അഴീക്കോട്: അഴീക്കോട് വൻകുളത്ത് വയൽ വാഗ്ഭടാനന്ദ വായനശാലയ്ക്കും അഴീക്കൽ റോഡിൽ അക്ലിയത്ത് എൽ.പി സ്‌കൂളിനും സമീപം അപകട ഭീഷണി ഉയർത്തി പഴയ ഇരുനില കെട്ടിടം. മഴ ശക്തമാകുന്ന സാഹചര്യത്തിൽ കെട്ടിടം എപ്പോൾ വേണമെങ്കിലും പൊളിഞ്ഞ് വീഴാമെന്ന നിലയിലാണ്. നേരത്തെ വ്യാപാരത്തിന് ഉപയോഗിച്ചിരുന്ന കെട്ടിടമാണ് അപകടഭീഷണി ഉയർത്തുന്നത്.
കെട്ടിടത്തിന്റെ മുകൾ ഭാഗത്തെ ഓടുകളും പട്ടികയും കഴിഞ്ഞ ആഴ്ച പെയ്ത ശക്തമായ മഴയിൽ തകർന്ന് റോഡരികിൽ വീഴുകയുണ്ടായി. രാത്രിയായതിനാൽ ആളപകടമുണ്ടായില്ല. എന്നിട്ടും അധികൃതരുടെ ശ്രദ്ധ പതിഞ്ഞില്ലെന്നാണ് പരാതി ഉയരുന്നത്. നിലവിൽ പഴയ കെട്ടിടത്തിന്റെ ചുമരുകൾ വിണ്ടുകീറിയ നിലയിലാണ്. കെട്ടിടത്തിന് മുകളിൽ കാടുകൾ വളർന്ന് സമീപത്തെ പഞ്ചായത്ത് ലൈബ്രറി കെട്ടിടത്തിന് മുകളിലേക്ക് വള്ളികൾ പടർന്ന് കിടക്കുന്നു. കഴിഞ്ഞ വർഷം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഈ കെട്ടിടത്തിന് മുന്നിൽ 'കെട്ടിടം അപകടാവസ്ഥയിലാണ് പൊതുജനങ്ങൾ ശ്രദ്ധിക്കുക" എന്ന ബാനർ സ്ഥാപിച്ചിരുന്നു.
അഴീക്കോട് അക്ലിയത്ത് എൽ.പി.സ്‌കൂൾ കുട്ടികളും അഴീക്കോട് ഹയർസെക്കൻഡറി സ്‌കൂളിലെ നൂറുകണക്കിന് വിദ്യാർത്ഥികളും ഹോമിയോ ആശുപത്രിയിൽ പോകുന്ന രോഗികളും വായനശാലയിൽ പോകുന്നവരുമെല്ലാം ദിനം പ്രതി കെട്ടിടത്തിന് സമീപത്തുകൂടിയാണ് നടന്നു പോകുന്നത്. റോഡരികിലായതിനാൽ നിരവധി വാഹനങ്ങളും കടന്നു പോകുന്നുണ്ട്.
നടപടിയെടുക്കുമെന്ന് അറിയിച്ചു, എന്നിട്ടും..
സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഈ പഴയ കെട്ടിടം മഴക്കാലം ആരംഭിക്കുന്നതിന് മുൻപ് ദുരന്ത നിവാരണ നിയമപ്രകാരം പൊളിച്ചു മാറ്റാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അഴീക്കോടുള്ള പൊതുപ്രവർത്തകൻ പി.ധർമ്മൻ കണ്ണൂർ താലൂക്ക് വികസന സമിതിക്ക് പരാതി നൽകിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നേരിട്ട് വികസന സമിതി യോഗത്തിൽ ഹാജരായി പഞ്ചായത്തിന്റെ ഉത്തരവാദിത്വത്തിൽ കെട്ടിടത്തിന്റെ അപകട ഭീഷണി ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് രേഖാമൂലം മറുപടി നൽകുകയും ചെയ്തിട്ടുണ്ട്.
മഴ കനക്കുന്തോറും ഇതിലൂടെ കടന്നു പോകുന്നവരുടെ ആശങ്ക ഇരട്ടിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ ജില്ലാ കളക്ടർ ഇടപെട്ട് പഴയ കെട്ടിടം ഉടൻ പൊളിച്ച് നീക്കണം.
പൊതുപ്രവർത്തകൻ പി.ധർമ്മൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |