഷ്ടമായത് ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ കാസർകോട് റെയിൽവേ പൊലീസിനെ വിവരമറിയിച്ചു.രാത്രിയായതിനാൽ ട്രെയിനിൽ തന്നെ നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നാണ് ഷീജ പൊലീസിനെ ധരിപ്പിച്ചത്. വിവരം ലഭിച്ചതിന് പിന്നാലെ എസ്.ഐ സി.എസ് സുനിൽകുമാറും സീനിയർ സിവിൽ പൊലീസ് ഓഫീസർ സുനീഷ് കുമാറും ചേർന്ന് അന്വേഷണം തുടങ്ങുകയായിരുന്നു. ടി.ടി.ഇ യെ ബന്ധപ്പെട്ട് മംഗളൂരു ഇന്റലിജൻസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ മണിക്കൂറുകൾക്കകം എസ് 2 കോച്ചിൽ യാത്ര ചെയ്ത 30 ഓളം യാത്രക്കാരുടെ ഫോൺ നമ്പർ പൊലീസ് സംഘടിപ്പിച്ചു. ഇവരുമായി ഫോണിൽ ബന്ധപ്പെട്ട് അന്വേഷിച്ചെങ്കിലും ആർക്കും മാല കുറിച്ച് വിവരമുണ്ടായിരുന്നില്ല. ഇതെ കോച്ചിലുണ്ടായിരുന്ന മംഗളൂരുവിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയുടെ ഫോണിലേക്ക് വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന്കളവ് കേസ് രജിസ്റ്റർ ചെയ്യണമെന്ന ആവശ്യവുമായി ഷീജ റെയിൽവേ പൊലീസിനെ സമീപിക്കുകയായിരുന്നു. എന്നാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്ന നടപടിക്കിടെ അപ്രതീക്ഷിതമായി വിദ്യാർത്ഥിയുടെ ഫോൺ കോൾ എത്തി. മാല കിട്ടിയ കാര്യം സുഹൃത്തുക്കളോട് പറഞ്ഞിരുന്നുവെന്നും ട്രെയിനിൽ ഇറങ്ങിയ ഉടൻ കോളേജിലെത്തി ക്ളാസിൽ കയറിയത് കാരണം ഫോൺ അറ്റൻഡ് ചെയ്യാൻ സാധിച്ചില്ലെന്നുമായിരുന്നു വിദ്യാർത്ഥിയുടെ വിശദീകരണം. പിന്നാലെ മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വച്ച് മാല ഷീജയെ ഏൽപ്പിക്കുകയുമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |