SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.29 AM IST

നേതാക്കന്മാരുടെ ഓർമ്മകളിൽ ജഡ്ജി ബംഗ്ലാവ്

ph-2

കണ്ണൂർ: ഒരു തിരഞ്ഞെടുപ്പ് കാലം കൂടി വന്നതോടെ പഴയ നേതാക്കളുടെ ഓർമ്മകൾ അയവിറക്കുകയാണ് ധർമ്മടം മണ്ഡലത്തിലെ പിണറായിക്കടുത്ത് മേലൂരിൽ സ്ഥിതി ചെയ്യുന്ന ജഡ്ജി ബംഗ്ലാവ്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പല പ്രമുഖ നേതാക്കന്മാരും കണ്ണൂരിലെത്തിയാൽ താമസിച്ചിരുന്നത് ജഡ്ജി ബംഗ്ലാവിലാണ്. അതിനാൽ പല രാഷ്ട്രീയ ചർച്ചകൾക്കും നീക്കങ്ങൾക്കും തീരുമാനങ്ങൾക്കും വേദിയായി.

സി.പി.എം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം അഖിലേന്ത്യാ സെക്രട്ടറി എം.എ ബേബി, മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ വി. മുരളീധരൻ, പി.കെ. കൃഷ്ണദാസ് എന്നിവരെല്ലാം ഇവിടുത്തെ സ്ഥിരം അതിഥികളായിരുന്നു.

170 വർഷത്തെ പഴക്കമുള്ള ബംഗ്ലാവിൽ 22 മുറികളുണ്ട്. ഇതിൽ എട്ട് മുറികളാണ് സന്ദർശകർക്ക് നൽകുന്നത്. അതിലൊന്ന് ഇന്നും അറിയപ്പെടുന്നത് യെച്ചൂരി റൂം എന്നാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ജില്ലാ ജഡ്ജിയായിരുന്ന റാവു ബഹദൂർ ടി.വി നാരായണൻ നായർ 1866ൽ പണിതീർത്തതാണ് ഈ ബംഗ്ലാവ്. സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിജിയുടെ ശിഷ്യനുമായ വ്യവസായ പ്രമുഖൻ ചാത്തോത്ത് രൈരു നായരും ഭാര്യ നാരായണിക്കുട്ടിയമ്മയുമായിരുന്നു ഈ ബംഗ്ലാവിന്റെ പിന്നീടുള്ള ഉടമകൾ. 1979ൽ ജഡ്ജിയുടെ അവകാശികളിൽ നിന്നും രൈരു നായരുടെ മൂത്ത സഹോദരൻ കെ.പി.എൻ. നാരായണ ഈ ബംഗ്ലാവ് വാങ്ങുകയും പിന്നീട് സഹോദരനിൽ നിന്നും രൈരു നായർ വാങ്ങുകയുമായിരുന്നു.

ലോക ബാങ്കിലും ലോകാരോഗ്യ സംഘടനയിലും ദീർഘകാലം സേവനമനുഷ്ഠിച്ച ഡോ. പ്രീത ചാത്തോത്തും സഹോദരങ്ങളുമാണ് ഇന്ന് ഈ ബംഗ്ലാവ് സംരക്ഷിച്ചു പോരുന്നത്. ഇവർ ബംഗ്ലാവിന്റെ പൈതൃക രൂപം മാറ്റാതെ നവീകരിച്ച് പിന്നീട് നാലു കെട്ടായി മാറ്റിയെടുത്തു. 2023ൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ദി ഹെറിട്ടേജ് 1866 @ ജഡ്ജി ബംഗ്ലാവ് എന്ന പേരിലേക്ക് മാറ്റിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL