SignIn
Kerala Kaumudi Online
Monday, 15 June 2026 2.54 AM IST

കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര. സ്വകാര്യ ബസുടമകൾ ആശങ്കയിൽ

kannur-bus-
ജില്ലയിലെ 800 സ്വകാര്യ ബസുടമകള്‍ ആശങ്കയില്‍

കണ്ണൂർ: സംസ്ഥാന സർക്കാർ കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കായി ഇന്ന് രാവിലെ ഒമ്പത് മുതൽ ആരംഭിക്കുന്ന സൗജന്യ യാത്രയിൽ സ്വകാര്യ ബസുടമകൾ കടുത്ത ആശങ്കയിൽ. ശക്തമായ പ്രതിഷേധവും അമർഷവുമാണ് ഇവർ പദ്ധതിക്കെതിരെ രേഖപ്പെടുത്തുന്നത്. അധികം വൈകാതെ സ്വകാര്യ ബസ് വ്യവസായ മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയേക്കും.

തിരക്കുള്ള സമയങ്ങളായ രാവിലെയും വൈകുന്നേരവും സർക്കാർ ജീവനക്കാരായ സ്ത്രീകളടക്കം കെ.എസ്.ആർ.ടി.സി ബസുകളെ ആശ്രയിച്ചാൽ സ്വകാര്യ ബസുടമകളുടെ വരുമാനത്തിൽ ഇടിവുണ്ടാക്കും. ജില്ലയിലെ സ്വകാര്യ ബസുകളിൽ പൊതുവെ സ്ത്രീ യാത്രക്കാരാണ് കൂടുതലെന്നാണ് വിലയിരുത്തൽ. കെ.എസ്.ആർ.ടി.സിക്ക് അധിക സാമ്പത്തിക ബാദ്ധ്യതയാണ് കണക്കാക്കുന്നതെങ്കിൽ സ്വകാര്യ ബസ് മേഖലയിൽ തൊഴിൽ നഷ്ടമാണ് ഉണ്ടാകാൻ സാദ്ധ്യതയെന്നാണ് ഈ മേഖലയിലുള്ളവർ വിലയിരുത്തുന്നത്.

വർദ്ധിച്ചുവരുന്ന ഇന്ധന ചിലവും സ്വകാര്യ ബസുടമകൾ നേരിടുന്ന പ്രതിസന്ധികളിലൊന്നാണ്. ഇന്ധന ചിലവിനായി സ്വകാര്യ ബസുടമകൾ ദിവസവും നീക്കിവയ്ക്കുന്നത് 8000 രൂപയോളമാണ്. 70 മുതൽ 80 ലിറ്ററോളം ഇന്ധനമാണ് ബസുകൾക്ക് വേണ്ടത്. ഇന്ധന വില അനിയന്ത്രിതമായി വർദ്ധിച്ചാൽ പ്രതിസന്ധി രൂക്ഷമാകും. തൊഴിലാളികൾക്ക് കൊടുക്കേണ്ടതാകട്ടെ ദിവസവും 3000 മുതൽ 4000 രൂപ വരെയാണ്. ഇതെല്ലാം കഴിച്ചാണ് ബസുടമകളുടെ ലാഭവും വരുമാനവും.


സ്വകാര്യ ബസുകൾ 800,

തൊഴിലാളികൾ 2400

ജില്ലയിൽ 800 സ്വകാര്യ ബസുകളിലായി 2400 തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെന്നാണ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ കണക്ക്. സ്വകാര്യ ബസുകളിൽ യാത്രക്കാരുടെ കുറവുണ്ടായാൽ മേഖലയിൽ തൊഴിൽ നഷ്ടവും സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിച്ചേക്കും. സർക്കാറിന്റെ നികുതി വരുമാനത്തിലും ഇടിവുണ്ടാകും. മൂന്ന് മാസം കൂടുമ്പോൾ സ്വകാര്യ ബസുടമകൾ 25000 മുതൽ 30000 വരെ റോഡ് ടാക്സ് അടക്കുന്നുണ്ട്. ഏകദേശം രണ്ടു കോടി രൂപയോളം ഓരോ മൂന്ന് മാസം കൂടുമ്പോഴും സർക്കാറിന് സ്വകാര്യ ബസ് മേഖലയിലൂടെ വരുമാനമായി ലഭിക്കുന്നുവെന്നാണ് കണക്ക്. സൗജന്യ യാത്ര പദ്ധതി സ്വകാര്യ ബസ് മേഖലയ്ക്ക് തിരിച്ചടി ഉണ്ടാക്കിയാൽ അത് സർക്കാറിനും തിരിച്ചടിയാകും.

കൃത്യമായ പഠനമില്ലാതെയാണ് സർക്കാർ സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കുന്നത്. രോഗികൾ, മുതിർന്ന പൗരന്മാർ തുടങ്ങിയവർക്ക് സൗജന്യ യാത്ര നടപ്പിലാക്കുന്നതിൽ തെറ്റില്ല. ഉയർന്ന ശമ്പളം വാങ്ങുന്ന സർക്കാർ ജീവനക്കാർ വരെ ഇതിന്റെ ആനുകൂല്യം നേടുമെന്നത് വിചിത്രമാണ്. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സർക്കാർ സംരക്ഷണമൊരുക്കും. സ്വകാര്യ മേഖലയെ ആര് സംരക്ഷിക്കും. നാളെ തൃശൂരിൽ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം ചേരും. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം സമരവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈകൊള്ളും.

രാജ്കുമാർ കരുവാരത്ത്, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, BUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL