SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.48 AM IST

ഡിജിറ്റൽ സർവേ വിനയായി ഭൂനികുതി നൽകാനാവുന്നില്ല

digi
ഡിജിറ്റൽ സർവേ

കണ്ണൂർ: ഡിജിറ്റൽ സർവേ നടപടിക്രമങ്ങളിലെ അപാകത ഭൂ ഉടമകളെ ദുരിതത്തിലാക്കുന്നു. കണ്ണൂർ താലൂക്കിലെ പള്ളിക്കുന്ന് വില്ലേജിൽ ഭൂനികുതി സ്വീകരിക്കുന്നതിന് സമർപ്പിക്കുന്ന അപേക്ഷകൾ നടപടിയില്ലാതെ കെട്ടിക്കിടക്കുകയാണ്. ജില്ലയിലെ പല വില്ലേജ് ഓഫീസുകളിലും ഇതേ സ്ഥിതിയാണ്.

സർക്കാർ നിർദേശമുണ്ടായിട്ടും ഭൂനികുതി സ്വീകരിക്കാൻ വില്ലേജ് ഓഫീസ് വിസമ്മതിക്കുന്നത് നിയമ വിരുദ്ധമാണെന്നാണ് ഭൂ ഉടമകളുടെ ആരോപണം. ഡിജിറ്റൽ സർവേ പൂർത്തിയായെന്ന് അവകാശപ്പെടുന്ന വില്ലേജിൽ, വർഷങ്ങൾക്ക് മുൻപ് തന്നെ പോക്ക് വരവ് നടത്തി തണ്ടപ്പേർ അക്കൗണ്ട് നമ്പർ നൽകി നികുതി സ്വീകരിച്ചു വന്നിരുന്ന ഭൂമി, സർവേ ഘട്ടത്തിൽ സബ്ഡിവിഷൻ ചെയ്തില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥരുടെ ഈ നിലപാട്. ഒന്നിലധികം ഭൂ ഉടമകളുടെ സ്ഥലം ഒറ്റ പ്ലോട്ടായി ചേർത്ത് സർവേ നടത്തിയതാണ് പ്രശ്നത്തിന്റെ മൂലകാരണം. ഓരോ ഉടമയ്ക്കും സ്വന്തം പേരിൽ ഡിജിറ്റൽ സർവേ ഇല്ലെന്ന ന്യായം നിരത്തിയാണ് പള്ളിക്കുന്ന് വില്ലേജ് ഓഫീസ് ഭൂനികുതി സ്വീകരിക്കാൻ വിസമ്മതിക്കുന്നത്.

സബ്ഡിവിഷൻ ലഭിക്കുന്നതിന് സർക്കാരിന്റെ എന്റെ ഭൂമി പോർട്ടൽ വഴി അക്ഷയ കേന്ദ്രം മുഖേന 300 രൂപ ഫീസ് അടച്ച് അപേക്ഷ നൽകേണ്ടതുണ്ട്. എന്നാൽ, ആ പോർട്ടൽ വ്യക്തമാക്കുന്നത്, അപേക്ഷയ്ക്ക് മുൻപായി ഭൂമിയുടെ നടപ്പ് സാമ്പത്തിക വർഷത്തിലെ ഭൂനികുതി നിർബന്ധമായും അടച്ചിരിക്കണമെന്നാണ്. ഇത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു.

നികുതി അടയ്ക്കാതെ സബ്ഡിവിഷൻ നടക്കില്ല. സബ്ഡിവിഷൻ ഇല്ലാതെ നികുതി അടയ്ക്കാനും കഴിയില്ല. ഇത് നിലവിലെ വില്ലേജ് മാന്വലിന് വിരുദ്ധമാണ്.

ഭൂ ഉടമകൾക്ക് പ്രതിസന്ധികളേറെ

1.നികുതി രസീത് ഇല്ലാത്തതിനാൽ കൃഷിഭവൻ മുഖേന ലഭിക്കേണ്ട സൗജന്യ വളം, പച്ചക്കറി വിത്തുകൾ, വാഴക്കന്നുകൾ തുടങ്ങിയ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നു.

2.വീട് നിർമ്മാണത്തിന് ബാങ്ക് വായ്പ ലഭിക്കാൻ, കോടതി ജാമ്യം നൽകാൻ തുടങ്ങി നിർണ്ണായക ആവശ്യങ്ങൾക്കെല്ലാം ഭൂനികുതി രസീത് അനിവാര്യം.

3.ശരിയായ രേഖകൾ സ്‌കാൻ ചെയ്ത് എന്റെ ഭൂമി പോർട്ടൽ വഴി അപേക്ഷ സമർപ്പിച്ചവർക്കും ഭൂനികുതി അടയ്ക്കാൻ കഴിഞ്ഞിട്ടില്ല.

4.നികുതി വരുമാനം നഷ്ടമാകുന്നതോടെ സർക്കാർ ഖജനാവിനും സാമ്പത്തിക നഷ്ടം സൃഷ്ടിക്കും.

റവന്യൂ രേഖകളിൽ പേര് രേഖപ്പെടുത്തിയ നികുതിദായകരിൽ നിന്ന് കോടതിയുടെ അല്ലെങ്കിൽ അർദ്ധ ജുഡീഷ്യൽ അധികാരിയുടെ നിയമാനുസൃതമായ ഉത്തരവ് കൂടാതെ ഭൂനികുതി നിഷേധിക്കാൻ പാടില്ലെന്ന് വ്യക്തമായ നിർദേശമുണ്ട്. ഈ നിർദേശം ലംഘിക്കുകയാണ് വില്ലേജ് ഉദ്യോഗസ്ഥർ ചെയ്യുന്നത്. പ്രശ്നം അടിയന്തരമായി പരിഹരിക്കുന്നതിന് ജില്ലാ ഭരണകൂടം ഇടപെടണം.

ഭൂ ഉടമകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, TAX
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL