SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.29 AM IST

എൽ.ഡി.എഫ് ലക്ഷ്യം ഹാട്രിക്ക്;  യു.ഡി.എഫിന് തിരിച്ചുപിടിക്കൽ

kadannapalli
രാമചന്ദ്രന്‍ കടന്നപ്പള്ളി

കണ്ണൂർ: ഒരേ ആശയത്തിൽ നിന്ന് വളർന്ന്, വ്യത്യസ്ത ദിശകളിൽ ചേക്കേറിയ മൂന്ന് നേതാക്കൾ ഏറ്റുമുട്ടുന്ന മണ്ഡലമാണ് കണ്ണൂർ. ഹാട്രിക് വിജയം ലക്ഷ്യമിട്ട് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കാൻ കരുത്തനായ മുൻ മേയർ ടി.ഒ. മോഹനനെ ഇറക്കി യു.ഡി.എഫ്, ആ രണ്ടു ചേരികളും ഒരേ നാണയത്തിന്റെ ഇരുവശങ്ങളെന്ന് ആക്ഷേപിക്കുന്ന ബി.ജെ.പിക്കായി സി.കെ. രഘുനാഥും. കണ്ണുകളെല്ലാം കണ്ണൂരിൽ.
കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരിക്കെ 1971ൽ ഇ.കെ. നായനാരെ പരാജയപ്പെടുത്തി ലോക്‌സഭയിലെത്തിയ പാരമ്പര്യമുണ്ട് ഇടതു സ്ഥാനാർത്ഥി രാമചന്ദ്രൻ കടന്നപ്പള്ളിക്ക്. 2016ൽ 1,196 വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിയമസഭയിലെത്തിയ അദ്ദേഹം 2021ൽ ആ ഭൂരിപക്ഷം 1,745 ആക്കി ഉയർത്തി. തുടർച്ചയായ രണ്ട് ഇടതു മന്ത്രിസഭകളിലും മന്ത്രിയായി. ഇനി ഹാട്രിക്കാണ് ലക്ഷ്യം.

കണ്ണൂർ കോർപ്പറേഷൻ മേയർ ആയിരുന്ന ടി.ഒ. മോഹനനും കെ.എസ്.യുവിൽ നിന്നാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. കഴിഞ്ഞ ലോക്‌സഭ തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഈ മണ്ഡലത്തിൽ യു.ഡി.എഫ് ആധിപത്യം നേടിയ പശ്ചാത്തലത്തിൽ അദ്ദേഹം ആത്മവിശ്വാസത്തിലാണ്. കെ.എസ്.യു, കോൺഗ്രസ് പാരമ്പര്യത്തിന്റെ പിന്തുടർച്ചക്കാരനാണ് ബി.ജെ.പിയുടെ സി. രഘുനാഥ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രഘുനാഥ് യു.ഡി.എഫ്. സ്ഥാനാർത്ഥിയായിരുന്നു.
ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അന്തർനാടകം അരങ്ങേറിയത് കണ്ണൂരിലെ യു.ഡി.എഫ് ക്യാമ്പിനകത്തായിരുന്നു. കണ്ണൂർ സീറ്റ് അഭിമാനപ്രശ്നമായി കൊണ്ടുനടന്ന കെ. സുധാകരൻ എം.പിയുടെ ആഗ്രഹം ദേശീയ നേതൃത്വം നടപ്പാക്കിയില്ല. മോഹനന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ സുധാകര അനുകൂലികൾ നിരാശയിലായി. 'പാർട്ടി നിർദേശം അനുസരിക്കും' എന്ന് ആവർത്തിക്കുന്ന സുധാകരൻ സ്വന്തം അണികളെ പ്രകോപിതരാക്കാതെ നോക്കേണ്ട അവസ്ഥ അഭിമുഖീകരിക്കുകയാണ്.


ഉറപ്പെന്ന് എൽ.ഡി.എഫ്, പക്ഷേ

ലോക്‌സഭ തിരഞ്ഞെടുപ്പിൽ 26,030 വോട്ടിന്റെ ഭൂരിപക്ഷത്തോടെ കെ. സുധാകരൻ ഈ മണ്ഡലം തൂത്തുവാരിയിരുന്നു. 2025 തദ്ദേശ തിരഞ്ഞെടുപ്പിലും 8,350 വോട്ടിന്റെ യു.ഡി.എഫ് ആധിപത്യം. എന്നാൽ ഈ കണക്ക് നിയമസഭ ഫലത്തിൽ ആവർത്തിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. കടന്നപ്പള്ളിക്ക് രാഷ്ട്രീയ അതിർത്തികൾ ഭേദിക്കുന്ന വ്യക്തിഗത ജനപ്രിയതയുണ്ടെന്ന് കഴിഞ്ഞ ഫലങ്ങൾ തെളിയിക്കുന്നു. എന്നൽ 'ഇടതും കോൺഗ്രസും ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ' എന്നാണ് ബി.ജെ.പിയുടെ പ്രചാരണം. കടന്നപ്പള്ളിയുടെ വ്യക്തിഗത ജനസ്വീകാര്യതയ്ക്കും കോൺഗ്രസ് ആഭ്യന്തര ഭിന്നതയ്ക്കും ഇടയിൽ ഏതിനാണ് വിജയം എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

മണ്ഡലചിത്രം

2021 നിയമസഭ

രാമചന്ദ്രൻ കടന്നപ്പള്ളി (എൽ.ഡി.എഫ്) 60313

സതിശൻ പാച്ചേനി( യു.ഡി.എഫ്) 58568

അർച്ചന വണ്ടിച്ചാൽ (എൻ.ഡി.എ) 11581

ഭൂരിപക്ഷം: 1745

2024 ലോക്‌സഭ

യു.ഡി.എഫ്. ഭൂരിപക്ഷംം 26030

2025 തദ്ദേശം

യു.ഡി.എഫ്. ഭൂരിപക്ഷം 8350

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL